ആർ.എസ്.എസ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ല, 'ഭാരത് മാതാ കീ ജയ്' വിളിച്ചതു കൊണ്ട് ബി.ജെ.പി ദേശസ്‌നേഹികളാവില്ല: ഉദ്ധവ് താക്കറെ

"ശിവസേന സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ല. കാരണം അന്ന് ഞങ്ങളുടെ പാർട്ടി നിലവിലില്ലായിരുന്നു."

Update: 2021-03-04 08:31 GMT
ഭീകരരെ നേരിടാന്‍ ഗോരക്ഷാ പ്രവര്‍ത്തകരെ അയക്കണമെന്ന് ഉദ്ധവ് താക്കറെ 

ബി.ജെ.പിയുടെ മാതൃസംഘടനയായ ആർ.എസ്.എസ് സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളായിരുന്നില്ലെന്നും 'ഭാരത് മാതാ കീ ജയ്' വിളിക്കുന്നതു കൊണ്ട് ബി.ജെ.പിക്കാർ ദേശസ്‌നേഹികളാവില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെ. ബജറ്റ് സെഷനിടെ മഹാരാഷ്ട്ര അസംബ്ലിയിൽ സംസാരിക്കവെയാണ് ഉദ്ധവ് തങ്ങളുടെ മുൻ സഖ്യകക്ഷിക്കെതിരെ ആഞ്ഞടിച്ചത്.

'ശിവസേന സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ല. കാരണം അന്ന് ഞങ്ങളുടെ പാർട്ടി നിലവിലില്ലായിരുന്നു. എന്നാൽ അന്ന് നിലവിലുണ്ടായിരുന്ന നിങ്ങളുടെ മാതൃസംഘടനയും (ആർ.എസ്.എസ്) സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ല. ഭാരത് മാതാ കീ ജയ് എന്നു വിളിച്ചതു കൊണ്ടുമാത്രം നിങ്ങൾ ദേശസ്‌നേഹികളാവില്ല.'

Advertising
Advertising

സഭയിലെ ബി.ജെ.പി അംഗങ്ങളെ ചൂണ്ടി ഉദ്ധവ് പറഞ്ഞു.

'ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കുകയെന്നാൽ രാജ്യത്തോട് സ്‌നേഹമുണ്ട് എന്നർത്ഥമില്ല. ജനങ്ങൾക്ക് നീതി നൽകുന്നില്ലെങ്കിൽ ആ മുദ്രാവാക്യം വിളിക്കാൻ നിങ്ങൾക്ക് അവകാശമില്ല. കർഷകരെ തെരുവിൽ പ്രതിഷേധിക്കാൻ നിങ്ങൾ നിർബന്ധിക്കുകയാണ്.' ഉദ്ധവ് പറഞ്ഞു.

ഹിന്ദുത്വ നേതാവ് വി.ഡി സവർക്കർക്ക് ഭാരതരത്‌ന പുരസ്‌കാരം നൽകാൻ ബി.ജെ.പി സർക്കാർ തയ്യാറാകാതിരുന്നതിനെയും താക്കറെ വിമർശിച്ചു. സവർക്കർക്ക് മരണാനന്തര ഭാരതരത്‌ന നൽകണമെന്നാവശ്യപ്പെട്ട് താൻ രണ്ട് തവണ കേന്ദ്രത്തിന് കത്തയച്ചിരുന്നുവെങ്കിലും ഇതുവരെ പരിഗണിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഉദ്ധവിന്റേത് കവല പ്രസംഗമാണെന്നായിരുന്നു ഇതിനോട് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചത്.

Tags:    

Similar News