ഒഡീഷയെ തകർത്തു: ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഒഡീഷയെ ബ്ലാസ്റ്റേഴ്‌സ് തോൽപിച്ചത്. സീസണിലെ അഞ്ചാം ജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

Update: 2022-09-07 06:10 GMT
Editor : rishad | By : Web Desk

ഒഡീഷ എഫ്.സിയെ തകർത്ത് ഐ.എസ്.എൽ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഒഡീഷയെ ബ്ലാസ്റ്റേഴ്‌സ് തോൽപിച്ചത്. സീസണിലെ അഞ്ചാം ജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. രണ്ട് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. നിഷു കുമാർ, ഹർമൻജോത് ഖബ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കിയത്.

ആദ്യമിനിറ്റ് തൊട്ട് ആക്രമിച്ച് കളിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചത്. ആദ്യ പത്തുമിനിറ്റില്‍ കാര്യമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. നിരന്തരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് 28-ാം മിനിറ്റിലാണ് ലക്ഷ്യം കണ്ടത്. സീസണില്‍ ആദ്യമായി ആദ്യ ഇലവനില്‍ സ്ഥാനം നേടിയ പ്രതിരോധതാരം നിഷു കുമാറാണ് ഗോള്‍ കണ്ടെത്തിയത്. അഡ്രിയാന്‍ ലൂണയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍.

Advertising
Advertising

40ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളും എത്തി. അഡ്രിയാന്‍ ലൂണയെടുത്ത മികച്ച ഫ്രീകിക്കിന് കൃത്യമായി തലവെച്ച ഖാബ്ര അതിവിദഗ്ധമായി പന്ത് വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് ആക്രമണം അഴിച്ചുവിട്ടു. പലവട്ടം ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം പന്തുമായി ഒഡീഷൻ ഗോൾമുഖത്ത് എത്തി. അതേസമയം കൗണ്ടർ അറ്റാക്കിലൂടെയും മറ്റുമായി ഒഡീഷ ബ്ലാസ്റ്റേഴ്‌സിനെ വിറപ്പിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പറും മികവ് പുറത്തെടുത്തതോടെ ഒഡീഷ കുഴങ്ങി.

ജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ജംഷഡ്പൂർ എഫ്.സിക്ക് 19ഉം മുംബൈ സിറ്റി എഫ്.സിക്ക് 17 പോയിന്റുമാണ്. 10 മത്സരങ്ങളിൽ നിന്നായി ഒഡീഷയ്‌ക്കെ 13 പോയിന്റേയുള്ളൂ.  എട്ടാം സ്ഥാനത്താണ് ഒഡീഷ. സീസണില്‍ ആദ്യമായി 20 പോയന്റ് നേടുന്ന ടീം എന്ന ഖ്യാതിയും കൊമ്പന്മാര്‍ സ്വന്തമാക്കി. തോല്‍വിയറിയാതെ ബ്ലാസ്‌റ്റേഴ്‌സ് പൂര്‍ത്തിയാക്കിയ 10-ാം മത്സരം കൂടിയാണിത്. ബ്ലാസ്റ്റേഴ്‌സിന്റെ സര്‍വകാല റെക്കോഡ് കൂടിയാണിത്.



Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News