'അദ്ദേഹം ക്രിസ്റ്റ്യാനോയെ വരെ കരയിപ്പിച്ചിട്ടുണ്ട്'; ഏറ്റവും കർക്കശക്കാരനായ പരിശീലകൻ ആരെന്ന ചോദ്യത്തിന് മോഡ്രിച്ച്
മിലാൻ: ഏറ്റവും കർക്കശക്കാരനായ പരിശീലകൻ ആരാണെന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് ലൂക്ക മോഡ്രിച്ച് ഈ പ്രസ്താവന നടത്തിയത്. ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ലാ സെറയോട് സംസാരിക്കുകയായിരുന്നു താരം. ഹോസെ മൗറിന്യോയാണ് തന്നെ റയൽ മാഡ്രിഡിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം കാരണാണ് താനീ നേട്ടങ്ങളൊക്കെ നെടിയതെന്നും മോഡ്രിച്ച് അഭിമുഖത്തിൽ പറഞ്ഞു.
മൗറീന്യോയുടെ കർക്കശ സ്വഭാവത്തെ കുറിച്ച് സംസാരിക്കവെ ഉദാഹരണമായി ക്രിസ്റ്റ്യാനോയുമായുള്ള പോർച്ചുഗീസ് പരിശീലകന്റെ ലോക്കർ റൂമിലെ സന്ദർഭം വിവരിച്ചത്. ഒരു ഫുൾ ബാക്ക് താരത്തെ മാർക്ക് ചെയ്യാൻ ക്രിസ്റ്റ്യാനൊക്ക് സാധിക്കാത്തതിനെ തുടർന്നാണ് മൗറീന്യോ സൂപ്പർ താരത്തെ വിമർശിച്ചത്. കളി കളത്തിൽ തന്റെയെല്ലാം നൽകുന്ന ക്രിസ്റ്റ്യാനോയെ വരെ അദ്ദേഹം കരയിച്ചിട്ടുണ്ടെന്നാണ് മോഡ്രിച്ച് വിവരിച്ചത്.
2010 മുതൽ 2013 വരെയാണ് ഹോസെ മൗറീന്യോ റയൽ മാഡ്രിഡ് പരിശീലക സ്ഥാനത്തുണ്ടായിരുന്നത്. 2012ൽ ടോട്ടനത്തിൽനിന്നു മാഡ്രിഡിലെത്തിയ ക്രൊയേഷ്യൻ താരം ഒരേയൊരു സീസൺ മാത്രമേ മൗറിന്യോക്ക് കീഴിൽ കളിച്ചിട്ടുള്ളു.
കളിക്കാർക്ക് മുന്നിൽ അദ്ദേഹം വളരെ സത്യസന്ധനാണെന്നും. സെർജിയോ റാമോസിനോടായാലും പുതിയ കളിക്കാരോടായാലും ഒരുപോലെയാണ് പെരുമാറുകയെന്നും. എന്തെങ്കിലും പറയാനുണ്ടെങ്കിൽ അദ്ദേഹം മുഖത്ത് നോക്കി പറയുമെന്നും മോഡ്രിച്ച് കൂട്ടിച്ചേർത്തു. നിലവിലെ സീസന്റെ തുടക്കത്തിലാണ് നീണ്ട റയൽ മാഡ്രിഡ് വാസം അവസാനിപ്പിച്ച് എസി മിലാനിലേക്ക് താരം കൂടുമാറിയത്. നിലവിലെ സീസണിൽ റോസോനേരിക്കായി 16 മത്സരങ്ങളിൽ ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് വെറ്ററൻ താരത്തിന്റെ സമ്പാദ്യം.