ഒരു ദശാബ്ദത്തിന്റെ നായകൻ ; ഹ്യുങ് മിൻ സൺ ടോട്ടൻഹാമിന്റെ പടിയിറങ്ങി

Update: 2025-08-08 12:53 GMT

ആഗസ്റ്റ് 3 2025 , പ്രീമിയർ ലീഗ് ക്ലബുകളായ ന്യൂകാസിലും ടോട്ടൻഹാമും സിയോളിലെ വേൾഡ് കപ്പ് സ്റ്റേഡിയത്തിൽ സൗഹൃദ മത്സരം കളിക്കുന്നു. 65 ആം മിനുട്ടിൽ റഫറി ടച്ച് ലൈനിന് നേരെ വിരൽ ചൂണ്ടി, ടോട്ടൻഹാമിന്റെ പുതിയ താരം മുഹമ്മദ് ഖുദ്‌സ് കളിക്കളത്തിലേക്ക് വരാൻ അവിടെ ഒരുങ്ങി നിൽക്കുന്നു, പകരക്കാരനായി കോച്ച് തോമസ് ഫ്രാങ്ക് തിരികെ വിളിച്ചത് അവരുടെ 7 ആം നമ്പറുകാരനെ. ഗാലറി ഒരു നിമിഷം മൗനമായി. ആ 33 കാരന്റെ കണ്ണുകൾ കണ്ണീരുകൊണ്ട് നിറഞ്ഞു, സ്റ്റേഡിയം ഒന്നാകെ അയാളുടെ പേര് ആർത്തു വിളിച്ച് കയ്യടികൾ മുഴക്കി, ഇരു ടീമും ചേർന്ന് ഒരുക്കിയ ഗാർഡ് ഓഫ് ഓണറിനിടയിലൂടെ അയാൾ പതിയെ ഡഗ് ഔട്ട് ലക്ഷ്യമാക്കി നടന്നു. പത്ത് വർഷമായി താൻ കളിച്ച ക്ലബിനൊപ്പമുള്ള അവസാന മത്സരം സ്വന്തം നാട്ടിൽ കളിച്ചവസാനിപ്പിച്ച് അയാൾ നിറകണ്ണുകളോടെ സൈഡ് ബെഞ്ചിലിരുന്നു.

Advertising
Advertising

കൊറിയയിൽ ജനിച്ച് , ജർമനിയിൽ വളർന്ന്, ലണ്ടണിന്റെ ഓമന പുത്രനായി മാറിയ ഹ്യുങ് മിൻ സൺ , ടോട്ടൻഹാം ആരാധകരുടെ പ്രിയപ്പെട്ട സോണി.

പാതി വഴിയിൽ വീണു പോയ ഒരു ഫുടബോൾ താരമായിരുന്നു സണിന്റെ പിതാവ്. കൊറിയൻ ബി ടീം വരെ കളിച്ച താരം പിന്നീട് പരിശീലക കുപ്പായത്തിൽ ഫുടബോളിൽ തുടർന്നു. എഫ്‌സി സിയോളിന്റെ അക്കാദമിയിൽ കളി പഠിച്ച് തുടങ്ങിയ സൺ ചെറുപ്പം മുതലേ യൂറോപ്പ്യൻ കളിമൈതാനങ്ങൾ സ്വപ്നം കണ്ട് തുടങ്ങിയിരുന്നു. അക്കാലത്ത് സ്പോഞ്ച് ബോബ് കാർട്ടൂൺ കണ്ട് ജർമൻ ഭാഷ പഠിച്ചിരുന്ന സണിനെ പറ്റി അദേഹത്തിന്റെ ഏജന്റായിരുന്ന ബ്ലിമെയ്സ്റ്റർ ഒരിക്കൽ തുറന്ന് പറഞ്ഞു.

