മൂന്നടിച്ച് മൂന്നാം സ്ഥാനത്തേക്ക് ബ്ലാസ്റ്റേഴ്‌സ്; ജംഷഡ്പൂരിനെതിരെ തകർപ്പൻ ജയം

ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. അവസാനം കളിച്ച എട്ട് മത്സരങ്ങളിൽ ഏഴ് എണ്ണത്തില്‍ ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ പിരിഞ്ഞു.

Update: 2023-01-03 16:04 GMT
Editor : rishad | By : Web Desk

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയപരമ്പര തുടരുന്നു. സ്വന്തം ഗ്രൗണ്ടിൽ ജംഷഡ്പൂർ എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരളബ്ലാസ്റ്റേഴ്‌സ് തോൽപിച്ചത്. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. അവസാനം കളിച്ച എട്ട് മത്സരങ്ങളിൽ ഏഴ് എണ്ണത്തില്‍ ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ പിരിഞ്ഞു. ചെന്നൈയിന്‍ എഫ്.സിയുമായിട്ടായിരുന്നു സമനില. 

ബ്ലാസ്റ്റേഴ്‌സിനായി അപ്പോസ്തലസ് ജിയാനു, ദിമിത്രിയോസ് ഡയമന്റകോസ്, അഡ്രിയാൻ ലൂണ എന്നിവരാണ് ഗോളുകൾ നേടിയത്. ഡാനിയേൽ ചിമ ചൗകുവാണ് ജംഷഡ്പൂരിന്റെ ആശ്വാസ ഗോൾ നേടിയത്.

Advertising
Advertising

മികച്ച ഫോമിൽ നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സിന് എത്രയെണ്ണം കൊടുത്ത് ജയിക്കാനാവും എന്നായിരുന്നു മത്സരം തുടങ്ങുംമുമ്പെ ആരാധകർ കണക്ക് കൂട്ടിയിരുന്നത്. കാരണം ബ്ലാസ്റ്റേഴ്‌സ് മിന്നുംഫോമിലും എതിരാളികൾ തകർച്ചയിലും. പതിനൊന്ന് മത്സരങ്ങളിൽ നിന്ന് ഒന്നിൽ മാത്രമാണ് ജംഷഡ്പൂരിന് ജയിക്കാനായിരുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത് തന്നെ. കളി തുടങ്ങി ഒമ്പതാം മിനുറ്റിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ആദ്യ നിറയൊഴിച്ചു. അപ്പോസ്തലോസ് ജിയാനു ആയിരുന്നു ഗോൾ നേടിയത്.

ജിയാനുവിന്റെ ക്ലോസ് റേഞ്ചിൽ നിന്നുള്ള ഇടം കാൽ ഷോട്ട് ജാംഷഡ്പൂർ വലയിലെത്തുകയായിരുന്നു. 17ാം മിനുറ്റിൽ ചിമ ചൗകു ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചു കൊണ്ട് ഗോൾ നേടിയതോടെ മത്സരം സമനിലയിൽ. റീബൗണ്ടായി വന്ന പന്താണ് ചൗകു ഗോളിലേക്ക് തിരിച്ചുവിട്ടത്. എന്നാൽ 31ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി ഡയമന്റകോസ് ഗോളാക്കിയതോടെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും മുന്നിൽ. 65ാം മിനുറ്റിൽ ലൂണ കൂടി ഗോൾ നേടിയതോടെ ജംഷഡ്പൂർ പതനം പൂർത്തിയായി.

30 പോയിന്റുള്ള മുംബൈ സിറ്റി എഫ്.സിയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. 28 പോയിന്റുമായി ഹൈദരാബാദ് എഫ്.സി രണ്ടാം സ്ഥാനത്തും. മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് 25 പോയിന്റായി. ആദ്യ മത്സരം ജയിച്ച് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും തോറ്റു. തുടർന്നാണ് ടീമിന്റെ അപരാജിത കുതിപ്പ്. ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്.സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News