പിന്നിൽ നിന്ന ശേഷം കംബാക്; സതാംപ്ടണെതിരെ ലിവർപൂളിന് തകർപ്പൻ ജയം, 3-1
രണ്ട് മിനിറ്റിനിടെ രണ്ട് ഗോൾ തിരിച്ചടിച്ചാണ് ലിവർപൂൾ തിരിച്ചുവരവ് നടത്തിയത്.
ലണ്ടൻ: പ്രീമിയർ ലീഗിൽ രണ്ട് മിനിറ്റിനിടെ രണ്ട് ഗോൾ തിരിച്ചടിച്ച് ലിവർപൂൾ കംബാക്. സ്വന്തം തട്ടകമായ ആൻഫീൽഡിൽ സതാംപ്ടണെ 3-1നാണ് കീഴടക്കിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ചെമ്പടയുടെ തിരിച്ചുവരവ്. പെനാൽറ്റിയിലൂടെ മുഹമ്മദ് സലാഹ്(54,88) ഇരട്ടഗോൾ നേടിയ മത്സരത്തിൽ ഡാർവിൻ ന്യൂനസാണ്(51) മറ്റൊരു സ്‌കോറർ. സതാംപ്ടണിനായി ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വിൽ സ്മാൽബോൺ(45+1) ലക്ഷ്യംകണ്ടു.
പോയന്റ് ടേബിളിൽ അവസാന സ്ഥാനക്കാരായ സതാംപ്ടൺ തലപ്പത്തുള്ള ലിവർപൂളിനെതിരെ ആദ്യാവസാനം മികച്ച പോരാട്ടം കാഴ്ചവെച്ച ശേഷമാണ് കീഴടങ്ങിയത്. കൃത്യമായ മുന്നേറ്റത്തിലൂടെ തുടക്കത്തിൽ ആതിഥേയരെ വിറപ്പിക്കാൻ സതാംപ്ടൺ മുന്നേറ്റ നിരക്കായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ മികച്ച ഫിനിഷിങിലൂടെ ഡാർവിൻ ന്യൂനസ്(51) ചെമ്പടയെ 1-1 ഒപ്പമെത്തിച്ചു. തൊട്ടുപിന്നാലെ ന്യൂനസിനെ ബോക്‌സിൽ വീഴ്ത്തിയതിന് ലിവർപൂളിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത മുഹമ്മദ് സലാഹ്(54) വലയിലെത്തിച്ചതോടെ രണ്ട് മിനിറ്റിനിടെ ലീഡിലേക്ക് തിരിച്ചെത്താൻ ആതിഥേയർക്കായി.
തുടർന്ന് കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ആർനെ സ്ലോട്ടിന്റെ സംഘം സ്വന്തം തട്ടകത്തിൽ മറ്റൊരു ജയം സ്വന്തമാക്കി. ഇരട്ട ഗോൾ നേട്ടത്തിലൂടെ പ്രീമിയർലീഗ് ഓൾടൈം ടോപ് സ്‌കോറർമാരുടെ പട്ടികയിൽ അഞ്ചാംസ്ഥാനത്തേക്ക് മുന്നേറി. 184 ഗോളുമായി സലാഹ് സെർജിയോ അഗ്യൂറോക്കൊപ്പമാണെത്തിയത്. മറ്റൊരു മത്സരത്തിൽ ബ്രൈട്ടൻ 2-1ന് ഫുൾഹാമിനെ തോൽപിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ജാവോ പെഡ്രോ (90+8) നേടിയ പെനാൽറ്റി ഗോളിലൂടെയാണ് ബ്രൈട്ടൻ വിജയം സ്വന്തമാക്കിയത്. മറ്റൊരു മാച്ചിൽ ക്രിസ്റ്റൽ പാലസ് 1-0 മാർജിനിൽ ഇപ്‌സ്വിച് ടൗണിനെ പരാജയപ്പെടുത്തി.