മെസിക്ക് ബ്രസീലിന്റെ സ്‌നേഹാദരം; മാരക്കാനയിൽ ആ 'സുവർണ പാദങ്ങൾ' കൊത്തിവയ്ക്കും

പെലെ, ഡീഗോ മറഡോണ, ഗരിഞ്ച, യൂസെബിയോ, സിനദിൻ സിദാൻ, റൊണാൾഡീഞ്ഞോ, റൊണാൾഡോ അടങ്ങുന്ന ലോകഫുട്‌ബോളിലെ അതികായർക്കൊപ്പമാണ് മെസിയും അനശ്വരനാകാൻ പോകുന്നത്

Update: 2022-12-23 08:11 GMT
Editor : Shaheer | By : Web Desk
Advertising

ബ്രസീലിയ: അർജന്റീന ലോക ഫുട്‌ബോൾ ജേതാക്കളായതിനു സൂപ്പർ താരം ലയണൽ മെസിക്ക് അയൽരാജ്യമായ ബ്രസീലിൽനിന്ന് അപൂർവാദരം. ബ്രസീൽ ഫുട്‌ബോളിന്റെ ഹൃദയമായ മാരക്കാന സ്‌റ്റേഡിയത്തിൽ ഇതിഹാസ താരങ്ങൾക്കൊപ്പം മെസിയുടെ കാൽപാടുകൾ പതിക്കാൻ ക്ഷണം ലഭിച്ചിരിക്കുകയാണ്.

മാരക്കാനയുടെ ഉടമസ്ഥതയുള്ള റിയോ ഡി ജനീറ കായിക സമിതിയാണ് മെസിക്ക് ആദരമൊരുക്കുന്നത്. ലോകഫുട്‌ബോളിലെ ഇതിഹാസങ്ങൾക്കൊപ്പം മാരക്കാനയിലെ 'ഹാൾ ഓഫ് ഫെയിമി'ൽ താരത്തിന്റെ പേരും കൊത്തിവയ്ക്കും. അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ വഴി മെസിക്ക് ക്ഷണം അയച്ചിട്ടുണ്ടെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു.

പെലെ, ഗരിഞ്ച, റൊണാൾഡീഞ്ഞോ, റൊണാൾഡോ എന്നിവരടക്കം ലോകഫുട്‌ബോളിലെ അതികായർക്കൊപ്പമാണ് മെസിയും അനശ്വരനാകാൻ പോകുന്നത്. നൂറിലേറെ ഫുട്‌ബോൾ താരങ്ങളാണ് മാരക്കാനയിലെ 'ഹാൾ ഓഫ് ഫെയിമി'ൽ ഇടംപിടിച്ചിട്ടുള്ളത്. ഇതിൽ കൂടുതൽപേരും ബ്രസീലുകാരാണ്. ഡീഗോ മറഡോണ, യൂസെബിയോ, സിനദിൻ സിദാൻ എന്നിവരുടെ കൂട്ടത്തിൽ ബ്രസീലിനു പുറത്തുനിന്നുള്ള ഇതിഹാസങ്ങൾക്കൊപ്പമാണ് മെസിയുടെ പേരും ചേർക്കുന്നത്.

ഇത്തരം ഫുട്‌ബോൾ ഏതു ശത്രുതയെയും ഇല്ലാതാക്കുകയാണെന്നാണ് ബ്രസീൽ ഇതിഹാസം റൊണാൾഡോ ഫൈനലിനുശേഷം പ്രതികരിച്ചത്. നിരവധി ബ്രസീലുകാരെയും ലോകത്തുടനീളമുള്ള മനുഷ്യരും ആവേശഭരിതമായ ഫൈനലിൽ മെസിക്കു വേണ്ടി ആരവം മുഴക്കുന്നത് ഞാൻ കണ്ടതാണ്. ഒരു ലോകകപ്പ് താരത്തിനപ്പുറമുള്ള മഹാപ്രതിഭയ്ക്ക് അർഹിക്കുന്ന വിടവാങ്ങലായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

Summary: Argentina's World Cup-winning captain Lionel Messi has been invited to 'eternalize' his mark at Brazil's famous Maracana by leaving his footprints in the iconic stadium's Hall of Fame

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News