ഗോള്‍ നേട്ടത്തില്‍ പെലെയെ മറികടന്ന് ഛേത്രി; സാഫ് കപ്പില്‍ ഇന്ത്യ ഫൈനലില്‍

സാഫ് ചാമ്പ്യൻഷിപ്പിൽ മാലിദ്വീപിനെതിരായ ഇരട്ട ഗോൾ നേട്ടത്തോടെയാണ് ഛേത്രി പെലെയെ മറികടന്നത്

Update: 2021-10-14 02:50 GMT
Editor : Jaisy Thomas | By : Web Desk
Advertising


മാലിദ്വീപിനെ തകര്‍ത്ത് ഇന്ത്യ സാഫ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചത്. നേപ്പാളാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. നേപ്പാളുമായുള്ള ഇന്ത്യയുടെ ഫൈനല്‍ മത്സരം ഒക്ടോബര്‍ 16 ന് വൈകിട്ട് 8.30ന് നടക്കും.

ഇരട്ട ഗോളുകളുമായി തിളങ്ങിയ നായകന്‍ സുനില്‍ ഛേത്രി പ്രകടനമാണ് ഇന്ത്യക്ക് മിന്നും ജയം സമ്മാനിച്ചത്. ഇരട്ട ഗോള്‍ നേട്ടത്തോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി പെലെയെ മറികടന്ന് ആറാം സ്ഥാനത്തേക്ക് കയറി.

വിജയം മാത്രം ലക്ഷ്യം വെച്ച് കളിക്കാനിറങ്ങിയ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കളി തുടങ്ങി 33ാം മിനിറ്റില്‍ മന്‍വീര്‍ സിങ്ങിലൂടെ ഇന്ത്യയാണ് ആദ്യം ലീഡെടുത്തത്. ബോക്സിനകത്തേക്ക് ലഭിച്ച ലോങ് പാസ് സ്വീകരിച്ച മന്‍വീര്‍ മാലി ഗോള്‍കീപ്പര്‍ ഫൈസലിന് ഒരു സാധ്യതയും നല്‍കാതെ അനായാസം പന്ത് വലയിലെത്തിച്ചു.

ആദ്യം പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ 45ാം മിനിറ്റില്‍ മാലിദ്വീപിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത അലി അഷ്ഫാഖിന് തെറ്റിയില്ല. പന്ത് അനായാസം വലയിലെത്തിച്ച് താരം ആതിഥേയര്‍ക്ക് സമനില സമ്മാനിച്ചു.

എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി മറിഞ്ഞു. കൂടുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യ 62ാം മിനിറ്റില്‍ സുനില്‍ ഛേത്രിയിലൂടെ ലീഡെടുത്തു. മന്‍വീര്‍ നല്‍കിയ പാസ് സ്വീകരിച്ച ഛേത്രി തകര്‍പ്പന്‍ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ ഇന്ത്യ 2-1 ന് മുന്നില്‍.

ഒമ്പത് മിനിറ്റുകള്‍ക്ക് ശേഷം ഛേത്രി ഇന്ത്യയുടെ വിജയമുറപ്പിച്ചു കൊണ്ട് വീണ്ടും ഗോള്‍ നേടി. ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് താരം വല കുലുക്കിയത്. ബോക്സിനകത്തേക്ക് വന്ന ഫ്രീ കിക്ക് മികച്ച ഹെഡ്ഡറിലൂടെ ഛേത്രി വലയിലെത്തിച്ചു.

ഇരട്ട ഗോളുകളോടെ ഛേത്രിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 79 ആയി. 123 മത്സരങ്ങളില്‍ നിന്നാണ് താരം 79 ഗോളുകള്‍ നേടിയത്. പെലെയ്ക്ക് പുറമെ ഇറാഖിന്റെ ഹുസ്സൈന്‍ സയീദ്, യുഎഇയുടെ അലി മബ്ഖൗത്ത് എന്നിവരെയും മറികടന്നു. ഈ താരങ്ങള്‍ ഏഴാം സ്ഥാനത്താണ്. ഇരുവര്‍ക്കും 78 ഗോളുകളാണുള്ളത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News