'നിങ്ങൾ യുണൈറ്റഡിന്റെയും ബാഴ്‌സലോണയുടെയും പിഎസ്ജിയുടെയും ടീം ബസ് കണ്ടിട്ടുണ്ടോ?'

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ടീം ബസ്സിന്‍റെ നിറം മഞ്ഞയില്‍നിന്ന് വെള്ളയാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് നിര്‍ദേശം

Update: 2022-10-16 12:53 GMT
Advertising

കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾ സഞ്ചരിക്കുന്ന ടീം ബസ്സിന് വെള്ള കളർ കോഡ് ബാധകമാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന മോട്ടോർ വാഹനവകുപ്പ്. ടീമിന്റെ ഔദ്യോഗിക നിറമായ മഞ്ഞയിൽ മനോഹരമാക്കിയ ബസ് അടുത്ത ദിവസം മുതൽ വെള്ള നിറത്തിലേക്ക് മാറും. മഞ്ഞനിറം തുടരാൻ അനുവദിക്കണമെന്ന ബസ് ഉടമസ്ഥരുടെ ആവശ്യം മോട്ടോർ വാഹനവകുപ്പ് നിരസിച്ചിട്ടുണ്ട്.

2022 ജൂൺ മുതലാണ് സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സുകൾക്ക് ഏകീകൃത നിറം (വെള്ള) ഏർപ്പെടുത്തിയത്. വടക്കഞ്ചേരിയിൽ ഈയിടെ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി വാഹനത്തിൽ ഇടിച്ച് വിദ്യാർത്ഥികൾ മരിച്ച അപകടത്തിന് പിന്നാലെയാണ് നിയമം കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചത്. ഇതോടെ പല നിറങ്ങളിൽ കുളിച്ചാടിയ ടൂറിസ്റ്റ് ബസ്സുകൾ ഒറ്റനിറത്തിലേക്ക് മാറാൻ നിർബന്ധിതമായി. സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റ് ബസ്സുകളും ഉടൻ പരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ ചുവടുപിടിച്ച് പരിശോധനയും ശക്തമായി തുടരുന്നു. 

വെള്ളയടിച്ചാൽ തീരുമോ പ്രശ്‌നം?

മോട്ടോർ വാഹനവകുപ്പിന്റെ നിറംമാറ്റ നയത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും നിരവധിയാണ്. അപകടങ്ങൾ കുറയ്ക്കാനുള്ള വഴിയാണ് നിറംമാറ്റം എന്ന് അനുകൂലിക്കുന്നവർ പറയുമ്പോൾ എന്ത് ശാസ്ത്രീയ അടിത്തറയാണ് ഈ വാദത്തിനുള്ളത് എന്ന് പ്രതികൂലിക്കുന്നവർ ചോദിക്കുന്നു.

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ ദുരന്ത അപകട സാധ്യതാ ലഘൂകരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടി ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. ബസ്സിന്റെ നിറവും അപകടവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്ന് ഒരു പഠനവും തെളിയിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനത്തെ കളക്ടീവ് പണിഷ്‌മെന്റ് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. 

 

'ഒരു വർഷത്തിൽ നാല്പതിനായിരത്തോളം റോഡപകടങ്ങൾ ആണ് കേരളത്തിൽ നടക്കുന്നത്. അതിൽ നാലായിത്തോളം ആളുകൾ മരിക്കുന്നു. കേരളത്തിൽ ജീവിക്കുന്ന ഒരാൾ റോഡപകടത്തിൽ മരിക്കാനുള്ള സാധ്യത ഒരു ലക്ഷത്തിൽ പത്തിനും മുകളിലാണ്. ഇത് റോഡ് സുരക്ഷ നന്നായി നടപ്പിലാക്കുന്ന രാജ്യങ്ങളിലേതിലും ഇരട്ടിയാണ്. അതായത് ഇന്നു ലഭ്യമായ സാങ്കേതിക വിദ്യയും നല്ല ഡ്രൈവിംഗ് സംസ്‌കാരവും ഉണ്ടെങ്കിൽ മരണ നിരക്ക് ഇന്നത്തേതിൽ പകുതിയാക്കാം. അതായത് ഓരോ വർഷവും രണ്ടായിരം ആളുകളുടെ ജീവൻ രക്ഷിക്കാം. ഒരു സർക്കാരിന്റെ കാലത്ത് പതിനായിരം ജീവൻ! രണ്ടായിരത്തി പതിനെട്ടിലെ മഹാപ്രളയത്തിൽ പോയത് അഞ്ഞൂറിൽ താഴെ ജീവനാണ്. അതിന്റെ നാലിരട്ടി ഓരോ വർഷവും രക്ഷിക്കാനാവുമെന്ന്!' - തുമ്മാരുകുടി എഴുതുന്നു.

