ക്രിസ്മസ് രാവിൽ ആരാധകരെ തൃപ്തരാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമന്റോകോസ്, ക്വാമേ പെപ്ര എന്നിവരാണ് ഗോൾ നേടിയത്

Update: 2023-12-25 01:28 GMT
Editor : rishad | By : Web Desk

കൊച്ചി: ക്രിസ്മസ് രാവിൽ ആരാധകരെ തൃപ്തരാക്കി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മുംബൈ സിറ്റിയെ ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്.

ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമന്റോകോസ്, ക്വാമേ പെപ്ര എന്നിവരാണ് ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സ് ആരാധകരാൽ നിറഞ്ഞ കൊച്ചി സ്റ്റേഡിയത്തിൽ മുംബൈ ടച്ചോടെയാണ് മത്സരം ആരംഭിച്ചത്.

അഡ്രിയാന്‍ ലൂണ അടക്കമുള്ള പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തം തട്ടകത്തില്‍ ഇറങ്ങിയത്. ആദ്യ പകുതിയിലുടനീളം മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. പതിനൊന്നാം മിനുറ്റില്‍ നീക്കം ഫലം കണ്ടു.

Advertising
Advertising

ഇടതുവിങ്ങിലൂടെ ക്വാമെ പെപ്ര നടത്തിയ മുന്നേറ്റമാണ് ഗോളിലെത്തിയത്. പെപ്രയുടെ നീക്കങ്ങള്‍ മനസിലാക്കി ദിമിത്രിയോസ്  സമാന്തരമായി നീങ്ങിയതോടെ കേരളം കാത്തിരുന്ന ആദ്യ ഗോള്‍. പെപ്രെ മറിച്ച് നല്‍കിയ പാസില്‍  മനോഹരമായ ഫസ്റ്റ് ടച്ചിലൂടെ ദിമിത്രിയോസ് ഡയമന്റകോസ് ലക്ഷ്യം കണ്ടു. സീസണില്‍ താരം നേടുന്ന ആറാം ഗോളാണിത്.

ഗോള്‍ വഴങ്ങിയതിന് പിന്നാലെ മുംബൈ ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. ആദ്യ പകുതിയുടെ അധിക സമയത്ത് ദിമിത്രിയോസിന്റെ അസിസ്റ്റില്‍ നിന്ന് പെപ്രയാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോള്‍ നേടിയത്. രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടായി. ക്വാമെ പെപ്ര പലപ്പോഴും മുംബൈ ഗോള്‍മുഖത്ത് അപകടം സൃഷ്ടിച്ചു. ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള മുംബൈയുടെ പരിശ്രമങ്ങള്‍ക്ക് ലെസ്‌കോവിച്ചും മിലോസ് ഡ്രിന്‍സിച്ചും അടങ്ങിയ ഡിഫന്‍സിനെ മറികടക്കാനായില്ല.   

ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. പതിനൊന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും രണ്ട് തോൽവിയും രണ്ട് സമനിലയും ഉൾപ്പെടെ 23 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. ഈ മാസം 27ന് മോഹൻ ബഗാനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News