ഇന്‍റര്‍ മയാമിക്ക് രക്ഷയില്ല; മൂന്നിൽ മുക്കി ന്യൂ ഇംഗ്ലണ്ട്

ലയണല്‍ മെസിയുടെ പുതിയ ക്ലബായ ഇന്‍റര്‍ മയാമി മേജർ ലീഗ് സോക്കറിൽ തുടർച്ചയായ ആറാം തോൽവിയാണ് ഏറ്റുവാങ്ങുന്നത്

Update: 2023-06-12 07:11 GMT
Editor : Shaheer | By : Web Desk

ന്യൂയോർക്ക്: സൂപ്പർ താരം ലയണൽ മെസിയുടെ പുതിയ ക്ലബ് ഇന്റർ മയാമിക്ക് മേജർ ലീഗ് സോക്കറിൽ(എം.എൽ.എസ്) തുടർച്ചയായ ആറാം തോൽവി. ഇന്നലെ നടന്ന ഈസ്റ്റേൺ കോൺഫറൻസ് മത്സരത്തിൽ ന്യൂ ഇംഗ്ലണ്ട് ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മയാമിയെ മുക്കിക്കളഞ്ഞത്. തോൽവിയോടെ പോയിന്റ് ടേബിളിൽ അവസാനസ്ഥാനത്തു തുടരുകയാണ് ക്ലബ്.

മെസിയുടെ കൂടുമാറ്റത്തോടെ ഫുട്‌ബോൾ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ ഇന്റർ മയാമി മോശം പ്രകടനം തുടരുകയാണ്. ടൂർണമെന്റിൽ ആകെ 17 മത്സരങ്ങളിൽനിന്ന് അഞ്ചിൽ മാത്രമാണ് ടീമിന് ജയം കണ്ടെത്താനായത്. പോയിന്റ് ടേബിളിൽ 15 പോയിന്റുമായി ബഹുദൂരം പിന്നിൽ തുടരുകയാണ്.

Advertising
Advertising

27-ാം മിനിറ്റിൽ തുറന്നുകിട്ടിയ പെനാൽറ്റി അവസരം മുതലെടുത്താണ് ന്യൂ ഇംഗ്ലണ്ട് അക്കൗണ്ട് തുറന്നത്. മാറ്റ് പോൾസ്റ്ററിനെതിരെയുള്ള മയാമിയുടെ ഡിആൻഡ്രെ യെദ്‌ലിന്റെ ഫൗളിൽനിന്നാണ് പെനാൽറ്റി അവസരം തുറന്നത്. കിക്കെടുത്ത കാൾസ് ഗിൽ അനായാസം ലക്ഷ്യം കാണുകയും ചെയ്തു.

അധികം വൈകാതെ ന്യൂ ഇംഗ്ലണ്ട് ലീഡ് നില ഉയർത്തുകയും ചെയ്തു. 34-ാം മിനിറ്റിൽ പോൾസ്റ്ററിന്റെ ഗോളിൽനിന്നായിരുന്നു രണ്ടാം ഗോൾ. രണ്ടാം പകുതിക്കുശേഷം ബോബി വുഡിന്റെ ഗോളിലൂടെ ആതിഥേയർ മയാമിയുടെ പെട്ടിയിൽ മൂന്നാമത്തെ ആണിയുമടിച്ചു.

ഒടുവിൽ 84-ാം മിനിറ്റിലാണ് മയാമിയുടെ ആശ്വാസഗോൾ വരുന്നത്. ന്യൂ ഇംഗ്ലണ്ടിന്റെ ഫൗളിൽ ലഭിച്ച അവസരം വെനിസ്വലൻ സ്‌ട്രൈക്കർ ജോസഫ് മാർട്ടിനസ് വലയിലാക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ഇന്റർ മയാമിയിലേക്ക് കൂടുമാറുന്ന വിവരം സൂപ്പർ താരം ലയണൽ മെസി വെളിപ്പെടുത്തിയത്. ഈ മാസം അവസാനത്തോടെ പി.എസ്.ജിയുമായി കരാർ അവസാനിക്കുന്ന താരം ടീം വിടുന്ന വിവരം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾ തള്ളിയാണ് ഇന്റർ മയാമി റിപ്പോർട്ട് പുറത്തുവരുന്നത്. അടുത്ത ജൂലൈയിൽ മെസി ടീമിനൊപ്പം ചേരുമെന്നാണ് വിവരം.

Summary: Lionel Messi's new team Inter Miami are thrashed by New England

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News