ഇറ്റലിയുടെ അപരാജിത കുതിപ്പിന് വിരാമം;സ്‌പെയിന്‍ യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍

ഇറ്റലിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്‌പെയിന്‍ തകര്‍ത്തത്

Update: 2021-10-07 08:41 GMT
Editor : dibin | By : Web Desk
Advertising

37 മത്സരങ്ങള്‍ നീണ്ട ഇറ്റലിയുടെ അപരാജിത കുതിപ്പിന് ഒടുവില്‍ സ്‌പെയിന്‍ തടയിട്ടു. റോമില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ആതിഥേയരെ വീഴ്ത്തി സ്‌പെയിന്‍ യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍. സെമിയില്‍ ഇറ്റലിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്‌പെയിന്‍ തകര്‍ത്തത്. യുവതാരം ഫെറാന്‍ ടോറസിന്റെ ഇരട്ടഗോളാണ് സ്‌പെയിന് വിജയം സമ്മാനിച്ചത്. 17, 45+2 മിനിറ്റുകളിലായിരുന്നു ടോറസിന്റെ ഗോളുകള്‍. ഇറ്റലിയുടെ ആശ്വാസഗോള്‍ 83-ാം മിനിറ്റില്‍ ലോറന്‍സോ പെല്ലെഗ്രിനി നേടി.

ക്യാപ്റ്റന്‍ ലിയനാര്‍ഡോ ബൊനൂച്ചി 42-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയതിനാല്‍ 10 പേരുമായാണ് ഇറ്റലി മത്സരത്തിന്റെ ഭൂരിഭാഗം സമയവും കളിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ബെല്‍ജിയം - ഫ്രാന്‍സ് രണ്ടാം സെമി ഫൈനല്‍ വിജയികളാകും സ്‌പെയിനിന്റെ എതിരാളികള്‍. മാസങ്ങള്‍ക്കു മുമ്പ് നടന്ന യൂറോ കപ്പ് സെമിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലിയോട് സ്‌പെയിന്‍ പരാജയപ്പെട്ടിരുന്നു.

ബാര്‍സിലോനയുടെ 17 കാരന്‍ താരം ഗാവിക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയാണ് സ്‌പെയിന്‍ അന്തിമ ഇലവനെ പ്രഖ്യാപിച്ചത്. ഇതോടെ, രാജ്യാന്തര ഫുട്‌ബോളില്‍ അരങ്ങേറുന്ന പ്രായം കുറഞ്ഞ സ്പാനിഷ് താരമെന്ന റെക്കോര്‍ഡ് ഗാവിയുടെ പേരിലായി. ബാര്‍സയ്ക്കായി അരങ്ങേറി ഒരു മാസം പിന്നിടുമ്പോഴാണ് ഗാവിയുടെ രാജ്യാന്തര ഫുട്‌ബോളിലെ അരങ്ങേറ്റം.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News