2-1; ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിൽ ഒഡീഷ എഫ്‌സിക്ക് ലീഡ്

രണ്ട് ഗോൾ നേടി റോയ് കൃഷ്ണ

Update: 2024-02-02 15:26 GMT
Advertising

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം ഘട്ടത്തിലെ കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിൽ ഒഡീഷ എഫ്‌സിക്ക് ലീഡ്. ആദ്യം ലീഡ് നേടിയ ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഒഡീഷ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടുകയായിരുന്നു. 53ാം മിനിട്ടിലും 57ാം മിനിട്ടിലും റോയ് കൃഷ്ണയാണ് ഗോൾ നേടിയത്. അഹ്മദ് ജാഹുവെടുത്ത കോർണറിൽനിന്ന് ഹെഡ്ഡ് ചെയ്താണ് റോയ് കൃഷ്ണ ആദ്യ ഗോൾ നേടിയത്.

മികച്ച നിലയിൽ കളിക്കുന്ന ഒഡീഷ എഫ്സിയുമായുള്ള മത്സരത്തിൽ 11ാം മിനിട്ടിൽ തന്നെ മഞ്ഞപ്പട ലീഡ് നേടിയിരുന്നു. ദിമിത്രിയേസ് ഡയമൻറക്കോസാണ് ടീമിനായി എതിർവല കുലുക്കിയത്. മലയാളി താരം നിഹാൽ സുധീഷിന്റെ പാസ്സിൽ നിന്നാണ് ഡയമൻറക്കോസ് ഗോൾ നേടിയത്. പ്രീതം കോട്ടാൽ എറിഞ്ഞുനൽകിയ ത്രേബോളുമായി നിഹാൽ മുന്നേറുകയായിരുന്നു. ഈ സീസണിലെ 174ാമത് ഗോളായിരുന്നത്. എന്നാൽ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഒഡീഷ തിരിച്ചുവരുന്നതാണ് കാണുന്നത്. അതേസമയം, 14ാം മിനിട്ടിൽ ഒഡീഷയുടെ ഇസാക്കിന്റെ ഷോട്ട് സച്ചിൻ സുരേഷ് തടുത്തിട്ടു.

ലെസ്‌കോവിച്ചിന്റെ നേതൃത്വത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. ലൂണയ്ക്ക് പകരം ടീമിലെത്തിയ ലിത്വാനിയ ദേശീയ ടീം നായകൻ ഫെദോർ സെർനിച്ച് പകരക്കാരുടെ പട്ടികയിലാണുള്ളത്. പ്രീതം കോട്ടാൽ, മിലോസ്, നവോച്ച, അസ്ഹർ, ഡാനിഷ് ഫാറൂഖ്, ഡൈസുകെ, അയ്മൻ, ദിമിത്രിയോസ് ഡയമൻറക്കോസ് എന്നിവിൽ ടീമിലുണ്ട്. സച്ചിൻ സുരേഷ് തന്നെയാണ് ഗോൾകീപ്പർ. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്ന് ജയിച്ചാൽ 29 പോയിന്റുമായി ഗോവയെ മറികടന്ന് ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താം. 24 പോയിൻറുമായി പട്ടികയിൽ മൂന്നാമതാണ് ഒഡിഷ.

'പരിക്ക്, സസ്പെൻഷനുകൾ, പ്രധാന താരങ്ങളുടെ നഷ്ടം എന്നിവയൊക്കെ കേരള ബ്ലാസ്റ്റേഴ്സിനുണ്ടായി. ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനകാര്യം അവരുടെ സംഘം തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. വ്യക്തമായ പദ്ധതിയോടെയാണ് അവർ കളിക്കുന്നത്'- കേരള ബ്ലാസ്റ്റേഴ്സുമായുള്ള പോരാട്ടത്തിന് മുമ്പ് ഒഡിഷ എഫ്സി കോച്ച് സെർജിയോ ലൊബേറ കേരള ടീമിനെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ലീഗിന്റെ ആദ്യ പാദം അവസാനിക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് എന്തു കൊണ്ട് ടേബിൾ ടോപ്പേഴ്സായി എന്നതിന്റെ ഉത്തരം ലൊബേറയുടെ വാക്കുകളിലുണ്ട്. രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ കാണികൾ പ്രതീക്ഷിക്കുന്നതും ഇതേ കാര്യം തന്നെ- വ്യക്തമായൊരു പദ്ധതി വേണം.

കലിംഗ സൂപ്പർ കപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ലീഗിലേക്ക് തിരിച്ചെത്തുന്നത്. മാധ്യമങ്ങളുമായി സംസാരിക്കവെ കോച്ച് ഇവാൻ വുകുമനോവിച്ചിന്റെ പ്രതികരണത്തിൽ അതുണ്ടായിരുന്നു. 'ഞങ്ങൾ താളത്തിലേക്ക് തിരികെയെത്തണം. കരുത്തരാകണം. പോയിന്റ് ടേബിളിൽ മുകളിൽ തന്നെ നിൽക്കണം' - എന്നായിരുന്നു ഇവാന്റെ പ്രതികരണം.

ലീഗ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ടീമിന്റെ കുന്തമുനയും സൂപ്പർ താരവുമായ അഡ്രിയൻ ലൂണ ടീമിനൊപ്പമില്ല. പതിയെ താളം കണ്ടെത്തി ഗോളടി തുടങ്ങിവച്ച ക്വാമി പെപ്രയും ടീമിനൊപ്പമില്ല. ലൂണയ്ക്ക് പകരം ലിത്വാനിയ ദേശീയ ടീം നായകൻ ഫെദോർ സെർനിച്ച്, പെപ്രയ്ക്ക് പകരം നൈജീരിയൻ താരം ഇമ്മാനുവൽ ജസ്റ്റിൻ എന്നിവരാണ് ടീമിനൊപ്പം ചേർന്നത്. അതേസമയം, ആദ്യ ഘട്ടത്തിൽ തോളിലെ പരിക്കു മൂലം പുറത്തായിരുന്ന മധ്യനിരയിലെ എഞ്ചിൻ ജീക്സൺ സിങ് പരിക്കു മാറി തിരിച്ചെത്തിയിട്ടുണ്ട്.

ലൂനയും പെപ്രയും ഇല്ലാതായതോടെ കളത്തിൽ പ്ലാൻ എ നടപ്പാക്കാൻ കോച്ച് ഇവാനാകില്ല. ലൂണയില്ലാത്ത അവസാന മത്സരങ്ങളിൽ മധ്യനിരയിലെ ഇന്ത്യൻ താരങ്ങളെ വച്ച് സംഘടിതമായ പ്രസ്സിങ് ഗെയിമായിരുന്നു കോച്ചിന്റെ തന്ത്രം. കരുത്തരായ മോഹൻബഗാനെതിരെ അവരുടെ തട്ടകത്തിൽ അതു വിജയിക്കുകയും ചെയ്തു.

Odisha FC vs Kerala Blasters match started

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News