'അമ്മാവന്റെ മകന് കോഹ്ലിയുടെ ജേഴ്‌സി വേണമെങ്കിൽ...'; ബാബറിനെ രൂക്ഷമായി വിമര്‍ശിച്ച് അക്രം

തന്‍റെ കയ്യൊപ്പ് പതിപ്പിച്ച രണ്ട് ജഴ്സികളാണ് കോഹ്‍ലി ബാബറിന് സമ്മാനിച്ചത്

Update: 2023-10-15 17:01 GMT
Advertising

അഹമ്മദാബാദ്: കഴിഞ്ഞ ദിവസം പാകിസ്താനെതിരെ ലോകകപ്പില്‍ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ കുറിച്ചത്. 192 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ലക്ഷ്യം മറികടക്കാൻ വേണ്ടിവന്നത് വെറും 30.3 ഓവറുകൾ മാത്രം. ഏകദിന ലോകകപ്പുകളുടെ ചരിത്രത്തിൽ ഇന്ത്യ പാകിസ്താനെതിരെ നേടുന്ന തുടർച്ചയായ എട്ടാം ജയമാണിത്. ലോകകപ്പിൽ ഇതുവരെ ഇന്ത്യയെ വീഴ്ത്താൻ പാകിസ്താന് കഴിഞ്ഞിട്ടില്ല.

മത്സരത്തിന് ശേഷം ചില സൗഹൃദക്കാഴ്ചകൾക്കും അഹ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയായി. പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിന് ഇന്ത്യന്‍ താരം വിരാട് കോഹ്ലി ജഴ്സി സമ്മാനിച്ചതാണ് ഇതില്‍ ഏറെ മനോഹരമായത്. തന്‍റെ കയ്യൊപ്പ് പതിപ്പിച്ച രണ്ട് ജഴ്സികളാണ് കോഹ്‍ലി ബാബറിന് സമ്മാനിച്ചത്. ഈ കാഴ്ച പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. 

എന്നാലിപ്പോള്‍ ഈ സംഭവത്തില്‍ ബാബറിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാക് ഇതിഹാസ താരം വസീം അക്രം. 'എ സ്‌പോർട്‌സ്' ചാനൽ ചർച്ചക്കിടെയാണ് ബാബറിനെതിരെ അക്രം വിമർശനമുയർത്തിയത്. വലിയൊരു മത്സരത്തിൽ രാജ്യം തോറ്റ് നിൽക്കുമ്പോൾ കോഹ്ലിയുടെ സമ്മാനം സ്വീകരിച്ചതിനെ കുറിച്ച ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അക്രം. ജഴ്സി വേണമായിരുന്നെങ്കില്‍ അത് ക്യാമറക്ക് മുന്നില്‍ വച്ചല്ല ചോദിക്കേണ്ടിയിരുന്നത്  എന്നും ഡ്രസിങ് റൂമില്‍ വച്ചാ യിരുന്നു എന്നും അക്രം പറഞ്ഞു.

''ബാബര്‍ അങ്ങനെ ചെയ്യേണ്ട സന്ദർഭമായിരുന്നില്ല അത്. നിങ്ങളുടെ അമ്മാവന്റെ മകന് കോഹ്ലിയുടെ ജേഴ്‌സി വേണമെങ്കിൽ അതിങ്ങനെ ക്യാമറക്ക് മുന്നിൽ നിന്നല്ല വാങ്ങേണ്ടത്. ഡ്രസിങ് റൂമിൽ പോയി അദ്ദേഹത്തോട് ആവശ്യപ്പെടൂ''- അക്രം പറഞ്ഞു. 

ഇന്ത്യ പാക് ആവേശപ്പോരില്‍ ആദ്യം ബാറ്റു ചെയ്ത സന്ദർശകർ 42.5 ഓവറിൽ 191 റൺസിന് കൂടാരം കയറി. അർധസെഞ്ച്വറി നേടിയ ക്യാപ്റ്റൻ ബാബർ അസമാണ് ടോപ്‌സ്‌കോറർ. രണ്ടിന് 150 റൺസ് എന്ന നിലയിൽ നിന്നാണ് പാകിസ്താൻ തകർന്നടിഞ്ഞത്. ഇന്ത്യയുടെ അഞ്ചു ബൌളര്‍മാര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.

