അത് ഓഫ്‌സൈഡോ; ബ്ലാസ്റ്റേഴ്‌സിനെതിരെ എടികെ നേടിയ ആദ്യഗോളിനെ ചൊല്ലി വിവാദം

കളിയിൽ ടീമിന് ലഭിക്കേണ്ട ഒരു പെനാൽറ്റി റഫറി അനുവദിക്കാത്തതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി

Update: 2021-11-20 10:43 GMT

പനാജി: ഐഎസ്എൽ എട്ടാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ എടികെ മോഹൻ ബഗാൻ നേടിയ ആദ്യഗോൾ ഓഫ് സൈഡെന്ന് വിമർശം. ഗോൾകീപ്പർ ആൽബിനോ ഗോമസിന്റെ കാഴ്ച മറച്ചാണ് എടികെ രണ്ടാം മിനിറ്റിൽ തന്നെ ഗോൾ സ്‌കോർ ചെയ്തതെന്ന് ആരാധകര്‍ പറയുന്നു. മുംബൈ സിറ്റി എഫ്‌സിയിൽ നിന്ന് ഈ സീസണിൽ പൊന്നുംവില കൊടുത്ത് എടികെ സ്വന്തമാക്കിയ സൂപ്പർ താരം ഹ്യൂഗോ ബൗമസായിരുന്നു സ്‌കോറർ.

ലിസ്റ്റൺ കൊളോസോ ഷോർട്ട് കോർണറായി എടുത്ത പന്ത് ബോക്‌സിന് പുറത്തുവച്ച് ബൗമസ് സ്വീകരിക്കുമ്പോൾ അഞ്ച് എടികെ താരങ്ങളായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ബോക്‌സിനകത്തുണ്ടായിരുന്നത്. വലതുമൂലയിൽ നിന്ന് ബൗമസ് പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ടെടുക്കുമ്പോൾ ഗോൾകീപ്പർ ആൽബിനോയുടെ കാഴ്ച മറച്ച് എടികെ സ്‌ട്രൈക്കർ റോയ് കൃഷ്ണ നിൽപ്പുണ്ടായിരുന്നു. അതിനിടെയാണ് കൃഷ്ണയെ ലക്ഷ്യമാക്കി വന്നെന്ന് തോന്നിച്ച പന്ത്, ഫിജിയൻ സ്‌ട്രൈക്കറുടെ തലയിൽ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ വലയിൽ കയറിയത്. 

Advertising
Advertising
ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസിന്‍റെ കാഴ്ച മറച്ചു നില്‍ക്കുന്ന എടികെ സ്ട്രൈക്കര്‍ റോയ് കൃഷ്ണ


ഫിഫ ഓഫ് സൈഡ് റൂളിന്റെ, നിയമം 11ൽ ഇക്കാര്യത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 'എതിരാളിയുടെ കാഴ്ചാരേഖ തടസ്സപ്പെടുത്തി കളിയിൽ നിന്നോ കളിക്കാനുള്ള ശേഷിയിൽ നിന്നോ എതിരാളിയെ തടയുന്നത്' ഓഫ്‌സൈഡ് ഒഫൻസ് എന്നാണ് നിയമം വിശദീകരിക്കുന്നത്.

ബ്ലാസ്‌റ്റേഴ്‌സ് മുൻ താരവും കോച്ചിങ് സ്റ്റാഫ് അംഗവുമായ ഇഷ്ഫാഖ് അഹമ്മദ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലും ഇക്കാര്യം ചൂണ്ടിക്കാട്ടി. സ്‌ക്രീൻ ഷോട്ടുകൾ സഹിതമായിരുന്നു ഇഷ്ഫാഖിന്റെ കുറിപ്പ്. ഇതിന് പിന്നാലെ നിരവധി ആരാധകരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ കുറിപ്പിട്ടത്. കളിയുടെ തുടക്കത്തിൽ വീണ ഗോൾ കളിയിൽ കേരള ടീമിന്റെ താളം തെറ്റിച്ചെന്നും അവർ പറയുന്നു. 

നിയമം പറയുന്നത് 


കളിയിൽ ടീമിന് ലഭിക്കേണ്ട ഒരു പെനാൽറ്റി റഫറി അനുവദിക്കാത്തതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. ഫിന്നിഷ് മിഡ്ഫീൽഡർ ജോണി കൗകോയുടെ കൈയിൽ തട്ടിയ പന്തിനാണ് റഫറി പെനാൽറ്റി വിധിക്കാതിരുന്നത്. തലയ്ക്ക് മുകളിൽ, വായുവിൽ ഉയർന്നു നിൽക്കുന്ന കൈയിലാണ് പന്തു തട്ടിയത്. പെനാല്‍റ്റിക്കായി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ അപ്പീല്‍ ചെയ്തെങ്കിലും റഫറി താത്പര്യം കാണിച്ചില്ല. അതേസമയം, മറുവശത്ത് എടികെക്ക് മത്സരത്തിൽ ഒരു പെനാൽറ്റി ലഭിക്കുകയും ചെയ്തു. ബോക്‌സിനുള്ളിൽ റോയ് കൃഷ്ണയെ ആൽബിനോ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. ഇതിന് ബ്ലാസ്‌റ്റേഴ്‌സ് കീപ്പർക്ക് മഞ്ഞക്കാർഡും കിട്ടി. എടികെ ഒരു ഗോള്‍ ലീഡ് ഉയര്‍ത്തുകയും ചെയ്തു. 

എടികെ ബോക്സില്‍ വച്ച് ജോണി കൌകോയുടെ കൈയില്‍ തട്ടുന്ന പന്ത്

അതേസമയം, ആദ്യ ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനം ശരിയാണ് എന്നും റോയ് കൃഷ്ണ മനഃപൂർവ്വം ഗോളിയുടെ കാഴ്ച മറച്ചിട്ടില്ലെന്നും മറുവാദമുണ്ട്. കൗകോയുടെ കൈയിൽ യാദൃച്ഛികമായാണ് പന്ത് തട്ടിയതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഹ്യൂഗോ ബൗമസ് നേടിയ ഇരട്ടഗോളുകളുടെ ബലത്തിൽ നാലിനെതിരെ രണ്ടു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിനെ എടികെ കീഴ്‌പ്പെടുത്തിയത്. 2,39 മിനിറ്റുകളിലായിരുന്നു ബൗമസിന്റെ ഗോൾ. 27-ാം മിനിറ്റിൽ റോയ് കൃഷ്ണ പെനാൽറ്റിയിലൂടെയും അമ്പതാം മിനിറ്റിൽ ലിസ്റ്റൺ കൊളാസോയുമാണ് മറ്റു ഗോളുകൾ നേടിയത്. 24-ാം മിനിറ്റിൽ മലയാളി താരം സഹൽ അബ്ദുൽ സമദും 69-ാം മിനിറ്റിൽ ജോർജ് പെരേര ഡയസുമാണ് കേരളത്തിനായി ഗോൾ കണ്ടെത്തിയത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - അഭിമന്യു എം

contributor

Similar News