എഫ്.എ കപ്പ്: ആഴ്‌സനലിനെ തകർത്ത് ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റിക്കും ജയം

ആദ്യ പകുതിയിൽ നിരാശപ്പെടുത്തിയ സന്ദർശകർ ശക്തമായ തിരിച്ചു വരവാണ് രണ്ടാം പകുതിയിൽ നടത്തിയത്.

Update: 2024-01-08 06:05 GMT
Editor : Sharafudheen TK | By : Web Desk
Advertising

ലണ്ടൻ: എഫ്.എ കപ്പിലെ ബലാബലത്തിൽ ആഴ്‌സനലിനെ കീഴടക്കി ലിവർപൂൾ. അത്യന്തം ആവേശകരമായ മത്സരത്തിൽ സ്വന്തം തട്ടകമായ എമിറേറ്റ്‌സിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആഴ്‌സനൽ കീഴടങ്ങിയത്. ജാകുബ് കിവിയറിന്റെ സെൽഫ് ഗോളിലാണ്(80) ലിവർപൂൾ മുന്നിലെത്തിയത്. കൊളമ്പിയൻ താരം ലൂയിസ് ഡിയസിലൂടെ(90+5) വീണ്ടും വലകുലുക്കി. ആഫ്രിക്കൻ നേഷൺസ് കപ്പിനായി മടങ്ങിയ മുഹമ്മദ് സലഹും പരിക്കിനെ തുടർന്ന് വിർജിൽ വാൻഡെക്കുമില്ലാതെയാണ് റെഡ് ഡെവിൾസ് ഇറങ്ങിയത്.

സ്റ്റാർട്ടിങ് വിസിൽ മുതൽ ലിവർപൂൾ ബോക്‌സിലേക്ക് നിരന്തരം ആക്രമിച്ചുകയറിയ ഗണ്ണേഴ്‌സ് നിരവധി സുവർണാവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്. ക്യാപ്റ്റൻ മാർട്ടിൻ ഒഡീഗാഡിന്റെ ഗോൾശ്രമം ബാറിൽതട്ടി പുറത്തുപോയി. ഹാവെട്‌സ്, ബുക്കായ സാക്ക മുന്നേറ്റതാരങ്ങളും അവസരങ്ങൾ കളഞ്ഞുകുടിച്ചു. മറുവശത്ത് പ്രതിരോധത്തിലടക്കം ലിവർപൂൾ പിഴവുകൾ വരുത്തി.

 ആദ്യ പകുതിയിൽ നിരാശപ്പെടുത്തിയ സന്ദർശകർ ശക്തമായ തിരിച്ചുവരവാണ് രണ്ടാം പകുതിയിൽ നടത്തിയത്. ഡാർവിൻ ന്യൂനസിനെ സ്‌ട്രൈക്കർ പൊസിഷനിൽ നിന്ന് മാറ്റി കോഡി ഗാപ്‌കോയെ കളിപ്പിക്കാനുള്ള എർഗൻ ക്ലോപ്പിന്റെ തീരുമാനം ശരിയായി. ഇരുവിങുകളിലൂടെയും ന്യൂനസും ലൂയിസ് ഡയസും ഇരമ്പിയെത്തിയതോടെ ചെമ്പട ആക്രമണശൈലിയിലേക്ക് മടങ്ങിയെത്തി.

ഒടുവിൽ എൻപതാം മിനിറ്റിൽ മത്സരത്തിലെ ആദ്യഗോൾപിറന്നു. ഇടതുവിങിൽ കോർണർ ഫ്‌ളാഗിന് സമീപത്തുനിന്ന് അലക്‌സാണ്ടർ അർണോൾഡ് ഉതിർത്ത ബുള്ളറ്റ് ഫ്രീകിക്ക് തട്ടിയകറ്റുന്നതിൽ ഗണ്ണേഴ്‌സ് പ്രതിരോധതാരത്തിന് പിഴച്ചു. കിവിയോറിന്റെ തലയിൽതട്ടി പന്ത് നേരെ വലയിൽ. കളിയുടെ അവസാനമിനിറ്റിൽ ലൂയിസ് ഡയസ് നേടിയ ഗോളിലൂടെ ലിവർപൂൾ വിജയവും നാലാം റൗണ്ട് പ്രവേശനവും ഉറപ്പിച്ചു.

മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ഹുഡെഴ്‌സ് ഫീൽഡിനെ കീഴടക്കി. ഫിൽഫോഡൻ ഇരട്ടഗോൾ(33,65)നേടി. ജൂലിയൻ ആൽവരസും(37), ജെർമി ഡോകു(74) വലകുലുക്കി. ബെൻജാക്‌സന്റെ സെൽഫ് ഗോളുമായതോടെ ആധികാരികജയം സ്വന്തമാക്കി. രണ്ടാഴ്ചക്കിടെ ആഴ്‌സനലിന്റെ മൂന്നാം തോൽവിയാണിത്.


Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News