തെംബ ബവുമ നയിക്കും പ്രോട്ടിയേസിനെ; ദക്ഷിണാഫ്രിക്കക്ക് ആദ്യ കറുത്ത വര്‍ഗക്കാരനായ ക്യാപ്റ്റന്‍
എന്നും വംശീയത നിഴലിച്ചു നിന്നിരുന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെയാണ് കറുത്ത വര്‍ഗക്കാരനായ തെംബ ബവുമ നയിക്കാന്‍ പോകുന്നത്.
അടുത്ത മാസം ഏപ്രില്‍ രണ്ടിനാണ് പാകിസ്ഥാനെതിരെയുള്ള ദക്ഷിണാഫ്രിക്കയുടെ ആദ്യ ഏകദിനം. അന്ന് കളത്തിലിറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം നടന്നുകയറുന്നത് ചരിത്രത്തിലേക്ക് കൂടിയായിരിക്കും. ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിന് മുകളിലെങ്കിലും ആയിട്ടുണ്ടാകും. 1800കളില്‍ ക്രിക്കറ്റ് കളി തുടങ്ങിയ ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ നായകനാകുന്നത് ഇതാദ്യമായാണ്.
തെംബ ബവുമയെ തങ്ങളുടെ പരിമിത ഓവര്‍ ക്രിക്കറ്റിലെ നായകനായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെ നയിക്കാന്‍ നിയോഗം ലഭിച്ച ചരിത്രത്തിലെ ഏക കറുത്ത വര്‍ഗക്കാരന്‍.
🚨 BREAKING NEWS
— Cricket South Africa (@OfficialCSA) March 4, 2021
🇿🇦 Top order batsmen Dean Elgar (Test) and Temba Bavuma (Limited Overs) will lead the #Proteas on the field#SeeUsOnThePitch pic.twitter.com/gHMlINTZEw
2021, 2022 ഐ.സി.സി ട്വന്‍റി20ലോകകപ്പിലും 2023 ഏകദിന ലോകകപ്പിലും ബവുമ ടീമിനെ നയിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
മഹത്തായ ബഹുമതിയാണ് ക്യാപ്റ്റന്‍ സ്ഥാനമെന്നു പ്രതികരിച്ച തെംബ ബവുമ, പ്രോട്ടീസിനെ നയിക്കുക എന്നത് താന്‍ കൊണ്ടു നടന്ന ഒരു സ്വപ്‌നമായിരുന്നുവെന്നും അത് യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ടെന്നും പ്രതികരിച്ചു. 2014ഇല്‍ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ച ബവുമ പരിമിത ഓവര്‍ ടീമുകളില്‍ 2019 മുതല്‍ക്കാണ് സ്ഥിരം സാന്നിധ്യമാകുന്നത്. ഏകദിനത്തില്‍ 55.83 ശരാശരിയും ടി20യില്‍ 35.57 റണ്‍സ് ശരാശരിയുമുള്ള ബവുമയുടെ ടി20 സ്ട്രൈക്ക് റേറ്റ് 133.15ആണ്.
വംശീയതയും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റും
എന്നും വംശീയത നിഴലിച്ചു നിന്നിരുന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെയാണ് കറുത്ത വര്‍ഗക്കാരനായ തെംബ ബവുമ നയിക്കാന്‍ പോകുന്നത്.
ഈ അടുത്തിടെയാണ് കളിച്ചിരുന്ന കാലത്ത് നേരിടേണ്ടി വന്നിട്ടുള്ള വംശീയ വിവേചനങ്ങളെക്കുറിച്ചു ദക്ഷിണാഫ്രിക്കൻ മുൻ താരം മഖായ എൻഡിനി തുറന്നു പറഞ്ഞത്. ടീമിലുണ്ടായിരുന്ന സമയത്തു സഹതാരങ്ങൾ തന്നെ ഒറ്റപ്പെടുത്തിയിരുന്നതായാണ് എൻഡിനി വെളിപ്പെടുത്തിയത്. 'എല്ലായ്പ്പോഴും ഞാൻ ഒറ്റയ്ക്കായിരുന്നു. ഡിന്നർ കഴിക്കാൻ പോകുന്നതിനായി പോലും ആരും എന്‍റെ വാതിലിൽ മുട്ടിയിട്ടില്ല. രാവിലെ പ്രഭാത ഭക്ഷണം കഴിക്കാൻ പോയാലും ആരും എന്‍റെ കൂടെ ഇരിക്കാന്‍ തയാറാകില്ല'. എന്‍ഡിനിയുടെ അഭിമുഖത്തില്‍ നിന്ന്.
2015ൽ ദക്ഷിണാഫ്രിക്കൻ ടീം നടത്തിയ ഇന്ത്യൻ പര്യടനവുമായി ബന്ധപ്പെട്ടും വംശീയ വിവാദം ഉയര്‍ന്നിരുന്നു. കറുത്ത വർഗക്കാരനായ ഖയ സോൻഡോയെ ഉൾപ്പെടുത്തിയാൽ ടീമിൽ നിന്ന് ഒഴിവാകുമെന്ന് അന്നത്തെ ക്യാപ്റ്റൻ എ.ബി. ഡിവില്ലിയേഴ്സ് ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തല്‍ നടന്നിരുന്നു.
2018ഇല്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര വിജയികള്‍ക്കുള്ള ഫ്രീഡം ട്രോഫിക്ക് മുമ്പാകെ ദക്ഷിണാഫ്രിക്കന്‍ ടീം ഫോട്ടോയ്ക്ക് പോസ്ചെയ്തതും വിവാദങ്ങളില്‍ ഇടംപിടിച്ചിരുന്നു. ട്രോഫിയേന്തിയ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിക്കൊപ്പം വെളുത്തവര്‍ഗക്കാര്‍ ഒരുമിച്ച് വലതുഭാഗത്തും കറുത്ത വര്‍ഗക്കാരും ടീമിലെ ഇരുനിറക്കാരും ഇടതുഭാഗത്തും നില്‍ക്കുന്ന രീതിയിലായിരുന്നു അന്നത്തെ ചിത്രം.
2015ഇല്‍ നടന്ന ഏകദിന ലോകകപ്പിന്‍റെ സെമിയിൽ ദക്ഷിണാഫ്രിക്ക തോറ്റു പുറത്തായതിനു പിന്നാലെ വംശീയതയുടെ ചുവ പതിഞ്ഞ വിവാദങ്ങളും ഉടലെടുത്തിരുന്നു. ന്യൂസീലൻഡിനെതിരായ സെമിയില്‍ പേസ് ബോളർ കൈൽ ആബട്ടിനെ കളിപ്പിക്കാനായിരുന്നു ക്യാപ്റ്റന്‍ ഡിവില്ലിയേഴ്സിന് താൽപര്യമെങ്കിലും സമ്മർദ്ദത്തെ തുടർന്ന് കറുത്ത വർഗക്കാരനായ വെർനോൺ ഫിലാൻഡറെ കളിപ്പിക്കേണ്ടി വന്നിരുന്നു. ഇതിനെതിരെ തന്‍റെ ആത്മകഥയിൽ ഡിവില്ലിയേഴ്സ് പല പരാമർശങ്ങളും നടത്തുകയുണ്ടായി.