'ഇത് പറക്കും ദിയോൾ'; കണ്ണഞ്ചിപ്പിക്കും ക്യാച്ചിൽ 'വണ്ടറടിച്ച്' ആനന്ദ് മഹീന്ദ്രയും പ്രിയങ്ക ഗാന്ധിയും, പ്രശംസ ചൊരിഞ്ഞ് സച്ചിനും റൈനയും

സ്ത്രീകൾ ചുമ്മാ കിടുവാണെന്നായിരുന്നു കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത്. ഗാൽ ഗാഡോട്ടല്ല, ഹാർലീൻ ദിയോളാണ് യഥാർത്ഥ 'വണ്ടർവുമണെ'ന്ന് ആനന്ദ് മഹീന്ദ്ര

Update: 2021-07-10 14:07 GMT
Editor : Shaheer | By : Web Desk

കഴിഞ്ഞ ഏതാനും വർഷങ്ങങ്ങള്‍ക്കിടെ ലോകക്രിക്കറ്റിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങളിലൊന്നാണ് റിലേ ക്യാച്ച് എന്നറിയപ്പെടുന്ന ബൗണ്ടറി ലൈനിലെ പറക്കും ക്യാച്ച്. പരിക്കുകൾ ക്ഷണിച്ചുവരുത്തുന്ന ഈ സാഹസിക ക്യാച്ചിന് മുൻപൊന്നും അധിക താരങ്ങളും മുതിർന്നിരുന്നില്ല. പുരുഷ ക്രിക്കറ്റിലിപ്പോൾ സാധാരണക്കാഴ്ചകളിലൊന്നായിരിക്കുന്നു റിലേ ക്യാച്ച്. ഇന്ത്യൻ വനിതാ താരം ഹാർലീൻ ദിയോളിന്റെ വിസ്മയകരമായ റിലേ ക്യാച്ച് കണ്ട് പകച്ചുനിൽക്കുകയാണിപ്പോൾ സോഷ്യൽ മീഡിയ. ബിസിനസ് രംഗത്തെ പ്രമുഖർ മുതൽ രാഷ്ട്രീയ നേതാക്കളും കേന്ദ്ര മന്ത്രിമാരും ക്രിക്കറ്റ് ഇതിഹാസങ്ങളുമെല്ലാം താരത്തിന് പ്രശംസ ചൊരിഞ്ഞ് രംഗത്തുണ്ട്.

Advertising
Advertising

ഇന്നലെ നോർത്താംപ്ടണിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 മത്സരത്തിലായിരുന്നു ഇന്ത്യയുടെ സൂപ്പർ താരമായ ഹാർലീന്റെ കണ്ണഞ്ചിപ്പിക്കും ക്യാച്ച്. 27 പന്തിൽ നാല് ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 43 റൺസുമായി കത്തിക്കയറുകയായിരുന്ന ഇംഗ്ലീഷ് താരം ആമി ജോൺസിനെ പുറത്താക്കാനെടുത്തതായിരുന്നു ആ ക്യാച്ച്. തൂക്കിയടിച്ച പന്ത് ബൗണ്ടറിലൈനിൽനിന്ന് പറന്നെടുക്കുകയായിരുന്നു ഹാർലീൻ. ഓടിയെത്തി കൈയിലൊതുക്കിയ ശേഷം പന്ത് ബൗണ്ടറി കടക്കാതിരിക്കാൻ വാനിലേക്കെറിഞ്ഞു. തുടർന്ന് ബൗണ്ടറിലൈനിനപ്പുറത്തുനിന്ന് തിരിച്ച് ഗ്രൗണ്ടിലേക്ക് പറന്നാണ് ആ ക്യാച്ചെടുത്തത്. മത്സരത്തില്‍ ഇന്ത്യ 18 റണ്‍സിന് പരാജയപ്പെട്ടെങ്കിലും ഹാര്‍ലീന്‍റെ ക്യാച്ചായിരുന്നു കളിയിലെ ഏറ്റവും മികച്ച നിമിഷം.

