നിങ്ങളുടെ സ്‌പോൺസർഷിപ്പ് വേണ്ട; റഷ്യൻ കമ്പനിയെ ബഹിഷ്‌കരിച്ച് ഷാൽക്കെ ഫുട്‌ബോൾ ക്ലബ്
ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാ പ്രകൃതിവാതക കമ്പനിയാണ് ഗ്യാസ്‌പ്രോം
യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് പിന്നാലെ റഷ്യൻ കമ്പനിയുടെ സ്‌പോൺസർഷിപ്പ് ഒഴിവാക്കി ജർമൻ ബുണ്ടസ്‌ലീഗ ക്ലബ് ഷാൽക്കെ. റഷ്യൻ സർക്കാറിന് പങ്കാളിത്തമുള്ള ഗ്യാസ് ഇൻഡസ്ട്രി കമ്പനി ഗ്യാസ്‌പ്രോമിന്റെ സ്‌പോൺസർഷിപ്പാണ് ഷാൽക്കെ ഉപേക്ഷിച്ചത്. ക്ലബിന്റെ പ്രൈമറി കിറ്റ് സ്‌പോൺസർമാരാണ് ഗ്യാസ് മേഖലയിലെ ഭീമനായ ഗാസ്‌പ്രോം. ഗ്യാസ്‌പ്രോമിന് പകരം ഷാൽക്കെ 4 എന്നെഴുതിയ ജഴ്‌സിയിട്ട് കളിക്കാനാണ് ക്ലബിന്‍റെ തീരുമാനം.
ക്ലബിന്റെ സൂപ്പർ അഡ്വൈസറി ബോർഡിൽ നിന്ന് ഗ്യാസ്‌പ്രോം എക്‌സിക്യൂട്ടീവ് രാജിവച്ചിട്ടുണ്ട്. ഷാൽക്കെ ജഴ്‌സിയിലെ ഗ്യാസ്‌പ്രോം ലോഗോ മറച്ചാണ് ജർമൻ പത്രമായ ബിൽഡ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത്. റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിന്റെ ജർമൻ സന്ദർശനത്തിനിടെയാണ് ഗ്യാസ്‌പ്രോം ഷാൽക്കെയുടെ സ്‌പോൺസർഷിപ്പ് ഏറ്റെടുത്തത്.
ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാ പ്രകൃതിവാതക കമ്പനിയാണ് ഗ്യാസ്‌പ്രോം. 2019ൽ 120 ബില്യൺ യുഎസ് ഡോളറാണ് കമ്പനിയുടെ വരുമാനം. 1940ൽ സ്ഥാപിക്കപ്പെട്ട കമ്പനിയുടെ ആസ്ഥാനം സെന്റ് പീറ്റേഴ്‌സ്ബർഗാണ്.
അതിനിടെ, യുവേഫ ചാമ്പ്യൻസ് ലീഗിന്റെ വേദി റഷ്യയിൽ നിന്ന് മാറ്റാനുള്ള ചർച്ചകൾ സജീവമായി. സെന്റ് പീറ്റേഴ്‌സ്ബർഗിലാണ് ഫൈനൽ നിശ്ചയിച്ചിട്ടുള്ളത്. റഷ്യയിൽ കളിക്കാനില്ലെന്ന് പോളണ്ട്, ചെക്ക് റിപ്പബ്ലിക്, സ്വീഡൻ താരങ്ങൾ അറിയിച്ചിരുന്നു.
റഷ്യയെ ഫിഫയിൽ നിന്ന് തന്നെ പുറത്താക്കണമെന്നാണ് യുക്രൈന്റെ ആവശ്യം. യൂറോപ്പ ലീഗിലെ ഇന്നലത്തെ മത്സരത്തിന് മുമ്പ് ബാഴ്‌സലോണയും നാപ്പോളിയും യുദ്ധത്തിനെതിരെ ബാനറുയർത്തി. അത്‌ലാൻറക്കായി ഇരട്ടഗോൾ നേടിയ യുക്രൈൻ താരം മലിനോവ്‌സ്‌ക്കിയും യുദ്ധത്തിനെതിരെ നിലപാട് വ്യക്തമാക്കി.