കോവിഡിന് ശേഷം അതിജീവിച്ചു വരുന്ന ടൂറിസം വ്യവസായത്തെ തകർക്കുന്ന തീരുമാനമാണ് നിലവിലേതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. 'ബസിന്റെ കളറും അപകടവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്ന് ഒരു പഠനവും തെളിയിച്ചിട്ടില്ല.ഒരു ബസിന് അപകടം ഉണ്ടാകുമ്പോൾ എല്ലാ ബസും കളറുമാറ്റി റോഡിൽ ഇറങ്ങിയാൽ മതിയെന്ന് പറയുന്നത് കളക്ടീവ് പണിഷ്‌മെൻറ് ആണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ വെളിച്ചത്തിൽ ആർക്കും കുതിരകയറാൻ വിധിക്കപ്പെട്ടവരാണ് ടൂറിസ്റ്റ് ബസുകളും ലോങ്ങ് ഡിസ്റ്റൻസ് സ്വകാര്യ ബസുകളും കോവിഡ് കാലത്ത് നടുവൊടിഞ്ഞു പോയ വ്യവസായമാണ് ടൂറിസം. അതിന്റെ ജീവനാഡിയാണ് ടൂറിസ്റ്റ് ബസുകൾ. അതിന് ജീവൻ വച്ചു വരുന്ന കാലത്ത് അവരെ വീണ്ടും ബുദ്ധിമുട്ടിക്കരുത്.'

'ലോകത്തെവിടെയും ഇല്ലാത്ത രീതികൾ'

ബ്ലാസ്‌റ്റേഴ്‌സ് ബസിന്റെ നിറം മാറുന്നതുമായി ബന്ധപ്പെട്ട വാർത്തകൾക്കു താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ലോകത്തെവിടെയുമില്ലാത്ത രീതികളാണ് ഇപ്പോൾ കേരളത്തിലേതെന്ന് ആരാധകർ കുറ്റപ്പെടുത്തുന്നു. തലവേദന മാറാൻ തലവെട്ടിക്കളയാൻ പറയുന്ന പോലുള്ള നിയമങ്ങളാണ് ഇതെന്ന് ചിലർ കുറ്റപ്പെടുത്തി.

'മഞ്ഞ ജഴ്‌സി ഇടുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ', 'എല്ലാം പൂട്ടിക്കണം, ഒന്നും ബാക്കിവയ്ക്കരുത്', 'വെള്ളയടിച്ചാൽ അപകടം കുറയുമെന്ന് വിലയിരുത്തിയ ആ മഹാനിരിക്കട്ടെ ഒരു ലൈക്ക്', 'സ്വബോധമില്ലാതെ വാഹനമോടിക്കുന്ന ഡ്രൈവർമാരെ ഏതു പെയ്ന്റടിക്കും'... എന്നിങ്ങനെ പോകുന്നു കമന്റുകൾ.

നിങ്ങളിതു കണ്ടിട്ടുണ്ടോ?

വിഖ്യാത ആഗോള സോക്കര്‍ ക്ലബുകളുടെ ടീം ബസ് ചിത്രങ്ങള്‍ പങ്കുവച്ചാണ് ആരാധകർ മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്നത്. ലോകത്തെ എല്ലാ ക്ലബുകളും താരങ്ങളെ കൊണ്ടുപോകുന്നതിനായി അത്യാഡംബര ബസ്സുകളാണ് ഉപയോഗിക്കുന്നത്. ഇതെല്ലാം സ്വന്തം ആവശ്യങ്ങള്‍ക്കനുസൃതമായി കസ്റ്റമൈസ് ചെയ്തതും. 

