മാഞ്ചസ്റ്റർ സിറ്റി തന്നെ ഭരിക്കും; ഏർലിങ് ഹാളണ്ടിന് ഇരട്ട ഗോൾ

Update: 2025-09-14 18:42 GMT
Editor : Harikrishnan S | By : Sports Desk

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ഡെർബിയിൽ യുനൈറ്റഡിനെ എതിരില്ലാതെ മൂന്ന് ഗോളിന് വീഴ്ത്തി സിറ്റി. ഏർലിങ് ഹാളണ്ടിന്റ ഇരട്ട ഗോൾ മികവിലാണ് സിറ്റി വിജയം കൈവരിച്ചത്. ആദ്യ പകുതിയിൽ ഫിൽ ഫോഡൻ (18) നേടിയ ഗോളിലാണ് സിറ്റി മുന്നിലെത്തിയത്. തുടർന്ന് രണ്ടാം പകുതിയിൽ ഹാളണ്ട് (53),(68) രണ്ടു ഗോളുകളുമായി സിറ്റിയുടെ ലീഡുയർത്തി.

എത്തിഹാദിൽ നടന്ന മത്സരത്തിൽ പൊസഷനിൽ ആധിപത്യം യുനൈറ്റഡിനായിരുന്നെങ്കിലും ഗോൾ വല കുലുക്കാനായില്ല. സിറ്റിക്കായി അരങ്ങേറ്റം കുറിച്ച ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻലൂയിജി ഡോണറുമ മികച്ച സേവുകൾ നടത്തി ക്ലീൻഷീറ്റോടെയാണ് മടങ്ങിയത്. യുനൈറ്റഡിന്റെ പുതിയ സ്‌ട്രൈക്കർ ബെഞ്ചമിൻ ഷെസ്‌കോയ്ക്ക് ഗോൾ നേടാനായില്ല. രണ്ടു ജയവും രണ്ടു തോൽവിയുമായി ആറ് പോയിന്റ് നേടി പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റി എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. മറുഭാഗത്ത് സീസണിലെ രണ്ടാം തോൽവിയേറ്റുവാങ്ങിയ നാല് പോയിന്റുമായി യുനൈറ്റഡ് 14ാം സ്ഥാനത്താണ്. സിറ്റിയുടെ അടുത്ത മത്സരം ചാമ്പ്യൻസ് ലീഗിൽ നാപോളിക്കെതിരെയാണ്. യുനൈറ്റഡിനാകട്ടെ അടുത്ത മത്സരം പ്രീമിയർ ലീഗിൽ ചെൽസിക്കെതിരെയാണ്.

ലീഗിലെ മറ്റൊരു മത്സരത്തിൽ ലിവർപൂളിന് ബേൺലിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം. ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി സലാഹ് ഗോളാക്കി മാറ്റുകയായിരുന്നു. നാല് തുടർ ജയങ്ങളോടെ ലിവർപൂൾ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. ലിവർപൂളിന്റെ അടുത്ത മത്സരം ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോ മാഡ്രിഡിനെതിരെയാണ്.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News