യൂറോപ്പ ലീഗിൽ ടോട്ടനം മുത്തം; അവസാനിച്ചത് തലമുറകളുടെ കാത്തിരിപ്പ്
24 വർഷങ്ങൾ..മാറിവന്നത് 16 മാനേജർമാർ..പക്ഷേ ഒരേ ഒരു കിരീടം...ക്ലബ് മുതലാളിക്കെതിരെ ടോട്ടനം സ്റ്റേഡിയത്തിൽ ഇങ്ങനെയൊരു ബാനറുയർത്തിട്ട് അധികം ദിവസങ്ങളായിട്ടില്ല
എസ്റ്റാഡിയോ ഡെ സാൻ മമെസിൽ അവസാന വിസിലുയർന്നു. അന്നേരം ടിവി ക്യാമകൾ സൂം ചെയ്തത് പൊട്ടിക്കരയുന്ന ഒരു ടോട്ടനം ആരാധകന്റെ മുഖത്തേക്കായിരുന്നു. വെള്ളപുതച്ച് സ്പെയിനിലേക്ക് വന്ന ഓരോ ടോട്ടനം ആരാധകനും ഒടുവിൽ ആ മധുരം അറിഞ്ഞു. ഇതുവരെ നുണയാത്ത കിരീടത്തിന്റെ മധുരം. ഫുട്ബോളിലെ ഐക്കോണിക് മൊമന്റുകൾക്കെല്ലാം അകമ്പടിയാകാറുള്ള പീറ്റർ ഡ്റ്യൂറിയുടെ മാന്ത്രിക ശബ്ദത്തിൽ കമന്ററി അലയടിച്ചു. how they have waited..how they have thursted...glory glory tottenham hotspurs. പീറ്റർ ഡ്റ്യൂറി പറഞ്ഞപോലെ ഈ ഒരു നിമിഷത്തിനായി അവർ എത്രകാലം കാത്തിരുന്നു, എത്രമാത്രം ദാഹിച്ചു...
സത്യത്തിൽ പോയ ഒന്നരപ്പതിറ്റാണ്ടിലെ താരത്തിളക്കവും പെർഫോൻസും നോക്കുമ്പോൾ അവർ യൂറോപ്പ ലീഗിനേക്കാൾ അർഹിച്ചിരുന്നു. പ്രീമിയർ ലീഗിലെ ടോപ്പ് ഫോർ എന്ന കഠിനകഠോരമായ കടമ്പ പിന്നിട്ട് പലകുറി അവർ ചാമ്പ്യൻസ് ലീഗിൽ പന്തുതട്ടി. ഒരുതവണ ചാമ്പ്യൻസ് ലീഗിൽ കലാശപ്പോരിനിറങ്ങി. ഒരുതവണ പ്രീമിയർ ലീഗിൽ രണ്ടാമതുമെത്തി. ഹാരികെയ്നും ഗാരെത് ബെയ്ലും ഹ്യൂങ് മിൻ സണും അടക്കമുള്ള പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരങ്ങൾ പന്ത് തട്ടിയത് അവിടെയാണ്. പക്ഷേ കിരീടമില്ലെന്ന ക്രൂരമായ പരിഹാസം മാത്രം അവിടെ ബാക്കിയായി. എതിർടീമുകളുടെ താരങ്ങളും ആരാധകരും മുതൽ പരിശീലകർവരെ ആ പരിഹാസം അവർക്ക് മേൽ വാരിവിതറി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ലണ്ടനിൽ നിന്ന് തന്നെയുള്ള ക്രിസ്റ്റൽ പാലസ് എഫ്എ കപ്പ് കൂടി നേടിയതോടെ ആ പരിഹാസം കനത്തു.
