40 പന്തില്‍ സെഞ്ച്വറി; മാര്‍വലസ് മാക്സ്‍വെല്‍, വമ്പന്‍ റെക്കോര്‍ഡ്

നെതര്‍ലന്‍റ്സ് ബോളര്‍ ബാസ് ഡി ലീഡിന്റെ പത്തോവറില്‍ പിറന്നത് 115 റണ്‍സ്

Update: 2023-10-25 13:38 GMT
Advertising

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രം ലോകകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി കുറിച്ചിട്ട് വിരലിലെണ്ണാവുന്ന ദിവസമേ ആയുള്ളൂ. എന്നാല്‍ ശ്രീലങ്കക്കെതിരെ മാർക്രം കുറിച്ച സെഞ്ച്വറിക്ക് അൽപ്പായുസ്സ് മാത്രമായിരുന്നു. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ പിറന്ന മാർക്രമിന്റെ റെക്കോർഡിനെ അതേ സ്റ്റേഡിയത്തില്‍‌ വച്ച് പഴങ്കഥയാക്കിയത് ഓസീസ് സൂപ്പർ ഹീറോ ഗ്ലെൻ മാക്‌സ്‍വെല്‍. നെതർലന്റ്‌സിനെതിരെ സെഞ്ച്വറി കുറിക്കാൻ എടുത്തത് വെറും 40 പന്ത്. പിറന്നത് എട്ട് സിക്‌സുകളും ഒമ്പത് ഫോറും. അക്ഷരാർത്ഥത്തിൽ വെടിക്കെട്ട്. 

നെതർലാന്റ്‌സ് ബൗളർമാരെ നിലം തൊടീക്കാതെ തുടരെ അതിർത്തി കടത്തിയ മാക്‌സ്‍വെല്‍  ബാസ് ഡി ലീഡിന്റെ 49ാം ഓവറിൽ മാത്രം അടിച്ചെടുത്തത് മൂന്ന് സിക്‌സും മൂന്ന് ഫോറും. ഒടുക്കം വാൻബീക്കിന് വിക്കറ്റ് നൽകി മടങ്ങുമ്പോൾ ഓസീസിന്‍റെ സൂപ്പര്‍ ഹീറോ സ്‌കോർബോർഡിൽ ചേർത്തത് 106 റൺസ്. ഏകദിന ക്രിക്കറ്റില്‍ വലിയൊരു നാണക്കേടിന്‍റെ റെക്കോര്‍ഡും ഇന്ന് അരുണ്‍ ജെയിറ്റ്ലീ സ്റ്റേഡിയത്തില്‍ പിറന്നു. നെതര്‍ലന്‍റ്സ് ബോളര്‍ ബാസ് ഡി ലീഡിന്റെ പത്തോവറില്‍ പിറന്നത് 115 റണ്‍സാണ്.  ഏകദിന ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരമെന്ന റെക്കോര്‍ഡ് ലീഡിന്റെ പേരിലായി. 

 മാക്‌സ്‌വെലും ഡേവിഡ് വാർണറും തകർത്താടിയ  മത്സരത്തിൽ നെതർലൻഡിന് മുന്നില്‍ 400 റൺസിന്‍റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഓസീസ് ഉയര്‍ത്തിയത്. 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 399 റൺസാണ് ആസ്‌ത്രേലിയ നേടിയത്. ലോകകപ്പിലെ ഓസീസിന്റെ രണ്ടാമത്തെ വൻ സ്‌കോറാണിത്. ഓപ്പണറായ ഡേവിഡ് വാർണർ 93 പന്തിൽ 104 റൺസ് അടിച്ചു. 

സ്റ്റീവ് സ്മിത്ത് (71), മാർനസ് ലംബുഷെയ്ൻ (62) എന്നിവരും ഓസീസിന്റെ കൂറ്റൻ സ്‌കോറിലേക്ക് സംഭാവന നൽകി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കംഗാരുപ്പടയ്ക്ക് നാലാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ലോഗൻ വാൻ ബീക്കിന്റെ പന്തിൽ ഓപ്പണർ മിച്ചൽ മാർഷാണ് വീണത്. കോളിൻ അക്കർമാൻ പിടികൂടുകയായിരുന്നു. പിന്നീട് ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും കൂട്ടുകെട്ട് പടുത്തുയർത്തി. 160ാം റൺസിൽ ആര്യൻ ദത്തിന് മുമ്പിൽ സ്മിത്ത് വീണതോടെ ലംബുഷെയ്ൻ വാർണർക്ക് കൂട്ടിനെത്തി. എന്നാൽ ടീം സ്‌കോർ 244ലെത്തി നിൽക്കേ താരം പുറത്തായി. പിന്നീട് ജോഷ് ഇംഗ്ലിസും (14) മടങ്ങി. കാമറൂൺ ഗ്രീൻ (8), പാറ്റ് കുമ്മിൻസ്(12), എന്നിവർക്കും തിളങ്ങാനായില്ല. പാറ്റ് കുമ്മിൻസും (12) ആദം സാംപയും(1) പുറത്താകാതെ നിന്നു.

ഓറഞ്ച് പടയ്ക്കായി ലോഗൻ വാൻ ബീക്കാണ് ബൗളിംഗിൽ തിളങ്ങിയത്. 74 റൺസ് വിട്ടുനൽകിയെങ്കിലും നാല് വിക്കറ്റ് വീഴ്ത്തി. ബാസ് ഡെ ലീഡ് രണ്ടും ആര്യൻ ദത്ത് ഒന്നും വിക്കറ്റെടുത്തു. കാമറൂൺ ഗ്രീനിനെ സൈബ്രാൻഡ് റണ്ണൗട്ടാക്കി.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News