'ഇതൊരു അവസാന ശ്രമമാണ്, ഇന്ത്യൻ ഫുട്ബോളിനെ രക്ഷിക്കൂ'; ഫിഫയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഐഎസ്എൽ താരങ്ങൾ
ഡൽഹി: ഐഎസ്എൽ പ്രതിസന്ധി പരിഹരിക്കാൻ ഫിഫയുടെ ഇടപെടൽ അഭ്യർത്ഥിച്ച് താരങ്ങൾ. സാമൂഹ്യമാധ്യമങ്ങളിലൂടെ വിഡിയോ രൂപത്തിലാണ് ഐഎസ്എൽ താരങ്ങൾ അവരുടെ അപേക്ഷ നടത്തിയത്. ഇതൊരു അവസാന ശ്രമമാണ് അതുകൊണ്ടാണ് ഫിഫയുടെ ഇടപെടൽ ആവശ്യപ്പെടുന്നത് എന്നും താരങ്ങൾ വിഡിയോ സന്ദേശത്തിൽ പറയുന്നു.
ദേശിയ ടീം നായകൻ ഗുർപ്രീത് സിങ് സന്ധു, സന്ദേശ് ജിങ്കൻ, സുനിൽ ഛേത്രി, ലാലിയൻസുവാല ചാങ്‌തെ, അമരീന്ദർ സിങ് തുടങ്ങിയ ഇന്ത്യൻ താരങ്ങൾ ഈ വീഡിയോയിലുണ്ട്. വിദേശ താരങ്ങളായ ഹ്യുഗോ ബൗമോ, കാർലോസ് ഡെൽഗാഡോ തുടങ്ങിയവരും വിഡിയോയിൽ സന്നിഹിതരാണ്. ഈ സമയത്ത് നിങ്ങൾ ഞങ്ങളെ സ്‌ക്രീനിൽ ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുന്നത് കാണേണ്ടതാണ് പക്ഷെ ഞങ്ങൾക്കിപ്പോൾ വലിയ പേടിയിലും നിരാശയിലുമാണ്. എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്.
ഇതൊരു രാഷ്ട്രീയ പ്രശ്നമല്ലെന്നും ഗുരുതരമായ പ്രതിസന്ധിയാണെന്നും, കളിക്കാരെയും ജീവനക്കാരെയും ആരാധകരെയും സംരക്ഷിക്കാനും ഇന്ത്യൻ ഫുട്ബാളിന്റെ ഭവിക്കായും അടിയന്തര സഹായം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഡിസംബറിൽ എ ഐഎഫ്എഫും ഐഎസ്എൽ നടത്തിപ്പുകാരായ എഫ്എസ്ഡിഎലും തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് അവസാനിച്ചതോടെ ലീഗിന്റെ കാര്യം അവതാളത്തിലായത്. പുതിയ സീസൺ തുടങ്ങാനോ, പഴയ രീതിയിൽ മുന്നോട്ട് പോകാനോ അവസരമില്ലാത്ത അവസ്ഥയിലാണ് എഐഎഫ്എഫ്.
2026-27 സീസൺ മുതൽ ലീഗ് മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രൊപ്പോസലുമായി എഐഎഫ്എഫ് ക്ലബ്ബുകൾ സമീപിച്ചിരുന്നു. അതെ കുറിച്ച് ക്ലബ്ബുകൾ ഔദ്യോഗികമായ പ്രതികരണമൊന്നും പുറത്ത് വിട്ടിട്ടില്ല. എന്നാൽ രണ്ട് പൂളുകളാക്കി തിരിച്ച് കൊൽക്കത്തയിലും ഗോവയിലുമായി 2025-2026 ലീഗ് ആരംഭിക്കാമെന്ന് അനൗദ്യോഗിക പ്രൊപ്പോസലുകൾ പുറത്ത് വന്നിരുന്നു. അതിനെതിരെയും അനുകൂലമായും ക്ലബ്ബുകൾ പ്രതികരിച്ചു. എന്നാൽ എന്ന് ലീഗ് തുടങ്ങുമെന്നും ഇന്ത്യൻ ഫുട്ബോളിലെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കുമെന്നതിനെ കുറിച്ചും ഒരു വിവരും പുറത്ത് വന്നിട്ടില്ല.