യഥാര്‍ഥ ചാമ്പ്യന്‍ ഇങ്ങനെയാണ്; മേരികോമിനെ പ്രശംസിച്ച് പ്രിയങ്ക ചോപ്ര

അഭിനിവേശത്തോടും അര്‍പ്പണ ബോധത്തോടുമൊപ്പം എങ്ങനെ ദൂരങ്ങള്‍ പോകാമെന്ന് നിങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതന്നു

Update: 2021-07-30 05:22 GMT
Editor : Jaisy Thomas | By : Web Desk
Advertising

മെഡല്‍ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ട് ഒളിമ്പിക്സില്‍ നിന്നും ബോക്സിംഗ് താരം മേരികോം പുറത്തായത് മുഴുവന്‍ ഇന്ത്യാക്കാരെയും വേദനയിലാഴ്ത്തിയിരുന്നു. ആറ് തവണ ലോകചാമ്പ്യനായ മേരി ഇത്തവണ ടോക്കിയോയില്‍ സ്വര്‍ണം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയൻ താരം ഇൻഗ്രിറ്റ് വലൻസിയോട് പൊരുതി തോല്‍ക്കുകയായിരുന്നു. പരാജയപ്പെട്ടെങ്കിലും മേരി കോം എന്ന കായികതാരം രാജ്യത്തിന് വേണ്ടി നേടിയ നേട്ടങ്ങള്‍ ഒരിക്കലും വിസ്മരിക്കാനാവില്ല. ഇപ്പോള്‍ മേരിയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. യഥാര്‍ഥ ചാമ്പ്യനെന്നാണ് മേരി കോമിനെ പ്രിയങ്ക വിശേഷിപ്പത്.

''യഥാര്‍ഥ ചാമ്പ്യന്‍ ഇങ്ങനെയാണ്. അഭിനിവേശത്തോടും അര്‍പ്പണ ബോധത്തോടുമൊപ്പം എങ്ങനെ ദൂരങ്ങള്‍ പോകാമെന്ന് നിങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതന്നു. ഓരോ സമയത്തും ഞങ്ങളെ പ്രചോദിപ്പിക്കുകയും നിങ്ങളെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുകയും ചെയ്യുന്നു'' പ്രിയങ്ക കുറിച്ചു. മേരികോമിന്‍റെ ജീവിതം പ്രമേയമാക്കി 2014ല്‍ പുറത്തിറങ്ങിയ മേരിം കോം എന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയത് പ്രിയങ്കയായിരുന്നു. കഥാപാത്രത്തിന് വേണ്ടി മേരിയുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു പ്രിയങ്ക. അന്ന് മുതല്‍ പ്രിയങ്കയും മേരിയും ഉറ്റ സുഹൃത്തുക്കളായി മാറുകയും ചെയ്തു. ചിത്രം ബോക്സോഫീസില്‍ മികച്ച വിജയം നേടിയിരുന്നു. നാല്‍പത് വയസ് വരെ താന്‍ രാജ്യത്തിന് വേണ്ടി മത്സരത്തിനിറങ്ങുമെന്നും പരാജയം ദൌര്‍ഭാഗ്യകരമായെന്നും മേരി കോം ഇന്ത്യ ടുഡേയോട് പറഞ്ഞു. തോറ്റുവെന്ന് തനിക്കിപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം 69 കിലോ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ മെഡലുറപ്പിച്ചുകൊണ്ട് ഇന്ത്യയുടെ ലവ്‍ലിന ബോര്‍ഗോഹെയ്ന്‍ സെമിയില്‍ പ്രവേശിച്ചു. മുന്‍ ലോകചാമ്പ്യനായ ചൈനയുടെ നീന്‍ ചിന്‍ ചെന്നിനെ 4-1നാണ് ലവ്‍ലിന പരാജയപ്പെടുത്തിയത്.




 


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News