ആ പരിഹാസത്തിനാണെങ്കിൽ അവർക്ക് മറുപടിയുമില്ലായിരുന്നു. ഏറ്റവുമൊടുവിൽ അവർ ലീഗ് കിരീടം നേടിയത് 1961ലാണ്. എഫ്എ കപ്പിൽ മുത്തമിട്ടത് 1991ൽ. യുവേഫ കപ്പിൽ 1972ൽ. 20ാം നൂറ്റാണ്ടിൽ അവരാകെ നേടിയത് 2008ലെ കരബാവോ കപ്പാണ്. പക്ഷേ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം സീസണുകളിലൊന്ന് അവർ കിരീടത്തോടെ അവസാനിപ്പിച്ചിരിക്കുന്നു. പ്രീമിയർ ലീഗിലെ റെലഗേഷൻ സോണിന് തൊട്ടുമുകളിലുള്ളവർ യൂറോപ്പിലെ പ്രസ്റ്റീജിയസ് ട്രോഫി നേടുന്ന അപൂർവ്വത.
24 വർഷങ്ങൾ..മാറിവന്നത് 16 മാനേജർമാർ..പക്ഷേ ഒരേ ഒരു കിരീടം...ക്ലബ് മുതലാളിക്കെതിരെ ടോട്ടനം സ്റ്റേഡിയത്തിൽ ബാനറുയർത്തിട്ട് അധികം ദിവസങ്ങളായിട്ടില്ല. ഈ നേട്ടം സണിനും ആരാധകർക്കും സ്വപ്നസാഫല്യവും കോച്ച് പോസ്റ്റകോഗ്‍ലുവിന് അഭിമാനവുമാണെങ്കിൽ ഉടമ ഡാനിയൽ ലെവിക്കിത് ആശ്വാസമാണ്.
ഇന്നലെത്തെ ദിനം അവർക്കായി മുമ്പേ കുറിക്കപ്പെട്ടാതിരുന്നുവെന്ന് തോന്നുന്നു. യുനൈറ്റഡ് പലകുറി അവരുടെ നെഞ്ചിലേക്ക് തീ കോരിയിട്ടുണ്ട്. പക്ഷേ ഈ ദിവസത്തിൽ അവർക്ക് അദൃശ്യമായ കാവലുണ്ടായിരുന്നുവെന്നാണ് തോന്നിച്ചത്. 68ാം മിനുറ്റിൽ റാസ്മസ് ഹോയ്‍ലണ്ടിന്റെ ഹെഡർ വലയെ ലക്ഷ്യമിടുമ്പോൾ തടുക്കാൻ ഗോൾകീപ്പർപോലുമുണ്ടായിരുന്നില്ല.പക്ഷേ ജാഗരൂകനായ മിക്കി വാൻ ഡെവൻ അത് ക്ലിയർ ചെയ്യുന്നു.
71ാം മിനുറ്റിൽ നുസൈർ മസ്റാവി നീട്ടിനൽകിയ പന്ത് ബ്രൂണോ ഹെഡ് ചെയ്തെങ്കിലും പോയത് പോസ്റ്റിന് പുറത്തേക്ക്. തൊട്ടുപിന്നാലെ ഗാർണാച്ചോ കുതിച്ചുപാഞ്ഞെങ്കിലും വിക്കാരിയോ തട്ടിയകറ്റി. ഇഞ്ച്വറി ടൈമിന് അവസാനം ലൂക്ക് ഷോയുടെ തണ്ടർ ഹെഡറും അവിശ്വസനീയമായം വിധമം വിക്കാരോ തടുത്തിട്ടു. അവസാന നിമിഷമുള്ള കാസിമിറോയുടെ അക്രാബാറ്റിക് കിക്ക് കൂടി പുറത്തേക്ക് പോയതോടെയാണ് അവർക്ക് ശ്വാസം നേരെ വീണത്. യുനൈറ്റഡ് വലയിലേക്ക് ആകെത്തൊടുത്ത ഒരേ ഒരു ഷോട്ട് ഗോളാക്കിമാറ്റി അവർ ചാമ്പ്യൻസ് ലീഗിലേക്ക്. അർജന്റീനക്കൊപ്പം ഫൈനലുകളുടെ സമ്മർദമേറ്റ് പരിചയമുള്ള ക്രിസ്റ്റ്യൻ റൊമേറോ തകർത്തുകളിച്ച് കളിയിലെ താരമായി.
