ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തിരിച്ചടി;സ്വിറ്റ്‌സർലാൻഡ് കായിക കോടതിയിൽ നൽകിയ അപ്പീൽ തള്ളി, പിഴ രണ്ടാഴ്ചക്കകം നൽകണം

കഴിഞ്ഞ ജൂണിൽ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനും അപ്പീൽ തള്ളിയിരുന്നു.

Update: 2024-03-13 06:00 GMT
Editor : Sharafudheen TK | By : Web Desk

 കൊച്ചി: കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരായ ഐഎസ്എൽ പ്ലേഓഫ് മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ടതിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തിരിച്ചടി. നാല് കോടി രൂപ പിഴ വിധിച്ചതിനെതിരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ അപ്പീൽ സ്വിറ്റ്‌സർലാൻഡിലെ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട് തള്ളി. ക്ലബ്ബിനെതിരെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ച ശിക്ഷ ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് മഞ്ഞപ്പട സിഎഎസിനെ സമീപിച്ചിരുന്നത്. എന്നാൽ ഈ അപ്പീൽ തള്ളുകയായിരുന്നു. മാത്രമല്ല അപ്പീൽ നൽകാനായി ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന് ചെലവായ തുക ബ്ലാസ്റ്റേഴ്‌സ് നൽകണമെന്നും ഉത്തരവിലുണ്ട്. ഇതോടെ സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിട്ടിരിക്കുകയാണ് കേരള ക്ലബ്.

Advertising
Advertising

 കഴിഞ്ഞ ജൂണിൽ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനും ബ്ലാസ്റ്റേഴ്‌സിന്റെ അപ്പീൽ തള്ളിയിരുന്നു. നാലു കോടി പിഴത്തുകയിൽ കുറവ് വരുത്തണമെന്ന ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ഫെഡറേഷന്റെ അപ്പീൽ കമ്മിറ്റി വ്യക്തമാക്കിയത്. കോച്ച് ഇവാൻ വുകൊമനോവിച്ചിന്റെ അപ്പീലും ഫെഡറേഷൻ അംഗീകരിച്ചിരുന്നില്ല. സംഭവത്തിൽ ബ്ലാസ്റ്റേഴ്‌സും വുകമനോവിച്ചും മാപ്പു പറഞ്ഞിരുന്നെങ്കിലും ഇതൊന്നും പിഴയടയ്ക്കൽ നടപടിയിൽ നിന്ന് രക്ഷ നേടാൻ സഹായിച്ചില്ല.  കളിക്കളത്തിൽനിന്ന് താരങ്ങളെ തിരികെ വിളിച്ച ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്കും 5 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ വിധിച്ചത്. ടീമിന്റെ ഡ്രസിങ് റൂമിൽ വരെ പ്രവേശന വിലക്ക് ബാധകമായിരുന്നു.

2023 മാർച്ച് 3ന് ബെംഗളൂരൂ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ പ്ലേ ഓഫ് മത്സരത്തിലായിരുന്നു നാടകീയ സംഭവങ്ങൾ. സുനിൽ ഛേത്രി ബെംഗളൂരുവിനായി ഫ്രീകിക്കിൽ നിന്ന് ഗോൾ നേടിയതിനു പിന്നാലെ, റഫറി ഈ ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് വുകൊമനോവിച്ച് താരങ്ങളെ തിരികെ വിളിക്കുകയായിരുന്നു.  പ്ലേ ഓഫ് മത്സരത്തിന്റെ എക്സ്ട്രാടൈമിന്റെ ആറാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ബോക്‌സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റൻ സുനിൽ ഛേത്രി തിടുക്കത്തിൽ എടുക്കുകയായിരുന്നു. ഇത് ഗോളല്ല എന്ന് വാദിച്ച് റഫറി ക്രിസ്റ്റൽ ജോണുമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തർക്കിച്ചെങ്കിലും ഉറച്ചുനിൽക്കുകയായിരുന്നു. ഇതോടെയാണ് കോച്ച് താരങ്ങളെ തിരിച്ചുവിളിച്ചത്. മത്സരം പൂർത്തിയാക്കാതെ ബ്ലാസ്റ്റേഴ്‌സ് ടീം കളംവിട്ടപ്പോൾ 1-0ന് കളി ജയിച്ച് ബെംഗളൂരു എഫ്‌സി സെമിയിൽ എത്തുകയും ചെയ്തു. 2023 മാർച്ച് 31നാണ് ബ്ലാസ്റ്റേഴ്സിനും കോച്ചിനും അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ പിഴ ചുമത്തിയത്.

ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പൂർത്തിയാവാൻ 15 മിനിറ്റ് ശേഷിക്കേ എന്തിനാണ് താരങ്ങളേയും കൂട്ടി കളിക്കളം വിട്ടതെന്ന എഐഎഫ്എഫ് അച്ചടക്ക സമിതിയുടെ നോട്ടീസിന് ഇവാൻ മറുപടി നൽകിയിരുന്നു. കഴിഞ്ഞ സീസണിലുൾപ്പടെയുണ്ടായ വിവാദ റഫറി തീരുമാനങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക് എന്നായിരുന്നു വിശദീകരണം. ബെംഗളൂരു എഫ്സിക്ക് എതിരായ പ്ലേ ഓഫ് മത്സരം വീണ്ടും കളിക്കണമെന്ന ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം നേരത്തെ ഫെഡറേഷൻ തള്ളിയിരുന്നു.  ഇതിനു മുമ്പ് ഇന്ത്യൻ ഫുട്‌ബോളിൽ ഒരിക്കൽമാത്രമാണ് ഇത്തരമൊരു സംഭവമുണ്ടായത്. 2012 ഡിസംബർ 9ന് കൊൽക്കത്തയിൽ നടന്ന ഈസ്റ്റ് ബംഗാൾ മോഹൻ ബഗാൻ ഡർബിയിലായിരുന്നു ഇത്. അന്ന് മോഹൻ ബഗാനായിരുന്നു കളം വിട്ടത്. ഇതിൽ ബഗാന്റെ 12 പോയിന്റ് വെട്ടിക്കുറക്കുകയും 2 കോടി രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News