കളം നിറയുന്ന ആശാൻമാർ; ഇത് പരിശീലകരുടെയും ഫൈനൽ പോരാട്ടം

ഫ്രാൻസ്-അർജന്റീന ഫൈനൽ പോരാട്ടത്തിൽ ആര് കിരീടം നേടിയാലും അത് പരിശീലകരുടെ വിജയമായിരിക്കും

Update: 2022-12-18 01:57 GMT
Advertising

ഖത്തർ ലോകകപ്പിന്‍റെ കലാശപ്പോരാട്ടത്തില്‍ ജയപരാജയങ്ങളിൽ നിർണായകമാകാൻ പോകുന്നത് ദിദിയർ ദഷാംപ്‌‍സിന്റെയും ലിയോണൽ സ്‌കലോണിയുടെയും തന്ത്രങ്ങളായിരിക്കും. തോറ്റ് തുടങ്ങിയ അർജന്റീനയെ ഫൈനലിലെത്തിച്ച സ്‌കലോണി, പരിക്കുമൂലം വലഞ്ഞ ഫ്രാൻസിനെ കലാശപോരട്ടത്തിലെത്തിച്ച ദഷാംപ്‌സ്, ഫൈനൽ പോരാട്ടം ഈ രണ്ട് പരിശീലകർ തമ്മിലാണ്.


കുമ്മായ വരയ്ക്ക് പുറത്തെ സ്‌കലോണിയും കളത്തിൽ മെസ്സി മജിക്കും ഇതാണ് അർജന്റീനയുടെ കരുത്ത്. കളിയറിഞ്ഞ് എതിരാളിയെ പഠിച്ച് കളി മെനയുന്നയാളാണ് അർജന്റീനിയുടെ പരിശീലകൻ. കളത്തിലെ മാറ്റങ്ങളെ വിലയിരുത്തി തന്ത്രങ്ങളെയും താരങ്ങളെയും പുനരവിന്യസിക്കാനും മിടുക്കനാണ് ഇദ്ദേഹം. പ്രതിരോധമാണ് മർമ്മം. തുറന്നാക്രമിച്ച് വലിയ മാർജിനിൽ ജയിക്കുന്ന പദ്ധതി ടീമിനില്ല. ചെറിയ ലീഡിനെ പ്രതിരോധിച്ച് വിജയിക്കുന്നതാണ് തന്ത്രം. ഓരോ ടീമിനെതിരെയും ഓരോ ശൈലിയാണ് സ്‌കലോണി തയ്യാറാക്കുന്നത്.

ഫ്രാൻസിനെതിരെയും ആശാൻ ഒരുങ്ങി കഴിഞ്ഞു. ഈ ലോകകപ്പിൽ 'മെസ്സി മാത്രമല്ല അർജന്റീന' എന്ന് ഇതിനൊടകം തെളിയിച്ചതാണ്. എൻസോയെയും,അൽവാരസിനെയും മകലിസ്റ്ററിനെയും നന്നായി വിനിയോഗിക്കുന്നണ്ട്. അതിവോഗം വിങ്ങുകളിലൂടെ ആക്രമിക്കുന്ന ഫ്രാൻസിനെതിരെ സ്‌കലോണിയുടെ തന്ത്രങ്ങൾ എന്താണ് എന്ന കാത്തിരിപ്പിലാണ് ആരാധകർ.


അതേസമയം ഇതിനോടകം രണ്ട് ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കിയാളാണ് ദിദിയർ ദഷാംപ്‌സ്. 1998ൽ നായകനായും 2018ൽ പരിശീലകനായും ദഷാംപ്‌സ് കിരീടമണിഞ്ഞു. ഇന്ന് മൂന്നാം കിരീടമാണ് ലക്ഷ്യം. അതിനുള്ള കരുത്തും കഴിവും ദഷാംപ്‌സിന്റെ തന്ത്രങ്ങൾക്കുണ്ട്. ലോകകപ്പിന് മുൻപ് പരിക്കായിരുന്നു ഫ്രഞ്ച് പടയുടെ പ്രതിസന്ധി. എന്നാൽ അവിടെ ദഷാംപ്‌സ് വീണില്ല. കാന്റയ്ക്കും, പോഗ്ബയ്ക്കും പകരം പുതിയ ജോഡിയെ ദഷാംപ്‌സ് മധ്യനിരയിൽ കണ്ടെത്തി.

ഗ്രീസ്മാനെ മധ്യനിരയുടെ കടിഞ്ഞാൺ ഏൽപ്പിച്ചതും തന്ത്രങ്ങളുടെ വിജയമായി. കലാശപോരട്ടത്തിലേക്ക് എത്തുമ്പോൾ ഫ്രഞ്ച് പടയ്ക്ക് ആശങ്കയില്ല. അത് പരിശീലകൻ വ്യക്തമാക്കി കഴിഞ്ഞു.


എതിരാളിയെ ബഹുമാനിക്കുന്ന ദഷാംപ്‌സ് കളത്തിൽ വലിയ വിജയങ്ങളെ ആഗ്രഹിക്കുന്ന പരിശീലകനാണ്. അത് കൊണ്ട് തന്നെ തുറന്ന് ആക്രമിക്കുകയാണ് ശൈലി. മെസ്സി ഫാക്ടർ തന്നെയാണ് ഫ്രാൻസിന്റെ തലവേദന. പക്ഷേ അവിടെയും തനിക്ക് പദ്ധതിയുണ്ടെന്ന് പരിശീലകൻ പറഞ്ഞു കഴിഞ്ഞു. 2018ലെ വിജയത്തെ കുറിച്ച് പറയുമ്പോഴും ആ ടീം അല്ല ഇന്ന് അർജന്റീന എന്ന തിരിച്ചറിവ് ദഷാംപ്‌സിനുണ്ട്. അത് കൊണ്ട് ലൂസൈലിൽ പുതിയ അടവുകൾ തന്നെ പ്രതീക്ഷിക്കണം. കളത്തിൽ മെസ്സിയും എംബാപയും ഡി പോളും, ഗ്രിസ്മാനും,ഡിമരിയയും, ജിറൂദുമെല്ലാമുണ്ടെങ്കിലും മത്സരത്തിന്റെ വിധി നിർണയിക്കുക ഈ രണ്ട് പരിശീലകരായിരിക്കും. രണ്ട് പേർക്കും ഇത് ജീവന്മരണ പോരാട്ടമാണ്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News