ചില ബസ്സുകൾ പരിചയപ്പെടാം; 

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആഡംബരം

ബെൽജിയം വാഹനനിർമാതാക്കളായ വാൻ ഹൂൾ എൻവി നിർമിച്ച Van Hool TDX27 ASTROMEGA ബസ്സാണ് മാഞ്ചസ്റ്റർ ഉപയോഗിക്കുന്നത്. വില നാൽപ്പതിനായിരം പൗണ്ട്. ഏകദേശം 3,68,29,408 ഇന്ത്യൻ രൂപ. വാൻ ഹൂൾ എൻവി യുണൈറ്റഡിനായി പ്രത്യേകം നിർമിച്ച ബസ്സാണിതെന്ന് ബ്രിട്ടീഷ് മാധ്യമമായ ദ സൺ റിപ്പോർട്ടു ചെയ്യുന്നു. രണ്ട് ഡെക്കിൽ നിർച്ച ബസിൽ മുകളിൽ 29 പേർക്കിരിക്കാം. താഴെ ഒമ്പതു പേർക്കും. 

 

ബസ്സിൽ 24ബ്ലാപങ്ക്ത് ടിവി മോണിറ്ററുകളുണ്ട്. നെറ്റ്ഫ്‌ളിക്‌സും ഡിവിഡികളും കാണാനുള്ള സൗകര്യമുണ്ട്. എക്‌സ്‌ക്ലൂസീവ് വൈഫൈ സൗകര്യവും. താഴെ ഡക്കിൽ അടുക്കള സൗകര്യമുണ്ട്. ഹോട്ട് എയർ ഓവനും കോഫി മെഷിനും റഫ്രിജറേറ്ററും മറ്റു അടിസ്ഥാന കാറ്ററിങ് സൗകര്യങ്ങളും കൂടെ. വിമാനമാതൃകയിലാണ് ബാത്ത് റൂം ഒരുക്കിയിട്ടുള്ളത്. ഒരു ചെറിയ ടോയ്‌ലറ്റും വാഷ് ഏരിയയുമുണ്ട്.

ബാഴ്‌സയുടെ മ്യൂറൽ ബസ്

മോർ ദാൻ എ ക്ലബ് (ഒരു ക്ലബിനേക്കാൾ അപ്പുറം) എന്നതാണ് സ്പാനിഷ് വമ്പമാരായ ബാഴ്‌സലോണയുടെ ടാഗ് ലൈൻ. ക്ലബിന്റെ താരങ്ങൾ സഞ്ചരിക്കുന്ന ബസ്സിനെയും ഇങ്ങനെത്തന്നെ വിശേഷിപ്പിക്കാം- ഒരു ബസ്സിനുമപ്പുറം. 

 

ബാഴ്‌സ ഫൗണ്ടേഷന്റെ ഗുണഭോക്താക്കളായ കുട്ടികളുടെ പെയിന്റിങ്ങാണ് ബാഴ്‌സയുടെ പുതിയ ബസ്സിനെ സവിശേഷമാക്കുന്നത്. നഗരങ്ങളിൽ മ്യൂറലുകൾ ഒരുക്കുന്നതിൽ ശ്രദ്ധേയനായ ആർടിസ്റ്റ് ഫെർടിന്റെ നേതൃത്വത്തിലാണ് ബസ് ഒരുക്കിയത്. ഡാനി ആൽവസ്, ടെർസ്റ്റീഗൻ, ക്ലമന്റ് ലെൻഗ്ലറ്റ്, അൻസു ഫാതി എന്നിവർക്കൊപ്പം കുട്ടികൾ കൂടി തങ്ങളുടെ കുത്തിവരകൾ ചേർത്തതോടെ ബസ്സിന് പുതിയ ഭാവം കൈവന്നു. ഭിന്ന ശേഷിക്കാരായ കുട്ടികൾ കൂടി പെയിന്റിങ്ങിന്റെ ഭാഗമായി എന്നതാണ് എടുത്തു പറയേണ്ടത്.

പിഎസ്ജിയുടെ ഐഡന്‍റിറ്റി 

ഇതിഹാസ താരം ലയണൽ മെസ്സിയുടെ വരവോടെ ആരാധകരുടെ ഇഷ്ടസംഘമായി മാറിയവരാണ് പിഎസ്ജി. മെസ്സി മാത്രമല്ല, നെയ്മറും എംബാപ്പെയും അടക്കും ഒരുപടി സൂപ്പർ താരങ്ങൾ ഫ്രഞ്ച് സംഘത്തിലുണ്ട്. താരങ്ങളെപ്പോലെ തന്നെ സൂപ്പറാണ് പിഎസ്ജിയുടെ ബസ്സും. 

