ബാളൻ ഡോറിൽ ഇതിഹാസത്തിന്റെ ഏഴാം വരവ്; ചരിത്രം കുറിച്ച് മെസി

ഓരോ വർഷത്തെയും മികച്ച ഫുട്ബോളർക്ക് ഫ്രഞ്ച് മാഗസിൻ 'ഫ്രാൻസ് ഫുട്ബോൾ' നൽകുന്ന പുരസ്‌കാരം 2009, 2010, 2011, 2012, 2015, 2019 വർഷങ്ങൾക്കു ശേഷമാണ് വീണ്ടും മെസിയുടെ കൈകളിലെത്തുന്നത്

Update: 2021-11-29 20:55 GMT
Editor : dibin | By : Web Desk
Advertising

പാരിസ്: മികച്ച ഫുട്ബോളർക്കുള്ള 2021-ലെ ബാളൻ ഡോർ പുരസ്‌കാരം അർജന്റീന - പി.എസ്.ജി താരം ലയണൽ മെസിക്ക്. ഇത് ആദ്യമായാണ് ഒരു കളിക്കാരൻ ഏഴു തവണ ബാളൻ ഡോർ സ്വന്തമാക്കുന്നത്. അർജന്റീനയെ കോപ അമേരിക്ക നേട്ടത്തിലേക്ക് നയിക്കുകയും 2020-21 സീസണിൽ ലാലിഗ ടോപ് സ്‌കോററാവുകയും ചെയ്തതാണ് മെസിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡവ്സ്‌കി രണ്ടാം സ്ഥാനത്തെത്തി. ജോർജീന്യോക്കാണ് മൂന്നാം സ്ഥാനം.

ബാഴ്സലോണ താരം അലക്സിയ പുതല്ലാസിനാണ് ഈ വർഷത്തെ മികച്ച വനിതാ താരത്തിനുള്ള ബാളൻ ഡോർ ഫെമിന പുരസ്‌കാരം. മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി ഇറ്റലിയുടെ ജിയോലൂജി ഡൊന്നറൂമ്മ സ്വന്തമാക്കിയപ്പോൾ അണ്ടർ 21 താരത്തിനുള്ള കോപ ട്രോഫി സ്‌പെയിൻ താരം പെഡ്രി ഗോൺസാലസ് നേടി. സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിന് മികച്ച സ്‌ട്രെക്കർക്കുള്ള പുരസ്‌കാരം ലെവൻഡവ്‌സ്‌കി സ്വന്തമാക്കി.

ഓരോ വർഷത്തെയും മികച്ച ഫുട്ബോളർക്ക് ഫ്രഞ്ച് മാഗസിൻ 'ഫ്രാൻസ് ഫുട്ബോൾ' നൽകുന്ന പുരസ്‌കാരം 2009, 2010, 2011, 2012, 2015, 2019 വർഷങ്ങൾക്കു ശേഷമാണ് വീണ്ടും മെസിയുടെ കൈകളിലെത്തുന്നത്. കോവിഡ് മഹാമാരി കാരണം 2020-ൽ പുരസ്‌കാരം ആർക്കും നൽകിയിരുന്നില്ല. 2020-ലെ ഫിഫയുടെ മികച്ച ഫുട്ബോളർ പുരസ്‌കാരം നേടുകയും 2020-21 സീസണിൽ 29 ബുണ്ടസ് ലിഗ മത്സരങ്ങളിൽ നിന്നായി 41 ഗോൾ നേടുകയും ചെയ്ത ലെവൻഡവ്സ്‌കിക്ക് ഇത്തവണ ബാളൻ ഡോർ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നെങ്കിലും 29 വർഷത്തിനു ശേഷം അർജന്റീനയ്ക്ക് കോപ കിരീടം നേടിക്കൊടുക്കുകയും ടൂർണമെന്റിലെ താരമാവുകയും ചെയ്ത മെസി പുരസ്‌കാരം നിലനിർത്തുകയായിരുന്നു.

കോപ അമേരിക്ക കിരീടം, ടൂർണമെന്റിലെ സംയുക്ത ടോപ് സ്‌കോറർ, ടൂർണമെന്റിലെ മികച്ച കളിക്കാരൻ, ലാലിഗ ടോപ് സ്‌കോറർ, കോപ ദെൽ റേ കിരീടം, ടൂർണമെന്റിലെ മികച്ച താരം തുടങ്ങിയ നേട്ടങ്ങളാണ് മെസിയെ ഈ വർഷത്തെ മികച്ച ഫുട്ബോളർക്കുള്ള പുരസ്‌കാരത്തിന് അർഹനാക്കിയത്. രാജ്യാന്തര ഫുട്ബോളിൽ പറയത്തക്ക നേട്ടമില്ലാത്തത് ലെവൻഡവ്സ്‌കിക്ക് തിരിച്ചടിയായി.

ബാളൻ ഡോറിനായുള്ള വോട്ടെടുപ്പ് കഴിഞ്ഞ ബുധനാഴ്ച (നവംബർ 24) ന് അവസാനിച്ചിരുന്നു. ഫ്രാൻസ് ഫുട്ബോൾ മാഗസിൻ തെരഞ്ഞെടുത്ത 30 കളിക്കാരിൽ, ലോകമെങ്ങുമുള്ള 180 മാധ്യമപ്രവർത്തകർ നടത്തിയ വോട്ടെടുപ്പിനൊടുവിൽ അഞ്ചുപേരുടെ ചുരുക്കപ്പട്ടിക തയാറാക്കി. 50 സ്പെഷ്യലിസ്റ്റ് മാധ്യമപ്രവർത്തകരാണ് അന്തിമ അഞ്ചുപേരിൽ നിന്ന് വിജയിയെ കണ്ടെത്തിയത്. അവസാന അഞ്ചുപേർക്ക് 6, 4, 3, 2, 1 എന്നിങ്ങനെ പോയിന്റ് നൽകി, ഏറ്റവുമധികം പോയിന്റ് നേടിയ താരത്തെ കണ്ടെത്തുകയായിരുന്നു.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News