'പെണ്ണുങ്ങളുടെ ഖത്തർ ലോകകപ്പ്'; കായിക മാമാങ്കത്തിന്റെ സംഘാടനത്തിന് ചുക്കാൻ പിടിച്ച് പെൺപട

കളിയിലെ വനിത റഫറിമാരുടെ ഇടപെടലിനെ കായികലോകം എങ്ങനെ വിലയിരുത്തുമെന്ന് കാത്തിരുന്ന് കാണാം

Update: 2022-06-18 17:15 GMT
Editor : afsal137 | By : Web Desk
Advertising

ഖത്തർ ഫിഫ ലോകകപ്പിനായി കാത്തിരിക്കുകയാണ് ലോക ഫുട്‌ബോൾ പ്രേമികൾ. ലോകകപ്പിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഖത്തറും. സ്ത്രീ പ്രാതിനിധ്യംകൊണ്ട് ഇത്തവണത്തെ ലോകകപ്പ് ചരിത്രത്താളുകളിൽ തങ്കലിപികളാൽ കുറിക്കപ്പെടുമെന്ന് തീർച്ചയാണ്. ഇത് പെണ്ണുങ്ങളുടെയും ലോകകപ്പാണ്. കായിക മാമാങ്കത്തിന്റെ സംഘാടനത്തിന് ചുക്കാൻ പിടിക്കുകയാണ് ഒരുകൂട്ടം വനിതകൾ.  ഈ പെൺപട സംഘാടനത്തിൽ എന്ത് പുതുമ കൊണ്ടുവരുമെന്ന് കാണാൻ അൽപ്പം കൂടി കാത്തിരിക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസം ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കിയപ്പോൾ താരമായത് ഒരു വനിതയാണ്. ഖത്തർ ചിത്രകാരി ബുഥയ്ന അൽ മുഫ്ത. ഖത്തറിന്റെ പൈതൃകം പ്രഖ്യാപിക്കുന്ന പോസ്റ്ററുകൾ ഡിസൈൻ ചെയ്തതു മുപ്പത്തിയഞ്ചുകാരി ബുഥയ്‌നയാണ്. ലോകകപ്പിന്റെ മുന്നണിയിലും പിന്നണിയിലുമായി ഇങ്ങനെ മിന്നിത്തിളങ്ങുന്ന വനിതകൾ ഒട്ടേറെയുണ്ട്.

ഫിഫയുടെ സെക്രട്ടറി ജനറൽ സെനഗലുകാരി ഫത്മ സമൂറയാണ് ലോകകപ്പ് സംഘാടക സംഘത്തിൽ ഏറ്റവും ഉന്നതിയിലിരിക്കുന്ന വനിത


  ഫത്മ സമൂറ

ഈ പദവിയിലെത്തുന്ന ആദ്യ വനിതയായ ഫത്മയ്ക്ക് ലോകകപ്പ് സംഘാടനത്തിൽ മികവ് പുലർത്താൻ സാധിക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ധീരമായ നിലപാടുകൾ സ്വീകരിക്കുന്നതിൽ പ്രശസ്തയാണവൾ. 2016ൽ യുദ്ധവീരൻമാരുടെ ഓർമദിനം കളിക്കളത്തിൽ ആചരിക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തിനെതിരെ ഒരിക്കൽ അവർ രംഗത്തുവരികയുണ്ടായി. 'യുദ്ധം കൊണ്ടു കഷ്ടപ്പെട്ട ഒട്ടേറെ രാജ്യങ്ങൾ ലോകത്തുണ്ട്. അപ്പോൾ യുദ്ധം ആഘോഷിക്കാനുള്ള ബ്രിട്ടന്റെ ശ്രമം അനുവദിക്കാനാവില്ല..'- ഫത്മ അന്ന് തുറന്നടിച്ചു.

ലോകകപ്പിന്റെ പ്രാദേശിക സംഘാടക സമിതിയിലും നിരവധി വനിതകളുണ്ട്.


  ഡോ.തലാർ, മറിയം, അഫ്ര

 ലോകകപ്പ് ഫുട്‌ബോൾ സാഹചര്യം ഉപയോഗപ്പെടുത്തി കുട്ടികളെ ശാക്തീകരിക്കാനുള്ള ജനറേഷൻ അമേസിങ്ങിന്റെ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ മൊസ അൽ മൊഹന്നദി, ലോകകപ്പ് വൊളന്റിയർമാർക്കു പരിശീലനം നൽകുന്ന ജോസുർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടർ അഫ്ര അൽ നുഐമി, ഡിജിറ്റൽ സർവീസസ് ആൻഡ് ഇന്നൊവേഷൻ ഡയറക്ടർ മറിയം അൽ മുഫ്ത, ഇന്റർനാഷനൽ മീഡിയ റിലേഷൻസ് എക്‌സ്പർട്ട് സ്‌പെയിൻകാരി ഇസബൽ ദവലോസ്, ഡിജിറ്റൽ കമ്യൂണിറ്റി മാനേജർ ബ്രിട്ടിഷ്- സൊമാലിയൻ വംശജ ആഷ ഹുസൈൻ, പരിസ്ഥിതി-സുസ്ഥിര വികസന മാർഗനിർദേശക അർമീനിയൻ വംശജ ഡോ. തലാർ സഹ്‌സുവറോഗ്ലു, സെറിമണീസ് ഡയറക്ടർ ഓസ്‌ട്രേലിയക്കാരി ജെന്നി ലീ വാൻ ഗെൽഡർ എന്നിവരെല്ലാം ലോകകപ്പ് സംഘാടനത്തിനു മുൻനിരയിലുണ്ട്.

പുരുഷന്മാരുടെ മത്സരം നിയന്ത്രിക്കാൻ വനിതകളെത്തുന്നുവെന്ന കാര്യം ഖത്തർ ലോകകപ്പിന്റെ മാറ്റു കൂട്ടുമെന്നത് തീർച്ചയാണ്. 3 പ്രധാന റഫറിമാരും 3 അസിസ്റ്റന്റ് റഫറിമാരുമാണ് വനിതകളായി ഫിഫ സംഘത്തിലുള്ളത്.


  ആഷ, ഇസബെൽ, സ്റ്റെഫാനി, ജെന്നി, ബുഥയ്ന, മൊഹന്നദി.

പ്രധാന റഫറിമാരായി ഫ്രാൻസിന്റെ സ്റ്റെഫാനി ഫ്രപ്പാർട്ട്, റുവാണ്ടയുടെ സലിമ മുകൻസംഘ, ജപ്പാന്റെ യോഷിമി യമഷിത എന്നിവരും അസിസ്റ്റന്റ് റഫറിമാരായി ബ്രസീലിന്റെ നിയുസ ബാക്, മെക്സിക്കോയുടെ കരൻ ഡയസ്, അമേരിക്കയുടെ കത്രിൻ നെസ്ബിറ്റ് എന്നിവരുമാണുള്ളത്. കളിയിലെ വനിത റഫറിമാരുടെ ഇടപെടലിനെ കായികലോകം എങ്ങനെ വിലയിരുത്തുമെന്ന് കാത്തിരുന്ന് കാണാം. 'ഇതു ഞങ്ങളുടെ ആദ്യ ലോകകപ്പാണ്. ഈ പന്ത് എല്ലാവരുടേതുമാണ്...' ലോകകപ്പ് സംഘാടന സമിതി നയം വ്യക്തമാക്കി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News