ഇന്ത്യൻ ഫുട്‌ബോളിലെ റെക്കോർഡ് ട്രാൻസ്ഫർ തുക: സഹൽ കൊൽക്കത്തയിലേക്കും പ്രീതം കോട്ടാൽ കൊച്ചിയിലേക്കും

2023-24 സീസണിൽ ബഗാനും ബ്ലാസ്റ്റേഴ്സുമാണ് ട്രാൻസ്ഫർ വിപണിയിൽ സജീവമായിട്ടുള്ളത്

Update: 2023-07-13 02:25 GMT
Editor : rishad | By : Web Desk
പ്രീതം കോട്ടാല്‍-സഹല്‍ അബ്ദുല്‍ സമദ്
Advertising

കൊച്ചി: കളിക്കാരെ പരസ്പരം കൈമാറാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സും മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സും. ബഗാന്റെ നായകൻ പ്രീതം കോട്ടാലിനെയും ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും താരം സഹലിനെയുമാണ് പരസ്പരം കൈമാറുന്നത്. ഇന്ത്യൻ ഫുട്‌ബോളിലെത്തന്നെ റെക്കോർഡ് ട്രാൻസ്ഫറാണ് കൈമാറ്റത്തിലൂടെ സംഭവിക്കാൻ പോകുന്നത്.

ഏകദേശം 3.5 കോടി മുതൽ നാല് കോടി വരെയാണ് ഇരുവരുടെയും മാറ്റങ്ങളിലൂടെ ഒഴുകാന്‍ പോകുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകളെ വിശ്വസിക്കുകയാണെങ്കിൽ വർഷം രണ്ട് കോടിയാണ് പ്രീതം കോട്ടാലിന് ബ്ലാസ്റ്റേഴ്‌സ് നൽകേണ്ടി വരിക. കഴിഞ്ഞ സീസണിൽ മോഹൻ ബഗാൻ കിരീടം ചൂടിയത് പ്രീതം കോട്ടാലിന്റെ നായക മികവിലായിരുന്നു. അതേസമയം മൂന്ന് വർഷത്തെ കരാറാണ് സഹലും മോഹൻ ബഗാനും തമ്മിൽ. വർഷം 2.5 കോടിയാണ് സഹലിന് ലഭിക്കുക.

പുറമെ രണ്ട് വർഷത്തേക്ക് കൂടി കരാർ നീട്ടാനും വ്യവസ്ഥയുണ്ടാകും. സഹലിലെ വിട്ടുകൊടുക്കുന്നതിൽ ബ്ലാസ്റ്റേഴ്‌സിന് വൻതുക ട്രാൻസ്ഫർ ഫീയായി ലഭിക്കുകയും ചെയ്യും. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗി സ്ഥിരീകരണം വന്നിട്ടില്ല. അടുത്ത ദിവസങ്ങളിൽ തന്നെ വ്യക്തത വരും. ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ പരിശീലന ക്യാമ്പുകൾ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യൻ ഫുട്‌ബോളിന്റെ തന്നെ നെടുംതൂണുകളാണ് കോട്ടാലും സഹലും. ഇന്ത്യ കിരീടം നേടിയ ഇന്റർകോണ്ടിനന്റൽ കപ്പിലും സാഫിലും ഇരുവരും നിർണായക പങ്കുവഹിച്ചിരുന്നു.

മധ്യനിര താരം അനിരുദ്ധ് ഥാപ്പയെ ടീമിലെടുക്കുന്നതിന് മൂന്ന് കോടിയാണ് ചെന്നൈയിന്‍ എഫ്.സിക്ക് ബഗാൻ ട്രാൻസ്ഫർ തുകയായി നല്‍കിയത്. ഥാപ്പയെ കൂടി ടീമിലെടുക്കുന്നതോടെ സഹൽ-ഥാപ്പ കോമ്പിനേഷൻ ഉപയോഗപ്പെടുത്താനാണ് ബഗാന്‍ പദ്ധതിയിടുന്നത്. ദേശീയ ടീമില്‍ ഈ സഖ്യം ക്ലിക്കായിരുന്നു. അതേസമയം കഴിഞ്ഞ വർഷം മുതലെ ബ്ലാസ്റ്റേഴ്സ് പ്രീതമിന്റെ പിന്നാലെയുണ്ട്. ജനുവരിയിൽ അദ്ദേഹത്തെ ഔദ്യോഗികമായി സമീപിക്കുകയും ചെയ്തിരുന്നു. ട്രാന്‍സ്ഫര്‍ സംഭവിച്ചാല്‍ കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ താരമായി കോട്ടാൽ മാറും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News