വേണം ഒരു തിരിച്ചുവരവ്: ഗോവയെ തോൽപിച്ച് 'തുടക്കമിടാൻ' ബ്ലാസ്റ്റേഴ്‌സ്‌

സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ഗോവയെ 3-1ന് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചിരുന്നു.

Update: 2023-01-22 09:51 GMT
Editor : rishad | By : Web Desk

കേരള ബ്ലാസ്റ്റേഴ്സ്

Advertising

മഡ്ഗാവ്: ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ്.സി ഗോവയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് മുംബൈയോട് നാല് ഗോളിന് തോറ്റിരുന്നു. ഇതിൽ നിന്നുള്ള തിരിച്ചുവരവാണ് ടീം ലക്ഷ്യമിടുന്നത്. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ഗോവയെ 3-1ന് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചിരുന്നു.

13 മത്സരങ്ങളിൽ 25 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരളാ ടീം. 14 മത്സരങ്ങളിൽ 20 പോയിന്റുള്ള ഗോവ ആറാം സ്ഥാനത്തും. ഗോവയിലെ ഫത്തോർഡ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. 

തുടർവിജയങ്ങളുമായി മുന്നേറിയ കേരള ബ്ലാസ്റ്റേഴ്‌സിന് അവസാന മത്സരത്തിൽ മുംബൈ സിറ്റി കനത്ത പ്രഹരം നല്‍കിയിരുന്നു. ബ്ലാസ്റ്റേഴ്‌സിന്‍റെ വലയിൽ മുംബൈ പന്തെത്തിച്ചത് നാല് തവണ. ഈ തിരിച്ചടിയിൽ നിന്ന് കരകയറാനും പിഴവുകൾ തിരുത്താനുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എതിരാളികളുടെ തട്ടകത്തില്‍ ഇന്ന് ഇറങ്ങുന്നത്. പതിമൂന്ന് ദിവസത്തെ വിശ്രമത്തിനും പരിശീലനത്തിനും ശേഷം കളിത്തട്ടിൽ തിരിച്ചെത്തുമ്പോൾ താരങ്ങളെല്ലാം ക്ഷീണം മറന്നുകഴിഞ്ഞു. 

കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഫറ്റോര്‍ഡ സ്റ്റേഡിയം ആശ്വാസത്തിന് വക നല്‍കുന്നില്ല. ഇവിടുത്തെ തോല്‍വിക്കണക്കുകള്‍ ബ്ലാസ്റ്റേഴ്സ് പേടിയോടെയാണ് നോക്കുന്നത്.  എട്ട് തവണയാണ് ബ്ലാസ്റ്റേഴ്സ് ഇവിടെ ബൂട്ടുകെട്ടിയത്. ഇതില്‍ ആറെണ്ണത്തിലും തോറ്റു. ഫൈനലിന്റെ നീറുന്നൊരു ഓര്‍മയും ബ്ലാസ്റ്റേഴ്സിനുണ്ട്. കഴിഞ്ഞ ഐഎസ്എൽ ഫൈനലിൽ ഹൈദരാബാദിനോടായിരുന്നു തോല്‍വി.  

4 മഞ്ഞക്കാർഡുകൾ കണ്ട കെ.പി രാഹുലിന് ഇന്നു കളിക്കാനാവില്ല. പ്രതിരോധത്തിൽ മാർക്കോ ലെസ്കോവിച്ചിന്റെ പരുക്കും ബ്ലാസ്റ്റേഴ്സിനെ ആശങ്കപ്പെടുത്തുന്നു.  കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ലെസ്കോ ഇന്നും ഉണ്ടാകില്ലെന്ന സൂചനയും പരിശീലകന്‍ വുകമനോവിച്ച് നല്‍കിക്കഴിഞ്ഞു. അതേസമയം എഫ്.സി ഗോവയുടെ കാര്യവും പരുങ്ങലിലാണ്.  അവസാനം കളിച്ച നാലെണ്ണത്തിൽ ഒരെണ്ണത്തിൽപോലും ഗോവക്ക് ജയിക്കാനായില്ല. രണ്ട് കളികൾ സമനിലയിൽ അവസാനിച്ചപ്പോൾ രണ്ടെണ്ണത്തിൽ തോറ്റു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News