2010 ൽ ഹാംബർഗിൽ എത്തിയ സണിന്റെ കരിയർ അതിവേഗം മുന്നോട്ട് കുതിച്ചു. അയാളുടെ പുഞ്ചിരി കണക്കെ കളിക്കളത്തിലെ സ്ഥിരതയാർന്ന പ്രകടനം എല്ലാവരുടെയും ഹൃദയം കവർന്നു. ജർമൻ വമ്പന്മാരെല്ലാം താരത്തിന് മേൽ കണ്ണും നട്ട് ട്രാൻസ്ഫർ ജാലകത്തിൽ വട്ടമിട്ട് പറന്നു. ഒടുവിൽ 2013 ൽ അന്നത്തെ ക്ലബിന്റെ റെക്കോർഡ് ട്രാൻസ്ഫർ തുകക്ക് ലവർക്കൂസൻ സണിനെ റാഞ്ചി. അഞ്ച് വർഷത്തെ കരാറിന് 10 മില്യണിനാണ് ലവർക്കൂസൻ സണിനെ ടീമിലെത്തിച്ചത്. ലവർക്കൂസനിൽ സൺ തന്റെ സ്ഥിരത തുടർന്നു. തന്റെ കളി ശൈലി അതിവേഗം ടീമിന്റെ ടാറ്റിക്സിന് ഒതുങ്ങുന്ന രീതിയിൽ അയാൾ മാറ്റിയെടുത്തു. ഇതോടെ സണിനെ തേടി ലണ്ടനിൽ നിന്നും വിളിയെത്തി.

2015 ൽ മൗറീഷ്യോ പൊച്ചറ്റെനോയാണ് സണിനെ സ്പർസിൽ എത്തിക്കുന്നത്. 22 മില്യൺ പൗണ്ടിന് ഇംഗ്ലണ്ടിൽ പറന്നിറങ്ങിയതോടെ ഹിദെതോഷി നകാറ്റയുടെ പേരിലുള്ള ഏറ്റവും വിലപ്പിടിപ്പുള്ള ഏഷ്യൻ താരമെന്ന റെക്കോർഡ് സൺ സ്വന്തം പേരിലാക്കി. ആദ്യ സീസണിൽ സണിന് നേരിയ അവസരങ്ങൾ മാത്രമാണ് സ്പർസിൽ ലഭിച്ചത്. ഇതോടെ തനിക്ക് ടീം വിടണമെന്ന ആവശ്യവുമായി താരം കോച്ചിനെ പോയി കണ്ടു. സണിന്റെ പ്രതിഭയിൽ വിശ്വാസമുള്ള മൗറീഷ്യോ അയാളെ ടീമിൽ പിടിച്ചു നിർത്തി. പിന്നീട് കണ്ടത് ഒരു കൊറിയക്കാരൻ ഇംഗ്ലീഷ് മണ്ണിൽ തീർത്ത അസാമാന്യ മിന്നലാട്ടങ്ങൾ.

ഷിൻജി കഗാവയും, പാർക്ക് ജി സങ്ങും പോലെയുള്ള ഏഷ്യൻ താരങ്ങൾ പ്രീമിയർ ലീഗിൽ തീർത്ത ഒരു ലെഗസിയുണ്ട്. അതിന് ഒരു തരി പോലും കോട്ടം തട്ടാത്ത തരത്തിൽ സൺ കളിക്കളത്തിൽ നിറഞ്ഞു കളിച്ചു. വിങ്ങിലെ വേഗതയും ഗോളടിക്കാനുള്ള മികവും കൊണ്ട് സൺ ഏറ്റവും മികച്ച ഏഷ്യൻ താരത്തിന്റെ കസേരയിൽ അതിവേഗം ഇരുപ്പുറപ്പിച്ചു. ഗോളടിച്ചും അടിപ്പിച്ചും ടീമിനെ മുന്നോട്ട് നയിച്ച സണിനെ തേടി ഒരു പിടി റെക്കോർഡുകളുമെത്തി. പ്രീമിയർ ലീഗിൽ 100 ഗോൾ നേടുന്ന ആദ്യ ഏഷ്യൻ താരവും, ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യ ഏഷ്യൻ താരവും സൺ തന്നെയാണ്.

