സ്റ്റാർ ബോയ് ഗോൺസാലോ ഗാർഷ്യ; ബെറ്റിസിനെ തകർത്ത് റയൽ മാഡ്രിഡ്
മാഡ്രിഡ്: ലാലിഗയിൽ ബെറ്റിസിനെതിരെ റയലിന് തകർപ്പൻ ജയം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് റയലിന്റെ ജയം. യുവ താരം ഗോൺസാലോ ഗാർഷ്യ (20', 50', 82') ഹാട്രിക്ക് നേടിയ മത്സരത്തിൽ റൗൾ അസെൻസിയോയും (56') ഫ്രാൻ ഗാർഷ്യയുമാണ് (90+3') റയലിന്റെ മറ്റ് ഗോളുകൾ നേടിയത്. കുച്ചോ ഹെർണാണ്ടസാണ് ബെറ്റിസിന്റെ (66') ആശ്വാസഗോൾ നേടിയത്.
ആദ്യ പകുതിയുടെ 20ാം മിനിറ്റിൽ വിനിഷ്യൻ ജൂനിയർ തൊടുത്ത ഫ്രേകിക്കിൽ തലവെച്ച് ഗാർഷ്യ റയലിന് ലീഡ് നൽകി. രണ്ടാം പകുതിയുടെ 50ാം മിനിറ്റിൽ ഫെഡറികോ വാൽവർഡെയുടെ പാസിൽ ഗാർഷ്യ റയലിന്റെ ലീഡുയർത്തി. ആറ് മിനിട്ടുകൾക്ക് ശേഷം കോർണറിൽ നിന്ന് റൗൾ അസെൻസിയോ റയലിന്റെ മൂന്നാം ഗോളും സ്കോർ ചെയ്തു. 66ാം മിനിറ്റിൽ കുച്ചോ ഹെർണാണ്ടസ് ബെറ്റിസിനായി ഒരു ഗോൾ മടക്കി. മത്സരം അവസാനിക്കാൻ എട്ട് മിനിറ്റുകൾ ബാക്കി നിൽക്കേ അർദ ഗുലേറിന്റെ പാസിൽ ഗാർഷ്യ തന്റെ ഹാട്രിക്ക് പൂർത്തിയാക്കി. തുടർന്ന് ഇഞ്ചുറി ടൈമിൽ ഫ്രാൻ ഗാർഷ്യയും വല കണ്ടെത്തിയതോടെ സ്കോർ 5-1 എന്ന നിലയിൽ മത്സരം അവസാനിച്ചു.
റയലിന്റെ അടുത്ത മത്സരം സ്പാനിഷ് സൂപ്പർ കപ്പ് സെമി ഫൈനലിൽ അത്ലറ്റികോക്കെതിരെയാണ്. ജനുവരി ഒമ്പതിന് ജിദ്ദയിലാണ് ആ മത്സരം. ജനുവരി എട്ടിന് നടക്കുന്ന ആദ്യ സെമിയിൽ ബാഴ്സലോണ അത്ലറ്റിക് ബിൽബാവോനെ നേരിടും. ജനുവരി 11 നാണ് ഫൈനൽ.