മുംബൈയും ഹൈദരാബാദും ഇടം ഉറപ്പിച്ചു; ഇനി ഐ.എസ്.എൽ പ്ലേ ഓഫിലെത്തുക നാലു ടീമുകൾ

ആറു ടീമുകൾ നാലും സ്‌പോട്ടുകളിലേക്ക് കടുത്ത പോരാട്ടം നടത്തുകയാണ്

Update: 2023-01-29 10:39 GMT

ISL Teams

Advertising

മുംബൈ: ഐ.എസ്.എല്ലിലെ ഒമ്പതാം എഡിഷനായ ഇക്കുറി ആറു ടീമുകളാണ് പ്ലേ ഓഫിലെത്തുക. മുംബൈ സിറ്റി എഫ്.സിയും ഹൈദരാബാദ് എഫ്.സിയും റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. 42 പോയിൻറുമായി മുംബൈ പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തും 35 പോയിൻറുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്തുമാണുള്ളത്.

മറ്റു ആറു ടീമുകൾ നാലും സ്‌പോട്ടുകളിലേക്ക് കടുത്ത പോരാട്ടം നടത്തുകയാണ്. എ.ടി.കെ മോഹൻ ബഗാൻ (27 പോയിൻറ്), എഫ്.സി ഗോവ(26 പോയിൻറ്), കേരളാ ബ്ലാസ്‌റ്റേഴ്‌സ് (25 പോയിൻറ്), ബംഗളൂരു എഫ്.സി (22 പോയിൻറ്), ഒഡിഷ എഫ്.സി (22 പോയിൻറ്), ചെന്നൈയിൻ എഫ്.സി (17 പോയിൻറ്) എന്നീ ടീമുകളാണ് അടുത്ത റൗണ്ടിലെത്താൻ മത്സരിക്കുന്നത്.

Full View

12 പോയിൻറുള്ള ഈസ്റ്റ് ബംഗാൾ ഒമ്പതാം സ്ഥാനത്തും 2021-22 സീസൺ ടേബിൾ ടോപ്പർമാരായ ജംഷഡ്പൂർ എഫ്.സി ഒമ്പത് പോയിൻറുമായി 10ാം സ്ഥാനത്തുമാണുള്ളത്. ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് അവസാന സ്ഥാനത്തുള്ളത്. 15 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഒരു കളിയിൽ മാത്രമാണ് ജയിച്ചത്. 13 മത്സരങ്ങളിലും തോറ്റു. നിലവിൽ 25 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പതിനാല് മത്സരങ്ങളിൽ നിന്ന് എട്ട് വിജയമാണ് ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുള്ളത്.

'ആറു വമ്പൻ ചുവടുകൾ ബാക്കി, പ്ലേ ഓഫിൽ ഇടംനേടാൻ പൊരുതും'

പരാജയങ്ങളറിയാതെ മുന്നേറിക്കൊണ്ടിരുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് രണ്ട് മത്സരങ്ങളിൽ തോറ്റശേഷം വീണ്ടും ഒരു അങ്കത്തിനിറങ്ങവേ പ്രതികരിച്ച് കോച്ച് ഇവാൻ വുകുമാനോവിച്ച്. 'നമുക്ക് ആറു വലിയ ചുവടുകൾ ബാക്കിയുണ്ട്. എല്ലാ മത്സരങ്ങളെയും കൃത്യമായി നേരിടുകയെന്നതാണ് ഞങ്ങൾക്ക് ചെയ്യാനുള്ളത്. പോയൻറുകൾക്കായും പൊരുതുകയും രണ്ടാം സീസണിൽ സുരക്ഷിതമായി പ്ലേഓഫിൽ ഇടം ഉറപ്പാക്കണം' കേരളാ ബ്ലാസ്‌റ്റേഴ്‌സ് ട്വിറ്ററിൽ പങ്കുവെച്ച വുകമാനോവിചിന്റെ പ്രസ്താവനയിൽ പറഞ്ഞു.

 

ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് നിർണായക മത്സരം കളിക്കുന്നത് മഞ്ഞപ്പടയുടെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ്. ഫെബ്രുവരി മൂന്നിന് ഈസ്റ്റ് ബംഗാൾ, ഏഴിന് ചെന്നൈയിൻ എഫ്.സി, 11ന് ബംഗളൂരു എഫ്.സി, 18ന് എ.ടി.കെ മോഹൻ ബഗാൻ, 26ന് ഹൈദരാബാദ് എഫ്.സി എന്നിങ്ങനെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സര എതിരാളികൾ.

പ്രതിരോധ നിരയിലെ നിർണായകമായ രണ്ട് കളിക്കാർക്ക് പരിക്കേറ്റത്‌ ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്. റൈറ്റ് ബാക്ക് സന്ദീപ് സിംഗ് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലാണ്. എഫ് സി ഗോവയ്ക്ക് എതിരായ മത്സരത്തിനിടെ സന്ദീപ് സിംഗിന്റെ വലത് കാൽ കുഴയ്ക്ക് പൊട്ടൽ സംഭവിച്ചിരുന്നു. സെന്റർ ഡിഫെൻഡർ മാർക്കൊ ലെസ്‌കോവിച്ച് പരിക്കിനു ശേഷമുള്ള വിശ്രമം കഴിഞ്ഞ് പരിശീലനം നടത്തി. എന്നാൽ ഇന്നിറങ്ങുമോ എന്ന് വ്യക്തമല്ല.

അവസാന രണ്ട് കളിയിലും മഞ്ഞപ്പടയ്ക്ക് തോൽവിയായിരുന്നു ഫലം. അതിനാൽ ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകമാണ്. അവസാന കളിയിൽ എഫ്സി ഗോവയോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. അതേസമയം പ്ലേഓഫിലെത്തുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും എന്നാൽ അതിനായി പ്രയത്‌നിക്കുമെന്നും കേരള ബ്ലാസ്റ്റേഴ്സ് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമൻറക്കോസ് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തോട് വ്യക്തമാക്കിയിരുന്നു.

Mumbai and Hyderabad have secured their ISL playoff spot and now four teams will battle it out for the playoffs

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News