പെനാൽറ്റി രക്ഷപ്പെടുത്തി ഗുർപ്രീത്; വിയറ്റ്‌നാമിനെതിരെ ഇന്ത്യക്ക് സമനില 1-1

ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ഇന്ത്യ 53ാം മിനിറ്റിൽ ഫാറൂഖ് ചൗധരിയുടെ ഗോളിലാണ് സമനില പിടിച്ചത്.

Update: 2024-10-12 13:48 GMT
Editor : Sharafudheen TK | By : Sports Desk

ഹാനോയ്: വിയറ്റ്‌നാമിനെതിരായ സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് സമനില. ഇരു ടീമുകളും ഓരോ ഗോൾവീതം നേടി. 38ാം മിനിറ്റിൽ  ഗുർപ്രീത് സിങിന്റെ സെൽഫ് ഗോളിൽ വിയറ്റ്‌നാമാണ് ആദ്യം മുന്നിലെത്തിയത്. 53ാം മിനിറ്റിൽ ഫാറൂഖ് ചൗധരിയുടെ ഗോളിൽ ഇന്ത്യ സമനില പിടിച്ചു. മത്സരത്തിൽ 11ാം മിനിറ്റിൽ വിയറ്റ്‌നാമിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. എന്നാൽ കിക്ക് തടുത്തിട്ട് ഗുർപ്രീത് രക്ഷകനാകുകയായിരുന്നു.

Advertising
Advertising

 രണ്ടാം മിനിറ്റിൽ വിയറ്റ്‌നാം ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യക്കെതിരെ ആതിഥേയർ പിടിമുറുക്കി. എന്നാൽ അതിവേഗം കളിയിലേക്ക് മടങ്ങിയെത്തിയ നീലപട വിങുകളിലൂടെ മുന്നേറി. എന്നാൽ 11ാം മിനിറ്റിൽ ബോക്‌സിൽ രാഹുൽ ബേക്കെ വിയറ്റ്‌നാം താരത്തെ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ പെനാൽറ്റി കൈപിടിയിലൊതുക്കി ഗുർപ്രീത് ഇന്ത്യക്ക് ആശ്വാസമേകി. 38ാം മിനിറ്റിൽ വിയറ്റ്‌നാം മത്സരത്തിലെ ലീഡെടുത്തു. ഇന്ത്യൻ ബോക്‌സിലേക്കെത്തിയ ക്രോസിൽ നിന്നാണ് ഗോൾവന്നത്. പന്ത് തട്ടിയകറ്റുന്നതിൽ ഗുർപ്രീതിന് പിഴച്ചു

ആദ്യ പകുതിയിൽ ഒരു ഗോൾ വഴങ്ങിയ ഇന്ത്യ രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ചു കളിച്ചു. 53ാം മിനിറ്റിൽ ഫൂറൂഖ് ചൗധരിയിലൂടെ സമനില പിടിച്ചു. അൻവർ അലി നൽകിയ ലോങ്‌ബോൾ സ്വീകരിച്ച് മുന്നേറിയ ഫാറൂഖ് പ്രതിരോധ താരങ്ങളെ മറികടന്ന് ഗോൾകീപ്പർക്ക് തലക്ക് മുകളിലൂടെ പന്ത് വലയിലാക്കി. അവസാന മിനിറ്റുകളിൽ വിജയഗോളിനായി ഇരുടീമുകളും മുന്നേറ്റം ശക്തമാക്കിയെങ്കിലും പ്രതിരോധത്തിൽ തട്ടി ലക്ഷ്യം അകന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News