ടെന്നീസ് ലോക ഒന്നാം നമ്പർ താരം ഡാനിൽ മെദ്‌വദേവ് , ഫോർമുലവൺ ജേതാവ് മാക്‌സ് വേഴ്‌സറ്റപ്പൻ, മുൻ ചാമ്പ്യൻ സെബാസ്റ്റൻ വെറ്റൽ തുടങ്ങിയവരും യുക്രൈന് ഐക്യദാർഢ്യമറിയിച്ചു. വേഴ്‌സറ്റപ്പനും വെറ്റലും ഇത്തവണ റഷ്യൻ ഗ്രാൻഡ് പ്രിക്‌സിൽ കളിക്കില്ല.
റഷ്യയ്ക്ക് യുക്രൈനിൽ എന്താണ് കാര്യം?
യുഎസ് നേതൃത്വം നൽകുന്ന മുപ്പത് പാശ്ചാത്യൻ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോയിൽ അംഗത്വമെടുക്കാനുള്ള യുക്രൈന്റെ ശ്രമങ്ങളാണ് റഷ്യയെ ചൊടിപ്പിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് യുക്രൈൻ നാറ്റോയിൽ അംഗത്വം ആവശ്യപ്പെട്ടത്. അതിർത്തി രാഷ്ട്രത്തിൽ നാറ്റോ സഖ്യസേനയ്ക്ക് താവളമൊരുങ്ങുന്നത് റഷ്യ ആശങ്കയോടെയാണ് കാണുന്നത്. ശീതയുദ്ധ കാലത്തെ അനുഭവങ്ങൾ റഷ്യയെ ഭയപ്പെടുത്തുകയും ചെയ്യുന്നു. നാറ്റോയ്ക്കും തങ്ങൾക്കുമിടയിലെ 'നോ മാൻസ് ലാൻഡ്' ആയാണ് റഷ്യ യുക്രൈനെ കാണുന്നത്. നാറ്റോയിൽ അംഗത്വമെടുക്കുന്ന നിലപാടുമായി മുമ്പോട്ടു പോയാൽ കടുത്ത നടപടികൾക്കു വിധേയമാകുമെന്ന് റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിൻ നേരത്തെ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു.
എന്നാൽ തങ്ങൾ പരമാധികാര രാഷ്ട്രമാണ് എന്നും സ്വന്തം തീരുമാനവുമായി മുമ്പോട്ടുപോകുമെന്നും യുക്രൈൻ പ്രസിഡണ്ട് വ്‌ളോദിമിർ സെലൻസ്‌കി നിലപാടെടുത്തു. നേരത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാഷ്ട്രങ്ങൾക്ക് നാറ്റോ അംഗത്വം നൽകിയതാണ് സെലൻസ്‌കിയെ ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. ഇതോടെ യുക്രൈയൻ അതിർത്തികളിലും സഖ്യരാഷ്ട്രമായ ബെലറൂസിലും റഷ്യ സേനയെ വിന്യസിച്ചു. രണ്ടു ലക്ഷത്തിലേറെ സൈനികരാണ് അതിർത്തിയിൽ ഉണ്ടായിരുന്നത്. നാറ്റോയിൽ ചേരില്ലെന്ന ഉറപ്പ് യുക്രൈനിൽ നിന്നും പാശ്ചാത്യൻ രാജ്യങ്ങളിൽ നിന്നും ലഭിക്കണമെന്നാണ് പുടിന്റെ നിലപാട്.