ക്യാച്ച് കണ്ടിട്ട് മഹീന്ദ്ര തലവൻ ആനന്ദ് മഹീന്ദ്രയ്ക്ക് ആശ്ചര്യം അടക്കിനിർത്താനായില്ല. ഇതെങ്ങനെ സംഭവിച്ചുവെന്നായിരുന്നു ആനന്ദ് ട്വിറ്ററിൽ കൗതുകപ്പെട്ടത്. ''ഇല്ല, അത് അസാധ്യമാണ്. അങ്ങനെ നടക്കില്ല. എന്തെങ്കിലും പ്രത്യേക എഫക്ട് വിദ്യകൾ ചേർത്തതാകാം. അതു യാഥാർത്ഥ്യമാണോ? ശരി, ഗാൽ ഗാഡോട്ട്(വണ്ടർ വുമൺ നായിക) അല്ല, യഥാർത്ഥ 'വണ്ടർവുമൺ' ഇതാ...'' ആനന്ദ് മഹീന്ദ്ര കുറിച്ചു.

അപാരമെന്നായിരുന്നു കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. സ്ത്രീകൾ ചുമ്മാ കിടുവാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. ക്യാച്ചിന്റെ വിഡിയോയും പ്രിയങ്ക ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറും വിസ്മയം  പ്രകടിപ്പിച്ചിട്ടുണ്ട്. ''മികച്ച ക്യാച്ചായിരുന്നു അത്. ശതകോടികളെയാണ് അക്ഷരാർത്ഥത്തിൽ താങ്കൾ അമ്പരപ്പിച്ചുകളഞ്ഞിരിക്കുന്നത്. ഏറെക്കാലം ഇത് അനുസ്മരിക്കപ്പെടും.'' താക്കൂർ ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ മുൻ ഇതിഹാസതാരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, വിവിഎസ് ലക്ഷ്മൺ, ഹർഭജൻ സിങ്, സുരേഷ് റൈന തുടങ്ങിയവരും താരത്തിന് പ്രശംസ ചൊരിഞ്ഞു. ഈ വർഷത്തെ ഏറ്റവും മികച്ച ക്യാച്ചെന്നായിരുന്നു സച്ചിന്റെ പ്രതികരണം. ക്രിക്കറ്റ് മൈതാനത്ത് കണ്ടുകിട്ടാവുന്ന എന്നത്തെയും മികച്ച ക്യാച്ചുകളിലൊന്നെന്ന് ലക്ഷ്മൺ. മാരക ക്യാച്ചെന്ന് ഇന്ത്യയുടെ മികച്ച ഫീൽഡർമാരിലൊരാളായ റൈന. രാജ്യം മൊത്തം അഭിമാനിക്കുന്നുവെന്നും റൈനയുടെ കൂട്ടിച്ചേർക്കൽ.

കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ജ്യോതിരാദിത്യ സിന്ധ്യ, രേണുക സിങ്, ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൻ രേഖാശർമ, മുതിർന്ന മാധ്യമപ്രവർത്തകരായ ശേഖർ ഗുപ്ത, ബർഖ ദത്ത്, ബോളിവുഡ് സംഗീതജ്ഞൻ വിശാൽ ദദ്‌ലാനി, യുഎൻ മുൻ സെക്രട്ടറി ജനറൽ ലക്ഷ്മി എം പുരി, ബംഗാൾ ഐപിഎസ് ഉദ്യോഗസ്ഥൻ മീരജ് ഖാലിദ്... ഹാർലീൻ ദിയോളിനെ അഭിനന്ദനങ്ങൾകൊണ്ടു മൂടിയ കളത്തിനു പുറത്തെ പ്രമുഖരുടെ പട്ടികയും നീളുന്നു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News