'ഞങ്ങളുടെ ഹീറോ തോറ്റുപോയി'; അയർലൻഡ് നിരയിലെ ഒറ്റയാൾ പോരാളി- ഹാരി ടെക്ടർ

22ന് മൂന്ന് എന്ന ദയനീയ അവസ്ഥയിൽ നിൽക്കുമ്പോഴാണ് ഹാരി ടെക്ടറെന്ന 22കാരൻ അക്ഷോഭ്യനായി ക്രീസിലേക്ക് വന്നത്.

Update: 2022-06-27 03:21 GMT
Editor : Nidhin | By : Web Desk
Advertising

ഇന്നലെ നടന്ന ഇന്ത്യ-അയർലൻഡ് ആദ്യ ട്വന്റി-20 യിൽ താരതമ്യേന ദുർബലരായ അയർലൻഡിനെ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയെങ്കിലും അയർലൻഡ് ബാറ്റിങ് നിരയിൽ കൂടെയുള്ളവരെ വീണെങ്കിലും ഒറ്റക്ക് നിന്ന് പൊരുതിയ ഒരു ബാറ്ററുണ്ടായിരുന്നു- ഹാരി ടെക്ടർ.

മഴ മൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ വിജയിക്കണമെങ്കിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീം ചെറിയ പന്തിൽ വലിയ സ്‌കോർ നേടേണ്ടത് ആവശ്യമായിരുന്നു. പക്ഷേ വലിയ ലക്ഷ്യത്തിലേക്ക് കണ്ണുവെച്ച അയർലൻഡിന്റെ ബാറ്റിങ് നിരയിൽ മൂന്നുപേർ നാലോവർ പൂർത്തിയാക്കും മുമ്പ് പവലയിനിലേക്ക് തിരികെനടന്നു. ചഹലിന്റെ കുത്തിത്തിരിയുന്ന പന്തിൽ റൺസ് കണ്ടെത്താനും അവർ ബുദ്ധുമുട്ടി. അങ്ങനെ 22ന് മൂന്ന് എന്ന ദയനീയ അവസ്ഥയിൽ നിൽക്കുമ്പോഴാണ് ഹാരി ടെക്ടറെന്ന 22കാരൻ അക്ഷോഭ്യനായി ക്രീസിലേക്ക് വന്നത്. പിന്നീട് ഡബ്ലിൻ സ്റ്റേഡിയം സാക്ഷിയായത് ഹാരി ടെക്ടറർ എന്ന യുവതാരത്തിന്റെ വെടിക്കെട്ടിനാണ്.

193.94 എന്ന സ്‌ട്രൈക്ക് റേറ്റിൽ 33 പന്തിൽ 64 റൺസാണ് ഹാരി ടെക്ടർ അടിച്ചു കൂട്ടിയത്. ആറ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിങ്‌സ്. വീഴാതെ പൊരുതിയ ഹാരി, ഡോക്‌റെല്ലിനെയും കൂട്ടുപിടിച്ച് അവസാന ഓവറിൽ മാത്രം 17 റൺസാണ് നേടിയത്. ഒടുവിൽ അവസാന പന്തും നേരിട്ട് ഹാരി ടെക്ടർ മടങ്ങുമ്പോൾ 12 ഓവറിൽ 108 റൺസ് എന്ന പൊരുതാവുന്ന സ്‌കോറിലേക്ക് അയർലൻഡ് എത്തിയിരുന്നു. തന്റ കരിയറിലെ മൂന്നാമത്തെ ട്വന്റി-20 അർധ സെഞ്ച്വറിയാണ് ഇന്നലെ ഹാരി ടെക്ടർ കുറിച്ചത്. അയർലൻഡ് ബോളിങ് നിര അവസരത്തിനൊത്ത് ഉയർന്നിരുന്നുവെങ്കിൽ മത്സരത്തിന്റെ വിധി മറ്റൊന്നായേനെ. ഐപിഎല്ലിൽ ഇതുവരെ ഹാരി ടെക്ടർ അരങ്ങേറിയിട്ടില്ല.

7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. മഴമൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ വിജയലക്ഷ്യമായ 109 റൺസ് ഇന്ത്യ 16 പന്ത് ബാക്കിയാക്കി മറികടന്നു. ഋതുരാജ് ഗെയ്ക്വാദിന് പകരം ഓപ്പണറാകാൻ അവസരം കിട്ടിയ ദീപക് ഹൂഡ അവസരം അവിസ്മരണീയമാക്കി.

29 പന്തിൽ 47 റൺസുമായി ഹൂഡ ടോപ് സ്‌കോറർ ആയപ്പോൾ. ഇടവേളയ്ക്ക് ശേഷം ടീമിൽ എത്തിയ സൂര്യകുമാർ പൂജ്യത്തിന് പുറത്തായി. 26 റൺസ് നേടി ഇഷാൻ കിഷനും 24 റൺസുമായി ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയും വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

ടോസിന് പിന്നാലെ മഴ കളിച്ച മത്സരത്തിൽ ആദ്യം ബാറ്റ്ചെയ്ത അയർലണ്ട് തകർച്ചയോടെയാണ് തുടങ്ങിയത്. ഇന്ത്യക്കായി ഉമ്രാൻ മാലിക് അരങ്ങേറിയെങ്കിലും നിറം മങ്ങി. സഞ്ജു സാംസണ് അവസരം നൽകിയതുമില്ല. പരമ്പരയിലെ അടുത്ത മത്സരം നാളെ നടക്കും.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News