1400 കോടി പോര; എംബാപ്പെയെ വിട്ടുകൊടുക്കില്ലെന്ന് പി.എസ്.ജി

പിഎസ്ജിയുമായി ഒരു വർഷത്തെ കരാർ കൂടിയാണ് എംബാപ്പെയ്ക്കുള്ളത്

Update: 2021-08-26 07:54 GMT
Editor : abs | By : Sports Desk
Advertising

പാരിസ്: ഫ്രഞ്ച് ഫോർവേഡ് കിലിയൻ എംബാപ്പെയെ ടീമിലെത്തിക്കാനുള്ള റയൽ മാഡ്രിഡിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. റയൽ മുമ്പോട്ടു വച്ച 160 ദശലക്ഷം യൂറോയുടെ (1393 കോടി രൂപ) ഓഫർ തൃപ്തികരമല്ലെന്ന് പിഎസ്ജി അറിയിച്ചു. വിഷയത്തിൽ ഇനി റയലുമായി ചർച്ചയില്ലെന്നും എംബാപ്പെയ്ക്ക് പോകണമെങ്കിൽ ക്ലബിന്റെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആകാമെന്നും പിഎസ്ജി സ്‌പോട്ടിങ് ഡയറക്ടർ ലിയനാർഡോ വ്യക്തമാക്കി.

'കിലിയൻ എംബാപ്പെ പോകുകയാണ് എന്ന് തോന്നുന്നു. അതെനിക്ക് വ്യക്തമാണ്. അദ്ദേഹത്തെ നിലനിർത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഒരു കളിക്കാരൻ പോകുകയാണ് എങ്കിൽ അത് ഞങ്ങളുടെ മാനദണ്ഡ പ്രകാരമാകണം. എംബാപ്പെയ്ക്ക് മാത്രമല്ല, എല്ലാവർക്കും ഇതു ബാധകമാണ്' - അദ്ദേഹം പറഞ്ഞു. 160 മില്യൺ യൂറോയാണോ റയൽ മുമ്പോട്ടുവച്ചത് എന്ന് സ്ഥിരീകരിക്കാൻ ലിയനാർഡോ തയ്യാറായില്ല. എംബാപ്പെയുടെ മൂല്യം ഓഫർ ചെയ്ത തുകയേക്കാൾ കൂടുതലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിഎസ്ജിയുമായി ഒരു വർഷത്തെ കരാർ കൂടിയാണ് എംബാപ്പെയ്ക്കുള്ളത്. താരത്തെ വിടില്ലെന്ന നിലപാടാണ് പിഎസ്ജിക്ക്. മെസ്സി കൂടി വന്നതോടെ മെസ്സി-നെയ്മർ-എംബാപ്പെ ത്രയം അണിനിരക്കുന്ന സ്വപ്നതുല്യമായ മുന്നേറ്റനിരയാണ് പിഎസ്ജിയുടെ ലക്ഷ്യം.

ബാഴ്സലോണയിൽ നിന്ന് ഇതിഹാസ താരം ലയണൽ മെസ്സി ക്ലബിലെത്തിയതിന് പിന്നാലെയാണ് 22കാരൻ ക്ലബ് വിടുന്നതായുള്ള വാർത്തകൾ പരന്നത്. ട്രാൻസ്ഫർ വിപണി മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ വാർത്ത സ്ഥിരീകരിച്ചിരുന്നു. റയലിന്റെ ഓഫറിന് മുമ്പിൽ പിഎസ്ജി ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

പിഎസ്ജിക്കായി 174 കളികളിൽ നിന്ന് 133 ഗോളും 63 അസിസ്റ്റുമാണ് എംബാപ്പെയുടെ പേരിലുള്ളത്. 2017ൽ മൊണോക്കോയിൽ നിന്ന് ദീർഘകാല വായ്പയിലാണ് ഇദ്ദേഹം ടീമിലെത്തിയത്. പിന്നീട് ക്ലബുമായി കരാർ ഒപ്പുവച്ചു. ലീഗ് വണ്ണിന്‍റെ ഈ സീസണില്‍ ഒരു ഗോളും രണ്ട് അസിസ്റ്റും താരം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

താരത്തിന് മുമ്പാകെ ആറു വർഷത്തെ കരാർ പിഎസ്ജി ഓഫർ ചെയ്തതായും എംബാപ്പെ അതു നിരസിച്ചതായും റിപ്പോർട്ടുണ്ട്. കൂടുമാറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം താരം ക്ലബ് പ്രസിഡണ്ട് നാസർ അൽ ഖലീഫിയുമായി ചർച്ച നടത്തിയിരുന്നു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Sports Desk

contributor

Similar News