സോറി, ഏഴാം നമ്പർ ജഴ്‌സി തിരിച്ചുവാങ്ങാം, പുലിവാലു പിടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

യുണൈറ്റഡ് ഡയറക്ടിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് മെഗാസ്‌റ്റോറിൽ നിന്നും വാങ്ങിയ ഏഴാം നമ്പർ ജഴ്‌സി കിറ്റുകൾ മാറ്റി നൽകാമെന്ന് ക്ലബ്

Update: 2022-08-29 11:53 GMT
Editor : abs | By : Web Desk

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണോൾഡോയുടെ വരവോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏഴാം നമ്പറിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് നിറയെ. യുറഗ്വായ് താരം എഡിൻസൻ കവാനി അണിഞ്ഞിരുന്ന നമ്പർ ഏഴ് ക്രിസ്റ്റ്യാനോയ്ക്ക് കിട്ടുമോ എന്നതായിരുന്നു ആരാധകരുടെ ആദ്യത്തെ ഉത്കണ്ഠ. പ്രീമിയർ ലീഗ് ബോർഡിന് മുമ്പിൽ പ്രത്യേക അപേക്ഷ നൽകി ക്ലബ് അധികൃതർ അതിനൊരു തീരുമാനം കൈക്കൊണ്ടു. ദേശീയ ടീമില്‍ അണിയുന്ന 21-ാം നമ്പറാണ് കവാനിക്ക് കിട്ടുക.

വിഷയം തീർന്നെന്ന് കരുതിയിരിക്കുമ്പോഴാണ് മറ്റൊരു പൊല്ലാപ്പ് യുണൈറ്റഡിനെ തേടിയെത്തിയത്. ഏഴാം നമ്പർ കിറ്റ് വാങ്ങിച്ച ആരാധകർ അതു തിരിച്ചുവാങ്ങണമെന്ന ആവശ്യവുമായി രംഗത്തെത്തി. ആവശ്യം ശക്തമായതോടെ, യുണൈറ്റഡ് ഡയറക്ടിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് മെഗാസ്‌റ്റോറിൽ നിന്നും വാങ്ങിയ ഏഴാം നമ്പർ ജഴ്‌സി കിറ്റുകൾ മാറ്റി നൽകാമെന്ന് അറിയിച്ചിരിക്കുകയാണിപ്പോൾ ക്ലബ്. ഒരു ഉപാധി മാത്രം- ജഴ്‌സി വാങ്ങിയതിന് തെളിവുണ്ടായിരിക്കണം. കവാനിക്ക് അനുവദിച്ച 21 -ാം നമ്പര്‍ ജഴ്സിയാകും പകരം നല്‍കുക. 

Advertising
Advertising



പരിഹാരം ഇങ്ങനെ

ക്രിസ്റ്റ്യാനോക്ക് ഏഴാം നമ്പർ ജഴ്‌സി നൽകാൻ യുണൈറ്റഡിന് മുമ്പിൽ പ്രീമിയർ ലീഗ് നിയമങ്ങൾ തടസ്സമായിരുന്നു. അനുവദിക്കുന്ന നമ്പറിൽ മാത്രമേ ഒരു സീസണിൽ താരങ്ങൾ കളത്തിലിറങ്ങാവൂ എന്നാണ് പ്രീമിയർ ലീഗ് ചട്ടം. എന്നാൽ ഏഴാം നമ്പർ വിട്ടു നൽകാൻ തയ്യാറാണ് എന്ന് കവാനി ക്ലബ് അധികൃതരെ അറിയിച്ചു. റോണോയ്ക്ക് ഏഴാം നമ്പർ നൽകുന്നതിനായി യുണൈറ്റഡ് പ്രീമിയർ ലീഗ് അതോറിറ്റിക്ക് മുമ്പിൽ പ്രത്യേക അപേക്ഷ നൽകുകയും ചെയ്തു. അപേക്ഷ അംഗീകരിക്കപ്പെട്ടതോടെ നമ്പർ ക്ലബ് റോണോയുടെ സ്വന്തമാകുകയായിരുന്നു. 

അതേസമയം, ഏഴാം നമ്പറിൽ മാത്രമല്ല ക്രിസ്റ്റ്യാനോ കളത്തിലിറങ്ങിയിട്ടുള്ളത്. 2002-03ലെ ആദ്യ സീസണിൽ സ്‌പോട്ടിങ് ക്ലബിനു വേണ്ടി 28-ാം നമ്പർ ജഴ്‌സിയാണ് താരം ധരിച്ചിരുന്നത്. എന്നാൽ 2003-04 സീസണിൽ ഏഴാം നമ്പർ ലഭിച്ച ശേഷം യുണൈറ്റഡിൽ മറ്റൊരു ജഴ്‌സി ക്രിസ്റ്റ്യാനോ ധരിച്ചിട്ടില്ല. പ്രീമിയർ ലീഗിൽ നിന്ന് റയൽ മാഡ്രിഡിൽ എത്തിയ ആദ്യ വർഷം ഒമ്പതാം നമ്പർ ജഴ്‌സിയാണ് താരം ധരിച്ചിരുന്നത്. റൗൾ ഗോൺസാലസായിരുന്നു ഏഴാം നമ്പർ താരം.

കളി മാത്രമല്ല, സിആർ7 എന്ന പേരിൽ ഒരു കച്ചവടവും പൊടി പൊടിക്കുന്നുണ്ട് ക്രിസ്റ്റ്യാനോയുടേതായി. ആൺ വസ്ത്രങ്ങളും പെർഫ്യൂമുകളുമാണ് പ്രധാന വിൽപ്പന. അന്താരാഷ്ട്ര കായിക ബ്രാൻഡായ നൈക്കി, റൊണോൾഡോയുടെ പേരിൽ സിആർ സെവൻ എന്ന പേരിൽ പ്രത്യേക ബൂട്ട് സീരീസും പുറത്തിറക്കിയിട്ടുണ്ട്. ഈ ഭൂമുഖത്തെ ഏറ്റവും വലിയ ഇൻഫ്‌ളുവൻസേഴ്‌സിൽ ഒരാളായ റോണോയുമായി ആജീവനാന്ത കരാറാണ് നൈക്കിക്കുള്ളത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News