നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നിസ്സാഹയനായി സുന്ദര്‍; താരത്തിനെ ചേര്‍ത്തുപിടിച്ച് സോഷ്യല്‍ മീഡിയ

അവസാനക്കാരനായ മുഹമ്മദ് സിറാജിന്‍റെ വിക്കറ്റ് ബെന്‍ സ്‌റ്റോക്‌സ് പിഴുതപ്പോള്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നിസ്സഹായനായി നോക്കി നില്‍ക്കാനേ വാഷിങ്ടണ്‍ സുന്ദറിന് കഴിഞ്ഞുള്ളൂ

Update: 2021-03-06 10:43 GMT

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടി താരമായത് ഋഷഭ് പന്ത് ആണെങ്കിലും വാലറ്റത്തെ ഒറ്റയാന്‍ പ്രകടനത്തിലൂടെ കൈയ്യടി നേടിയത് വാഷിങ്ടണ്‍ സുന്ദര്‍ ആണ്. മുന്‍നിര തകര്‍ന്നിടത്ത് ഋഷഭ് പന്തിനൊപ്പം ഇന്ത്യന്‍ ഇന്നിങ്സിനെ പടുത്തുയര്‍ത്തി കോട്ട കെട്ടി കാത്തത് സുന്ദറിന്‍റെ പ്രകടനമാണ്. ഒടുവില്‍ സുന്ദറിന് അര്‍ഹിച്ച സെഞ്ച്വറിക്ക് നാല് റണ്‍സ് മാത്രം വേണ്ടിയിരുന്നപ്പോള്‍ ടീമിലെ പതിനൊന്നാമനും പുറത്തായി. അവസാനക്കാരനായ മുഹമ്മദ് സിറാജിന്‍റെ വിക്കറ്റ് ബെന്‍ സ്‌റ്റോക്‌സ് പിഴുതപ്പോള്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നിസ്സഹായനായി നോക്കി നില്‍ക്കാനേ വാഷിങ്ടണ്‍ സുന്ദറിന് കഴിഞ്ഞുള്ളൂ.

Advertising
Advertising

സിറാജിന്‍റെ വിക്കറ്റില്‍ പന്ത് തട്ടിയതിനേക്കാള്‍ വേഗത്തില്‍ പിടഞ്ഞത് ആരാധകരുടേയും വാഷിങ്ടണ്‍ സുന്ദറിന്‍റെയും ഹൃദയമാകും. ഈ പരമ്പരയില്‍ തന്നെ രണ്ടാം തവണയാണ് അവസരത്തിനൊത്ത് ഉയര്‍ന്ന പ്രകടനം കാഴ്ചവെച്ചിട്ടും സുന്ദറിന് സെഞ്ച്വറി നഷ്ടമാകുന്നത്.

ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്‍റെ മാരത്തണ്‍ ഇന്നിങ്സിന് മറുപടി നല്‍കാന്‍ ഇറങ്ങിയ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. അന്നും ഋഷഭ് പന്തിനും വാലറ്റത്തിനും ഒപ്പം ഇന്ത്യയെ കരകയറ്റിയത് സുന്ദര്‍ ആയിരുന്നു. ഇതേ വിധി തന്നെയായിരുന്നു അന്നും സുന്ദറിനായി ക്രിക്കറ്റ് ദൈവം കരുതിവെച്ചത്. ഇന്ത്യന്‍ ഇന്നിങ്സിലെ അവസാന വിക്കറ്റ് വീഴുമ്പോഴും വാഷിങ്ടണ്‍ സുന്ദര്‍ 85 റണ്‍സുമായി നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നോട്ട് ഔട്ടായി നില്‍ക്കുകയായിരുന്നു.

ഇന്ന് നാലാം ടെസ്റ്റില്‍ വന്നെത്തി നില്‍ക്കുമ്പോഴും വിധിയുടെ ദുര്‍ഭൂതം സെഞ്ച്വറി എന്ന ചരിത്ര നേട്ടത്തെ വാഷിങ്ടണ്‍ സുന്ദറില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ്. റിഷഭ് പന്ത് വീരോചിത സെഞ്ച്വറിയിലൂടെ ന‌‌ടത്തിയ രക്ഷാപ്രവര്‍ത്തനം പന്ത് മടങ്ങിയപ്പോള്‍ ചുമലിലേറ്റിയത് വാഷിംഗ്ടണ്‍ സുന്ദറായിരുന്നു. ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്‍ അല്ലാതിരുന്നിട്ട് കൂട്ടി വാലറ്റക്കാരനായ അക്ഷര്‍ പട്ടേലും മികച്ച പിന്തുണയാണ് സുന്ദറിന് നല്‍കിയത്. കൃത്യമായ ഇടവേളകളില്‍ സ്ട്രൈക്ക് കൈമാറിയും മികച്ച ഡിഫന്‍സീവ് ഷോട്ടുകളിലൂടെയും അക്ഷര്‍ സുന്ദറിനൊപ്പം ടീമിന്‍റെ ഇന്നിങ്സ് പടുത്തുയര്‍ത്തി.