മാറി നിൽക്കുന്ന യുഎസ്
യുദ്ധ ഭീഷണി ഉയർന്ന വേളയിൽ യുക്രൈനു വേണ്ടി നിലകൊണ്ട രാഷ്ട്രമാണ് യുഎസ്. ആവശ്യമെങ്കിൽ സൈനിക സഹായം നൽകുമെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. എന്നാൽ യുദ്ധം തുടങ്ങിയതിന് ശേഷം, സൈനിക നടപടികളിൽ നിന്നു വിട്ടു നിൽക്കുകയാണ് അമേരിക്ക. പകരം ഉപരോധം കടുപ്പിക്കുകയാണ് ചെയ്തത്. യുഎസിലുള്ള എല്ലാ സമ്പത്തും മരവിപ്പിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസിന് പുറമേ, യൂറോപ്പും റഷ്യയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഉപരോധം റഷ്യമായി കാര്യമായി അലട്ടില്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എണ്ണ, പ്രകൃതിവാതക കയറ്റുമതിയാണ് പ്രധാനമായും യൂറോപ്പുമായി റഷ്യക്കുള്ളത്. ഏത് ഉപരോധത്തിനിടയിലും അവ സുരക്ഷിതമായി കയറ്റി അയക്കപ്പെടും. കാരണം, അത് യൂറോപ്പിന്റെ കൂടി ആവശ്യമാണ്. എന്നാൽ നോർട് സ്ട്രീം-2 പൈപ്പ് ലൈൻ പദ്ധതി നിർത്തിവയ്ക്കാനുള്ള ജർമനിയുടെ തീരുമാനം റഷ്യക്ക് തിരിച്ചടിയാണ്. റഷ്യയിൽ നിന്ന് ജർമനി വരെ നീളുന്ന പ്രകൃതിവാതക പൈപ്പ്‌ലൈനാണ് നോർഡ് സ്ട്രീം 2. ചൈന നൽകുന്ന പിന്തുണയും റഷ്യക്ക് ബലമേകുന്നു. യുക്രൈനിൽ റഷ്യ നടത്തിയത് അധിനിവേശമല്ല എന്ന നിലപാടാണ് ചൈനയുടേത്.
മൂന്നാം ലോകയുദ്ധമോ?
റഷ്യ-യുക്രൈൻ യുദ്ധം മൂന്നാം ലോകമഹായുദ്ധത്തിന് കാരണമാകുമോ എന്ന് ലോകം ആശങ്കപ്പെടുന്നു. ആക്രമണം നീണ്ടു പോയാൽ ഇതോട് യുഎസും നാറ്റോയും എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുമിത്. എന്നാൽ ലോകമഹായുദ്ധമല്ല, രണ്ടാം ശീതയുദ്ധത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളതെന്ന് ചില വിദഗ്ധർ പറയുന്നു.
യുക്രൈനിൽ സർവാധിപത്യം സ്ഥാപിക്കാനായാൽ മധ്യയൂറോപ്പിൽ റഷ്യക്ക് കൂടുതൽ സ്വാധീനം ഉണ്ടാക്കാനാകും. യുക്രൈൻ അധീനതയിലായാൽ നാറ്റോ അംഗ രാജ്യങ്ങളായ പോളണ്ടിന്റെ കിഴക്കൻ അതിർത്തിയിലേക്കും സ്ലൊവാക്യ, ഹംഗറി, റൊമാനിയ രാജ്യങ്ങളുടെ വടക്കൻ അതിർത്തിയിലേക്കും റഷ്യക്ക് എളുപ്പത്തിൽ എത്താനാകും. അയൽരാജ്യമായ ബെലറൂസ് ഇപ്പോൾ തന്നെ റഷ്യൻ സഖ്യരാഷ്ട്രമാണ്. ഭൂമിശാസ്ത്രപരമായി റഷ്യയ്ക്ക് ലഭിക്കുന്ന ഈ മേധാവിത്വം എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ തുടങ്ങിയ ബാൾട്ടിക് രാഷ്ട്രങ്ങളും ഭീഷണിയാകും.
സമ്പദ് വ്യവസ്ഥയെ പിടിച്ചുലക്കും
കോവിഡ് മഹാമാരിയിൽ ഉലഞ്ഞ ആഗോള സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നതായിരിക്കും യുദ്ധം. യുദ്ധം ആരംഭിച്ച ആദ്യദിനം തന്നെ ക്രൂഡ് ഓയിൽ വിലയും സ്വർണവിലയും വർധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ വില 2014നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളെയാണ് ഇത് കൂടുതൽ ബാധിക്കുക. എണ്ണ വില വർധിക്കുന്നതോടെ വിലപ്പെരുപ്പവും ഗണ്യമായ രീതിയിൽ വർധിക്കും.
വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശനിക്ഷേപകർ കൂട്ടത്തോടെ ഓഹരി വിറ്റഴിക്കുന്ന സാഹചര്യവുമുണ്ടാകും. യുദ്ധത്തിന്റെ ആദ്യദിനം തന്നെ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് ഒലിച്ചു പോയത് 13 ലക്ഷം കോടിയിലേറെ രൂപയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണം കൂടുതൽ വാങ്ങിക്കൂട്ടുന്നത് മഞ്ഞലോഹത്തിന്റെ വില വർധിക്കാനും കാരണമാകും.