സെസ്നിയുടെ കോട്ട അത്ര പെട്ടെന്നൊന്നും പൊളിയില്ല; എംബാപ്പെ വിയര്‍ക്കും

ഗ്രൂപ്പ് ഘട്ടത്തിൽ സെസ്‌നി നടത്തിയ അവിസ്മരണീയ പ്രകടനങ്ങളാണ് പോളണ്ടിന് പ്രീ ക്വാർട്ടറിലേക്കുള്ള വഴി തുറന്നത്

Update: 2022-12-04 13:49 GMT
Advertising

ദോഹ: ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്  പോളണ്ടിനെ നേരിടാനിറങ്ങുമ്പോൾ അവരേറ്റവും ഭയക്കേണ്ടത് പോളണ്ടിനെ വിശ്വസ്തനായ കാവല്‍ ഭടന്‍ വോസിയെച്ച് സെസ്‌നിയെയാണ്.  ഗ്രൂപ്പ് ഘട്ടത്തിൽ സെസ്‌നി നടത്തിയ അവിസ്മരണീയ പ്രകടനങ്ങളാണ് പോളണ്ടിന് പ്രീ ക്വാർട്ടറിലേക്കുള്ള വഴി തുറന്നത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടേതടക്കം രണ്ട്  പെനാല്‍ട്ടികളാണ് സെസ്നി ഗ്രൂപ്പ് ഘട്ടത്തില്‍ അതിശയകരമായി സേവ് ചെയ്തത്.

ഗ്രൂപ്പ് സിയിൽ അർജന്റീനക്കെതിരായ മത്സരത്തിൽ സെസ്‌നി നടത്തിയ ഒറ്റ പ്രകടനം മതിയാവും എംബാപ്പെ നയിക്കുന്ന ഫ്രഞ്ച് പടക്ക് പോളിഷ് പ്രതിരോധക്കോട്ട അത്ര പെട്ടെന്നൊന്നും പൊളിയില്ലെന്ന് മനസിലാക്കാന്‍.  അര്‍ജന്‍റീന പോളണ്ട് മത്സരം അക്ഷരാര്‍ത്ഥത്തില്‍ അര്‍ജന്‍റീന സെസ്നി പോരാട്ടമായിരുന്നു.  ഒരു പെനാല്‍ട്ടിയടക്കം അര്‍ജന്‍റീനയുടെ ഗോളെന്നുറപ്പിച്ച  നിരവധി അവസരങ്ങളാണ് സെസ്നിക്ക് മുന്നില്‍ നിഷപ്രഭമായത്. 

മത്സരത്തിന്‍റെ 36-ാം മിനിറ്റിലായിരുന്നു  അര്‍ജന്‍റീനക്ക് പെനാല്‍ട്ടി ലഭിച്ചത്. കിക്കെടുക്കാനെത്തിയത് സാക്ഷാല്‍ ലയണല്‍ മെസ്സി. ഗോള്‍ പോസ്റ്റിന്റെ വലതുഭാഗത്തേക്കുള്ള താരത്തിന്‍റെ ശക്തിയേറിയൊരു ഷോട്ട് പറന്നുയര്‍ന്ന് അത്ഭുതകരമായാണ് സെസ്‌നി തട്ടിയകറ്റിയത്. 2022 ലോകകപ്പിലെ ഏറ്റവും മികച്ച സേവുകളിലൊന്നാണിത്. 

കളിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ ആക്രമിച്ച് കളിച്ചാണ് അര്‍ജന്റീന തുടങ്ങിയത്. പത്താം മിനിറ്റിൽ പോളണ്ട് വല ലക്ഷ്യമാക്കിയുള്ള മെസിയുടെ ഷോട്ട് ​ സെസ്നി തട്ടിയകറ്റി.  33-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയുടെ തകര്‍പ്പന്‍ കോര്‍ണര്‍ കിക്ക് മഴവില്ല് പോലെ വളഞ്ഞ് വലയിലേക്ക് വീഴാനൊരുങ്ങിയെങ്കിലും സെസ്‌നിയുടെ കൃത്യമായ ഇടപെടലില്‍ അത് ഗോളായില്ല. അങ്ങിനെ അഞ്ചോളം ഗോളെന്നുറപ്പിച്ച അവസരങ്ങള്‍ സെസ്നിക്ക് മുന്നില്‍ നിഷ്പ്രഭമായി.

 നേരത്തേ സൌദിക്കെതിരായ പോരാട്ടത്തിലും സെസ്നി ഒരു പെനാല്‍ട്ടി സേവ് ചെയ്തിരുന്നു. പോളണ്ട് ആ മത്സരം വിജയിക്കാന്‍ പോലും കാരണമായത് സെസ്നിയുടെ അതിശയകരമായ പ്രകടനമാണ്.  അതിനാല്‍ തന്നെ എംബാപ്പെ അടക്കമുള്ളവര്‍ അണിനിരക്കുന്ന ഫ്രാന്‍സിന്‍റെ പേരു കേട്ട മുന്നേറ്റ നിരക്ക് സെസ്നിയുടെ കോട്ട പൊളിക്കല്‍ അത്ര എളുപ്പമാവില്ല.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News