 

2018ലെ ചാമ്പ്യൻസ് ലീഗ് സെമിയിൽ റയൽ മാഡ്രിഡിനെതിരെയുള്ള മത്സരത്തിനായി സ്വന്തം ബസ് പിഎസ്ജി പാരിസിൽ നിന്ന് മാഡ്രിഡിലെത്തിച്ചിരുന്നു. ഷിഫ്റ്റുകളിലായി രണ്ട് ഡ്രൈവർമാരെ ഉപയോഗിച്ച് 2600 കിലോമീറ്റർ യാത്ര ചെയ്താണ് ബസ് മാഡ്രിഡിലെത്തിയത്. വിമാനത്തിലെത്തിയ താരങ്ങൾ വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കും പരിശീലന സ്ഥലത്തേക്കും ഈ ബസ്സാണ് ഉപയോഗിച്ചിരുന്നത്.

ഇത്രയും ദൂരം ഓടിച്ച് ബസ് എന്തിന് സ്പാനിഷ് നഗരത്തിലെത്തിച്ചു എന്നതിന് പിഎസ്ജി അധികൃതർക്ക് കൃത്യമായ ഉത്തരമുണ്ട്. 'ഈ ബസ് ഒരു പ്രതീകമാണ്. ഞങ്ങളുടെ ഐഡന്റിറ്റിയുടെ ഭാഗമാണിത്. സുരക്ഷാ സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണിത്' - എന്നാണ് അധികൃതർ വ്യക്തമാക്കിയത്. ടീം ബസ് വെറും ടൂറിസ്റ്റ് വാഹനമല്ലെന്ന് ചുരുക്കം.

ആരാധകരുടെ യുവന്റസ്

ബസ്സിന്റെ ഡിസൈൻ ആരാധകരോട് തെരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്ന ക്ലബ്ബാണ് ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ്. www.socios.com ലൂടെയാണ് ആരാധകർക്ക് ഇഷ്ടമാതൃക വോട്ടു ചെയ്യാൻ അവസരം നൽകിയിരുന്നത്. യുവന്റസ് വെബ്‌സൈറ്റിൽ വിവിധ ബസ്സുകളുടെ മാതൃകകൾ ഇപ്പോഴും കാണാം. 

 

ലൈവ് എഹെഡ് എന്നെഴുതിയ ബസ്സാണ് ഈ വർഷം യുവന്റസ് ഉപയോഗിക്കുന്ന ബസ്സുകളിലൊന്ന്. കഴിഞ്ഞ ദിവസം ടോറിനോ എഫ്‌സിയുടെ ആരാധകർ ഈ ബസ്സിനു നേരെ കല്ലും ബോട്ടിലുകളുമെറിഞ്ഞത് വാർത്തയിൽ ഇടംപിടിച്ചിരുന്നു.

ബയേൺ മ്യൂണിക്കിന്റെ കൊട്ടാരം

ജർമനിയെ വാഹനഭീമന്മാരായ മാൻ ട്രക്ക് ആൻഡ് ബസ് അണിയിച്ചൊരുക്കിയ അത്യാഡംബര ബസ്സാണ് ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ഉപയോഗിക്കുന്നത്. മാൻ ട്രക്കിന്റെ വെബ്‌സൈറ്റിൽ ഇതേക്കുറിച്ചുള്ള വിശദമായ വിവരണമുണ്ട്. 

 

കിച്ചൻ, റഫ്രിജറേറ്റർ, മൈക്രോവേവ് ഓവൻ, കോഫി മെഷിൻ തുടങ്ങിയ സൗകര്യങ്ങളെല്ലാം ബസ്സിലുണ്ട്.

ബസ്സിന്റെ വിശേഷങ്ങൾ താഴെയുള്ള വീഡിയോയിൽ കാണാം. 

Full View
Tags:    

Writer - abs

contributor

Editor - abs

contributor

By - അഭിമന്യു എം

contributor

Similar News