പ്രൈം വോളിബോള്‍ ലീഗ്; ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്തയ്ക്ക് നിർണായക വിജയം

ജയത്തോടെ 9 പോയിൻ്റുമായി കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് എത്തി

Update: 2025-10-20 17:27 GMT

ഹൈദരാബാദ്: ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗിന്റെ നാലാം സീസണില്‍ ആതിഥേയരായ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ 3-1ന് തകര്‍ത്ത് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന് ജയം. ഇന്ന് നടന്ന മത്സരത്തില്‍ 15-9, 15-13, 9-15, 15-13 എന്ന സ്‌കോറിനാണ് കൊല്‍ക്കത്തയുടെ നിര്‍ണായക ജയം. പങ്കജ് ശര്‍മയാണ് കളിയിലെ താരം. ജയത്തോടെ 9 പോയിന്റുമായി കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് എത്തി.

പങ്കജ് ശര്‍മയും മുഹമ്മദ് ഇഖ്ബാലും ചേര്‍ന്നുള്ള പ്രതിരോധത്തിൻ്റെ ബലത്തിലാണ് കൊല്‍ക്കത്തയുടെ ജയം. അശ്വല്‍ റായിയും മതിന്‍ തകാവറും നടത്തിയ ആക്രമണങ്ങളും, മധ്യഭാഗത്ത് ഇക്ബാല്‍ നടത്തിയ ശക്തമായ പ്രതിരോധവും കൊല്‍ക്കത്തക്ക് കാര്യങ്ങൾ എളുപ്പമാക്കി. തുടരെ രണ്ട് സെറ്റുകള്‍ കൊല്‍ക്കത്ത നേടിയതോടെ ഹൈദരാബാദ് തങ്ങളുടെ ഫോര്‍മേഷനില്‍ മാറ്റം വരുത്തി ​മൂന്നാം സെറ്റ് കൈക്കലാക്കുകയായിരുന്നു.

Advertising
Advertising

നിര്‍ണായകമായ നാലാം സെറ്റില്‍ ലമൗനിയര്‍ ഹൈദരാബാദിന് മികച്ച തുടക്കം നല്‍കിയെങ്കിലും, പങ്കജിന്റെയും അശ്വലിന്റെയും കൃത്യമായ ക്രോസ്‌കോര്‍ട്ട് ആക്രമണങ്ങളിലൂടെ കൊല്‍ക്കത്ത സെറ്റും മത്സരവും കൈക്കലാക്കി.

നാളെ (ചൊവ്വ) ലീഗില്‍ ഒരു മത്സരമാണ് നടക്കുക. കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ നേരിടും. കൊച്ചിയുടെ അവസാന മത്സരമാണിത്. നിലവിലെ ജേതാക്കളെ നാല് സെറ്റ് പോരാട്ടത്തില്‍ കീഴടക്കിയ കൊച്ചി സെമിസാധ്യത നിലനിര്‍ത്തിയിരുന്നു. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊച്ചി രണ്ട് ജയമുള്‍പ്പെടെ ഏഴ് പോയിന്റുമായി പട്ടികയില്‍ എട്ടാമതാണ്. പതിനാല് പോയിന്റുമായി ബെംഗളൂരു ടോര്‍പ്പിഡോസ് മാത്രമാണ് നിലവില്‍ സെമിഫൈനല്‍ ഉറപ്പാക്കിയത്. നാളെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിക്കാനായാല്‍ കൊച്ചിക്ക് പത്ത് പോയിന്റാവും. ഇതോടൊപ്പം മറ്റു ടീമുകളുടെ ഇനിയുള്ള മത്സരഫലം കൂടി ആശ്രയിച്ചായിരിക്കും കൊച്ചിയുടെ സാധ്യതകള്‍.   

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News