2019 സണിന്റെ കരിയറിലെ സംഭവ ബഹുലമായ വർഷമായിരുന്നു. പ്രവചനകളെയെല്ലാം കാറ്റിൽ പറത്തി അന്ന് ടോട്ടൻഹാം ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ കടന്നു. ലിവര്പൂളിനോട് ഏകപക്ഷീമായ രണ്ട് ഗോളിന് തോറ്റ് മടങ്ങിയെങ്കിലും സണും കെയ്‌നും അടക്കമുള്ളവരുടെ പോരാട്ട വീര്യത്തെ ആരാധകർ കയ്യടികൾ കൊണ്ട് വരവേറ്റു. അതെ വർഷം നവംബറിലെ എവെർട്ടണത്തിനെതിരായ മത്സരം. പന്തുമായി മുന്നേറിയ ആന്ദ്രേ ഗോമസിന് പിന്നിൽ നിന്നും സൺ ഒരു ടാക്കിൾ ചെയ്യുന്നു. പന്തെടുക്കാൻ നടത്തിയ ശ്രമം കലാശിച്ചത് ഭീകരമായ ഒരു ഫൗളിൽ. ആങ്കിളിന് പരിക്കേറ്റ ഗോമസ് ഗ്രൗണ്ടിൽ കിടന്ന് പിടയുമ്പോൾ തന്റെ കയ്യബദ്ധത്തെ ഓർത്ത് അയാളുടെ മുഖം വിളറി ചുവന്നു. റഫറി ചുവപ്പ് കാർഡ് വീശിയതിന് പിന്നാലെ കുറ്റബോധം കൊണ്ട് താഴ്ന്ന തലയുമായി സൺ കളം വിട്ടു. പൊതുവെ ശാന്ത സ്വഭാവക്കാരനായ സൺ സ്വന്തം സഹതാരമായ ഹ്യുഗോ ലോറീസുമായി വാക്കുതറക്കത്തിൽ ഏർപ്പെടുന്നതിനും അതെ വർഷം ആരാധകർ സാക്ഷിയായി.

2019 ഡിസംബർ 7, ബേൺലി - ടോട്ടൻഹാം മത്സരത്തിൽ സൺ കാണികളെ ഒന്നടങ്കം ഞെട്ടിച്ചു. സ്വന്തം ബോക്സിൽ നിന്നും പന്തുമായി മുന്നേറിയ താരത്തെ തടയാൻ ബേൺലി താരങ്ങൾ പഠിച്ച പണി പതിനെട്ടും നോക്കി. പക്ഷെ 7 താരങ്ങളെ മറിക്കടന്ന്‌ സൺ എടുത്ത് ഷോട്ട് ബേൺലി വലകുലുക്കി. പിന്നാലെ പുഷ്കാസ് പുരസ്ക്കാരം തേടിയെത്തി.

ഒപ്പം വന്നവരും പിന്നെ വന്നവരുമടക്കം പലരും ടീം വിട്ടിട്ടും അയാൾ ടോട്ടൻഹത്തിൽ തുടർന്നു. കാരണം സണ്ണിന് ഫുടബോൾ എന്നത് കേവലം കിരീടങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നില്ല. അത് അയാളുടെ ജീവാത്മാവായിരുന്നു. അയാളുടെ ആ അടങ്ങാത്ത നിശ്ചയദാർഢ്യത്തിന് കാലം കാത്തുവെച്ച സമ്മാനമായിരുന്നു ഇക്കഴിഞ്ഞ യൂറോപ്പ ലീഗ്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ടോട്ടൻഹാം 17 വർഷങ്ങൾക്ക് ശേഷം കിരീടമുയർത്തുമ്പോൾ ഒരു നിയോഗമെന്ന പോലെ ക്യാപ്റ്റൻ ആം ബാണ്ടിരുന്നത് സണിന്റെ കൈകളിൽ. അഭിമാനത്തിന്റെ കണ്ണുനീർ കൊണ്ട് അയാളുടെ കണ്ണുകൾ വെള്ളാരം കല്ല് കണക്കെ തിളങ്ങി. അനശ്വരമായ ഒരു കരിയറിന് അർഹിച്ച ഒരു പൊൻതിളക്കം.

സണിന്റെ പുതിയ മേച്ചിൽ പുറം അമേരികയാണ്. ലോസ് ആഞ്ചൽസിനൊപ്പം കരാർ ഒപ്പിട്ട താരം ഇനി എം.എൽ.എസിൽ പന്തുതട്ടും. വിങ്ങിലൂടെയുള്ള അയാളുടെ മിന്നലാട്ടങ്ങളും മഴവില്ലഴകിൽ പറന്നിറങ്ങുന്ന ഷോട്ടുകളും ഇംഗ്ലണ്ടിലെ പുൽത്തകിടുകൾ എന്നും ഓർക്കും. 

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News