എന്താണ് അപ്പുറത്ത് യുനൈറ്റഡിന്റെ സ്ഥിതി. പ്രീമിയർ ലീഗിൽ നാണക്കേടിന്റെ പേമാരിയിൽ നനഞ്ഞുകുതിരുമ്പോൾ യുനൈറ്റഡ് ആരാധകർ കണ്ട അവസാന വെളിച്ചമായിരുന്നു യൂറോപ്പ ലീഗ്. പ്രീമിയർ ലീഗിന്റെ നേർവിപരീതത്തിൽ യൂറോപ്പിൽ പന്തുതട്ടിയ അവർ വല്ലാത്ത പ്രതീക്ഷയിലുമായിരുന്നു. ഒടുവിൽ ഒന്നുമില്ലാതെ സീസൺ അവസാനിപ്പിക്കുന്നു. പോയ സീസണിൽ പറഞ്ഞുനിൽക്കാൻ ഒരു എഫ്എ കപ്പ് എങ്കിലുമുണ്ടായിരുന്നു. ഇക്കുറി പക്ഷേ യൂറോപ്പ ലീഗിലെ മിറാക്കിൾ കംബാക്കും ഒരു ഡെർബി ജയവുമല്ലാതെ ഓർത്തിരിക്കാൻ അവർക്ക് ഒന്നുമില്ല. ചാമ്പ്യൻസ് ലീഗില്ലാത്തതിനാൽ തന്നെ ട്രാൻസ്ഫർ വിപണിയിലും ബ്രാൻഡിങ്ങിലുമെല്ലാം വലിയ തിരിച്ചടികൾ അവരെ കാത്തിരിക്കുന്നു.
മുമ്പ് ടോട്ടനവുമായുള്ള മത്സരത്തിന് ഒരുങ്ങുമ്പോൾ തന്റെ താരങ്ങളെ മോട്ടിവേറ്റ് ചെയ്യാൻ സർ അലക്സ് ഫെർഗ്യൂസൺ പറഞ്ഞ ഒരു വാചകമുണ്ട്.. ‘ലാഡ്സ്.. ഇറ്റ്സ് ടോട്ടൻഹാം’. ടോട്ടനത്തോടുള്ള പുച്ഛവും പരിഹാസവുമെല്ലാം ചേർന്നതായിരുന്നു ആ വാചകം. അന്നത്തെ യുനൈറ്റഡിന് അത് പറയാനുള്ള പ്രതാപവുമുണ്ടായിരുന്നു. ഇന്നെന്താണ് സ്ഥിതി. സീസണിൽ മോശം ഫോമിലുള്ള ടോട്ടനത്തോട് നാലാംതവണയാണ് യുനൈറ്റഡ് തോൽക്കുന്നത്. പ്രീമിയർ ലീഗിൽ രണ്ട് തവണയും ലീഗ് കപ്പിൽ ഒരുതവണയും നേരത്തേ പരാജയപ്പെട്ടിരുന്നു.
നാണക്കേടുകളിലും യുനൈറ്റഡ് റെക്കോർഡുകൾ കുറിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിലെ യുനൈറ്റഡ് ചരിത്രത്തിലെ ഏറ്റവും കുറച്ച് പോയന്റ്, ഏറ്റവും കുറച്ച് വിജയം, ഏറ്റവുമധികം തോൽവി, കുറഞ്ഞ ഗോൾ നേട്ടം, കൂടിയ ഗോൾ കൺസീഡിങ്, വിജയമില്ലാത്ത തുടർച്ചയായ മത്സരങ്ങൾ എന്നിവയിലെല്ലാം യുനൈറ്റഡ് റെക്കോർഡിട്ടു. ആ ചോദ്യം അവിടെ ബാക്കിയാകുന്നു. പ്രശ്നം ആരുടേതാണ്?