24 മണിക്കൂറിൽ 15 ലക്ഷം അപേക്ഷകർ, ഫിഫ ലോകകപ്പ് ടിക്കറ്റ് പ്രീ സെയിലിന് വൻ ഡിമാൻഡ്
ന്യൂയോർക്: 2026 ഫുട്ബോൾ ലോകകപ്പ് ടിക്കറ്റുകൾക്കായുള്ള പ്രീ-സെയിൽ ഡ്രോക്ക് വൻ പ്രതികരണം. ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ 210 രാജ്യങ്ങളിൽ നിന്നുള്ള 1.5 ദശലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചതായി ഫിഫ അറിയിച്ചു. ആതിഥേയരായ അമേരിക്ക, മെക്സിക്കോ, കാനഡ രാജ്യങ്ങളിൽ നിന്നാണ് വലിയ പ്രതികരണം. അർജന്റീന, കൊളംബിയ, ബ്രസീൽ, ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗൽ, ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്നുംഏറെ ആവശ്യക്കാരുണ്ട്.
ടിക്കറ്റുകൾക്കായുള്ള പ്രീ സെയിൽ ഡ്രോ സെപ്റ്റംബർ 19 വരെ തുറന്നിരിക്കും. ടിക്കറ്റുകൾക്കായി അപേക്ഷിക്കുന്ന സമയം ടിക്കറ്റ് ലഭിക്കുന്നതിനുള്ള സാധ്യതയെ ബാധിക്കില്ലെന്ന് ഫിഫ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകർക്ക് സെപ്റ്റംബർ 29 മുതൽ ഇമെയിലൂടെ അറിയിപ്പ് ലഭിക്കും. ഒക്ടോബർ 1 മുതൽ ടിക്കറ്റുകൾ വാങ്ങുന്നതിനായി ഇവർക്ക് പ്രത്യേക സമയം അനുവദിക്കും.
ടിക്കറ്റുകളുടെ വില 60 യു.എസ്. ഡോളർ മുതൽ (ഏകദേശം 5,000 രൂപ) ആരംഭിക്കും. ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപ്പനയുടെ പ്രാരംഭ ഘട്ടം മാത്രമാണ് പ്രീ സെയിൽ ഡ്രോ. 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ്. ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റാണിത്.