ഹെലികോപ്ടർ ഷോട്ടുമായി ധോണി, കാഴ്ചക്കാരനായി കപിൽ; ഗോൾഫ് മൈതാനത്ത് ഒന്നിച്ച് ഇതിഹാസ നായകർ-വിഡിയോ

യു.എസ് കേന്ദ്രമായുള്ള എം.ജി.സി.സിയിൽ 2019ൽ നടന്ന ഗോൾഫ് ടൂർണമെന്റിൽ ധോണി കളിച്ചിരുന്നു. ടൂർണമെന്റിൽ അഞ്ചിൽ നാലും ജയിച്ച് രണ്ടാം സ്ഥാനവും താരം സ്വന്തമാക്കി

Update: 2022-09-30 13:34 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: കപിൽദേവ്, എം.എസ് ധോണി.. നൂറുകോടി ഇന്ത്യക്കാരുടെ ക്രിക്കറ്റ് സ്വപ്‌നങ്ങൾക്കുമേൽ ലോകകിരീടം ചാർത്തിയ ഇതിഹാസ നായകർ. ഒരേ മൈതാനത്ത് രണ്ടുപേരും ഒരുമിച്ചുനിന്നാൽ എങ്ങനെയുണ്ടാകുമെന്ന് ആലോചിച്ചിട്ടുണ്ടോ. ക്രിക്കറ്റ് ആരാധകരുടെയെല്ലാം ഹൃദയം കീഴടക്കാൻ പോന്നൊരു സമാഗമത്തിനു സാക്ഷിയായിരിക്കുകയാണ് കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുരുഗ്രാം. എന്നാൽ, ക്രിക്കറ്റിനായിരുന്നില്ല അത്; ഗോൾഫ് മൈതാനത്തായിരുന്നു മുൻ ഇന്ത്യൻ ഇതിഹാസങ്ങൾ ഒന്നിച്ചത്.

ഗുരുഗ്രാമിലെ ഡി.എൽ.എഫ് ഗോൾഫ് ആൻഡ് കൗണ്ടി ക്ലബിലായിരുന്നു കപിൽദേവിനൊപ്പം എം.എസ് ധോണിയും ഗോൾഫും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചത്. ഡി.എൽ.എഫ് അവതരിപ്പിക്കുന്ന 'കപിൽദേവ്-ഗ്രാന്റ് തോന്റൺ ഇൻവൈറ്റേഷനൽ 2022'ന്റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു ധോണി. കപിൽദേവ് തന്നെയാണ് ചടങ്ങിനായി ധോണിയെ ക്ഷണിച്ചത്.

ഇതിഹാസങ്ങളുടെ പുനസ്സമാഗമം എന്നാണ് കപിൽദേവ്-ഗ്രാന്റ് തോന്റൺ(കെ.ഡി.ജി.ടി) താരങ്ങളുടെ ചിത്രം പങ്കുവച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ടൂർണമെന്റിലേക്ക് എം.എസ് ധോണിയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും കെ.ഡി.ജി.ടി ട്വീറ്റ് ചെയ്തു. പരിപാടിക്കിടെ ധോണി ഗോൾഫ് കളിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രൊഫഷനൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യ ധോണി ഗോൾഫ് കളിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. വിഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷം കപിൽദേവ് ഗോൾഫിലും സജീവമായിരുന്നു. 2021 മാർച്ചിൽ പ്രൊഫഷനൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യ ബോർഡ് അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ധോണിയും ഇതിനുമുൻപ് ഗോൾഫിലും ഒരു കൈ നോക്കിയിട്ടുണ്ട്. യു.എസ് കേന്ദ്രമായുള്ള മെറ്റിയൂച്ചൻ ഗോൾഫ് ആൻഡ് കൺട്രി ക്ലബിൽ(എം.ജി.സി.സി) 2019ൽ നടന്ന ഗോൾഫ് ടൂർണമെന്റിൽ ധോണി ഹോണററി അംഗമായി കളിച്ചിരുന്നു.

ടൂർണമെന്റിൽ അഞ്ചിൽ നാലും ജയിച്ച് രണ്ടാം സ്ഥാനവും താരം സ്വന്തമാക്കി. പിന്നീട് എം.ജി.സി.സിയുടെ ഹോണററി അംഗമായും ധോണി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അടുത്തിടെ കപിൽദേവും എം.എസ് ധോണിയും ഒരുമിച്ച് യു.എസ് ഓപൺ കാണാനെത്തിയതും ആരാധകർ ഏറ്റെടുത്തിരുന്നു.

Summary: MS Dhoni and Kapil Dev reunite in Kapil Dev-Grand Thornton Invitational golf tournament – WATCH Video

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News