സന്തോഷ് ട്രോഫി; കേരളത്തിന്റെ സെമി സാധ്യതകൾ ഇങ്ങനെ

ഗ്രൂപ്പ് എ യിൽ ഏഴ് പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്താണ്

Update: 2023-02-17 14:25 GMT

santosh trophy

Advertising

ഭുവനേശ്വര്‍: നിർണായക മത്സരത്തിൽ ഒഡീഷയെ തകർത്തതോടെ സന്തോഷ് ട്രോഫിയിൽ സെമി സാധ്യതകൾ സജീവമാക്കിയിരിക്കുകയാണ് കേരളം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കേരളത്തിന്റെ ജയം. നിലവിൽ ഗ്രൂപ്പ് എ യിൽ 7 പോയിന്റുമായി  കേരളം  മൂന്നാം സ്ഥാനത്താണ്. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയും ഒരു തോൽവിയുമാണ് കേരളത്തിന്റെ സമ്പാദ്യം.

ഗ്രൂപ്പിൽ നാല് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റുമായി പഞ്ചാബാണ് ഒന്നാം സ്ഥാനത്ത്.എട്ട് പോയിന്റുള്ള കർണാടകയാണ് രണ്ടാം സ്ഥാനത്ത്. ഞായറാഴ്ച നടക്കുന്ന നിർണായക മത്സരത്തിൽ പഞ്ചാബിനെ തോൽപ്പിച്ചാൽ പത്ത് പോയിന്‍റുമായി കേരളത്തിന് സെമി ബര്‍ത്ത് ഉറപ്പിക്കാം. 

ഒരടിയില്‍ വീണ് ഒഡീഷ

സെമി സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ തുടക്കം മുതൽ ഒഡീഷയും കേരളവും ആക്രമണ ഫുട്‌ബോളാണ് കാഴ്ചവച്ചത്. മത്സരത്തിന്റെ 15ാം മിനിറ്റില്‍ തന്നെ കേരളത്തിന്റെ വിജയഗോൾ പിറന്നു. കേരളത്തിന്റെ ക്രോസിന് പെനാൽട്ടി ബോക്‌സിന് അകത്ത് വച്ച് ഒഡീഷ താരം കൈവച്ചതോടെ റഫറി പെനാൽട്ടി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടി.

കേരളത്തിനായി കിക്കെടുക്കാനെത്തിയ നിജോ ഗിൽബർട്ടിന് പിഴച്ചില്ല. നിജോ ഗോൾവലകുലുക്കി. ഗോൾവീണതും ഉണർന്നു കളിച്ച ഒഡീഷ കേരളത്തിന്റെ ഗോൾമുഖം ലക്ഷ്യമാക്കി നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല. തോൽവിയോടെ ഒഡീഷയുടെ സെമി സ്വപ്‌നങ്ങൾ അസ്തമിച്ചു. ടൂർണമെന്റിൽ കരുത്തരായ പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News