വിനീഷ്യസിന് ഹാട്രിക്; വീണിടത്തുനിന്ന് കുതിച്ചുകയറി റയൽ 5-2

ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് റയൽ അഞ്ച് ഗോൾ തിരിച്ചടിച്ചത്.

Update: 2024-10-23 05:01 GMT
Editor : Sharafudheen TK | By : Sports Desk

മാഡ്രിഡ്: രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം അഞ്ചു ഗോളുകൾ തിരിച്ചടിച്ച് ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് തേരോട്ടം. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണാബ്യൂവിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ 5-2നാണ് കീഴടക്കിയത്. അത്യന്തം ആവേശകരമായ മത്സരത്തിൽ ആദ്യ പകുതിയിൽ രണ്ട് ഗോളിന് ഡോർട്ട്മുണ്ട് ലീഡ് നേടിയിരുന്നു. എന്നാൽ അവസാന 45 മിനിറ്റിൽ വിശ്വരൂപം പുറത്തെടുത്ത ചാമ്പ്യൻമാർ ഗോളടിച്ച് കൂട്ടി വിജയം പിടിച്ചെടുത്തു. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷമാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. വിനീഷ്യസ് ജൂനിയർ (62, 86, 90+3) മിനിറ്റുകളിൽ വലകുലുക്കി. ആന്റോണിയോ റൂഡിഗർ(60), ലൂക്കാസ് വാസ്‌കസ് (83) എന്നിവരാണ് മറ്റു സ്‌കോറർമാർ. 30ാം മിനിറ്റിൽ ഡോനിയൽ മാലെനും 34ാം മിനിറ്റിൽ ജാമി ഗിറ്റെൻസും സന്ദർശകർക്കായി വലകുലുക്കി.

Advertising
Advertising

മറ്റൊരു മത്സരത്തിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്ക് സമനില കുരുക്ക്. നെതർലാൻഡ്‌സ് ക്ലബ് പി.എസ്.വി ഐന്തോവനാണ് സമനിലയിൽ തളച്ചത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ഇംഗ്ലീഷ് ക്ലബ് ആർസനൽ സെൽഫ് ഗോളിൽ രക്ഷപ്പെട്ടു. ഉക്രൈൻ ക്ലബ് ഷാക്താറിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപിച്ചത്. 29ാം മിനിറ്റിലാണ് ഷക്താർ താരം റിസ്‌നിക് സെൽഫ്‌ഗോൾ വഴങ്ങിയത്. മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ല ബൊൾഗാനിയേയും ജിറോണ എഫ്.സി സ്ലൊവാൻ ബ്രാറ്റിസ്ലാവയേയും കീഴടക്കി.

യുവേഫ ചാംപ്യൻസ് ലീഗിൽ ഇന്ന് ക്ലാസിക് പോരാട്ടങ്ങളാണ് നടക്കാനിരിക്കുന്നത്. ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്ക് സ്പാനിഷ് കരുത്തരായ ബാഴ്‌സലോണയെ നേരിടും. ചാംപ്യൻസ് ലീഗിൽ ഒരു ജയവും ഒരു തോൽവിയുമുള്ള ബാഴ്‌സയ്ക്ക് ഇന്നത്തെ മത്സരം നിർണായകമാണ്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News