പക്ഷേ ടീം സ്കോര്‍ 365ല്‍ എത്തിയപ്പോള്‍ നിര്‍ഭാഗ്യം ബാരിസ്റ്റോയുടെ രൂപത്തിലെത്തി. ജോ റൂട്ടിന്‍റെ പന്ത് വാഷിങ്ടണ്‍ സുന്ദര്‍ ഇന്നര്‍ സര്‍ക്കിളിനുള്ളില്‍ ബാരിസ്റ്റോയുടെ കൈകളിലേക്ക് അടിച്ചുവിടുന്നു. നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കുന്ന അക്ഷര്‍ അപ്പോഴേക്കും ക്രീസ് വി‌‌‌ട്ടിരുന്നു. ബാരിസ്റ്റോയുടെ മികച്ച ത്രോയില്‍ അക്ഷറിന്‍റെ വിക്കറ്റ് തെറിച്ചു. അക്ഷരാര്‍ത്ഥത്തില്‍ അവിടെയാണ് സുന്ദറിന് സെഞ്ച്വറി നഷ്ടപ്പെട്ടത് എന്ന് പറയാം...! കാരണം, അത് ആ ഓവറിലെ അവസാന പന്തായിരുന്നു. അടുത്ത ഓവറില്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലെത്തിയ സുന്ദറിന് സെഞ്ച്വറിക്ക് ബാക്കിയുള്ള നാലു റണ്‍ കൂട്ടിച്ചേര്‍ക്കാന്‍ തിരികെ സ്ട്രൈക്കിംഗ് എന്‍ഡിലേക്ക് എത്താന്‍ സാധിച്ചില്ല. 96 ല്‍ നില്‍ക്കുകയായിരുന്ന സുന്ദറിന്‍റെ മുഖത്ത് ആ നിരാശ അപ്പോള്‍ തന്നെ നിഴലിച്ചിരുന്നു. അക്ഷറിന് പിന്നാലെയെത്തിയ ഇഷാന്തിനെയും സിറാജിനെയും റണ്ണെടുക്കും മുമ്പ് ആ ഓവറില്‍ തന്നെ സ്റ്റോക്ക്സ് പവലിയനിലേക്ക് മടക്കി. ഇതിനെല്ലാം സാക്ഷിയായി നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍‌ നില്‍ക്കാനായിരുന്നു വാഷിങ്ടണ്‍ സുന്ദറിന്‍റെ വിധി..!

അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായെങ്കിലും സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ സുന്ദറിനായുള്ള പോസ്റ്റുകളും ട്വീറ്റുകളുമാണ് നിറയുന്നത്. സെഞ്ച്വറി നേടാനായില്ലെങ്കിലും മികച്ച പ്രകനത്തിന് നിറഞ്ഞ കയ്യടിയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ 'വെരി വെരി സ്പെഷ്യല്‍' ഇന്നിങ്സുകള്‍ക്ക് ഉടമയായിരുന്ന വി.വി.എസ് ലക്ഷ്മണ്‍ വാഷിങ്ടണ്‍ സുന്ദറിനെ അഭിനന്ദിച്ചുകൊണ്ടെഴുതിയ ട്വീറ്റ് ഇങ്ങനെ..‌

''വാഷിങ്ടണ്‍ സുന്ദറിന് സെഞ്ച്വറി നേടാന്‍ സാധിക്കാതെ പോയതില്‍ നിരാശയുണ്ട്. പക്ഷേ ടീമിന് വേണ്ടി അവസരത്തിനൊത്തുയരുകയും സന്ദര്‍ഭത്തിനനുസരിച്ച് ബാറ്റ് വീശുകയും ചെയ്ത സുന്ദറിന്‍റെ പ്രകടനത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു. തീര്‍ച്ചയായും ഇനിയും സ്കോർ ചെയ്യാൻ കൂടുതൽ അവസരങ്ങൾ സുന്ദറിന് ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്''

സുന്ദര്‍ സെഞ്ച്വറി നേടാനാകാതെ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കുമ്പോള്‍ അവസാന വിക്കറ്റുകളായി പുറത്തായ അക്ഷര്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് സിറാജ് എന്നിവരെ ട്രോളുന്ന തമാശരൂപേണയുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫറിന്‍റെ ട്വീറ്റ് ഇങ്ങനെ. ''അടുത്ത തവണ വാഷിങ്ടണ്‍ സുന്ദറിന്‍റെ അച്ഛനെ കാണുമ്പോള്‍ ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് സിറാജ്, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ ഭാവം ഇങ്ങനെയായിരിക്കും'' ഈ അടിക്കുറിപ്പോടെ ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിലെ മീം ആണ് പങ്കുവെച്ചിരിക്കുന്നത്.

വാഷിങ്ടണ്‍ സുന്ദറിനെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റുകളില്‍ ചിലത്....

Tags:    

Similar News