മോദി സ്‌റ്റേഡിയത്തിലെ ഫ്‌ളാറ്റ് വിക്കറ്റിൽ മികച്ച നിലയിലായിരുന്നു പാകിസ്താന്റെ തുടക്കം. സ്‌കോർ 41ൽ നിൽക്കെ എട്ടാം ഓവറിലാണ് പാകിസ്താന്റെ ആദ്യ വിക്കറ്റ് നഷ്ടമായത്. 20 റൺസെടുത്ത അബ്ദുല്ല ഷഫീഖ് ആണ് പുറത്തായത്. താരത്തെ പേസർ മുഹമ്മദ് സിറാജ് വിക്കറ്റിന് മുമ്പിൽ കുരുക്കുകയായിരുന്നു.

രണ്ടാം വിക്കറ്റിൽ ബാബർ അസമും ഇമാമുൽ ഹഖും കരുതലോടെ ബാറ്റു വീശി. മികച്ച രീതിയിയിൽ ബാറ്റു ചെയ്ത ഇമാമുൽ ഹഖിനെ പാണ്ഡ്യ കീപ്പർ രാഹുലിന്റെ കൈയിലെത്തിയതോടെ വീണ്ടും ബ്രേക്ക് ത്രൂ. 38 പന്തിൽനിന്ന് 36 റൺസായിരുന്നു ഹഖിന്റെ സമ്പാദ്യം. എന്നാൽ പിന്നീടെത്തിയ മുഹമ്മദ് റിസ്‌വാനും ബാബറും ചേർന്ന് ഇന്നിങ്‌സിന് നങ്കൂരമിട്ടു. സിംഗിളും ഡബിളുമെടുത്ത് സ്‌കോർ ചലിപ്പിച്ച ഇരുവരും കൃത്യമായ ഇടവേളകളിൽ ബൗണ്ടറികളും നേടി.

എന്നാൽ മുപ്പതാം ഓവറിൽ ബാബറും 33-ാം ഓവറിൽ റിസ്‌വാനും പുറത്തായതോടെ പാക് ഇന്നിങ്‌സിന്റെ നടുവൊടിഞ്ഞു. ബാബർ 58 പന്തിൽ നിന്ന് അമ്പത് റൺസെടുത്തു. മുഹമ്മദ് സിറാജാണ് അസമിനെ വീഴ്ത്തിയത്. 49 റൺസെടുത്ത റിസ്‌വാനെ ബുംറ ബൗൾഡാക്കി.

തൊട്ടുപിന്നാലെ എത്തിയ സൗദ് ഷക്കീലിനും ഇഫ്തിഖാർ അഹമ്മദിനും തിളങ്ങാനായില്ല. പത്തു പന്തിൽ നിന്ന് ആറു റൺസെടുത്ത സൗദിനെ കുൽദീപ് വിക്കറ്റിന് മുമ്പിൽ കുടുക്കി. ഇഫ്തിഖാറിന്റെ വിക്കറ്റും കുൽദീപിനായിരുന്നു. വൈഡെന്നു തോന്നിച്ച പന്ത് പാക് ബാറ്ററുടെ കൈയിൽ തട്ടി സ്റ്റംപിളക്കുകയായിരുന്നു. അവസാന ഏഴു ബാറ്റര്‍മാരില്‍ ഹസന്‍‌ അലി മാത്രമാണ് (12) രണ്ടക്കം കടന്നത്.

ഇന്ത്യക്കായി ജസ്പ്രീത് ബുംറ ഏഴ് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, ഹർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. പനി മൂലം ആദ്യ രണ്ടു മത്സരത്തിൽ ഇല്ലാതിരുന്ന ശുഭ്മാൻ ഗില്ലിനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ടീം പ്രഖ്യാപിച്ചത്. ഇഷാൻ കിഷനാണ് പുറത്തായത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News