ഇസ്രായേലിന്റെ ഇറാന്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ചൈന

പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ ചൈന ഒറ്റക്കെട്ടായി എതിർക്കുന്നുവെന്നും ഇസ്രായേൽ നടപടികളുടെ അനന്തരഫലങ്ങളെക്കുറിച്ച് അവർക്ക് വളരെയധികം ആശങ്കയുണ്ടെന്നും ഫു കോങ് പറഞ്ഞു

Update: 2025-06-14 06:50 GMT

തെഹ്റാൻ: ഇറാനെ ലക്ഷ്യം വെച്ച് ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ചൈനയുടെ യുഎൻ അംബാസഡർ ഫൂ കോങ്. രാജ്യത്തെ സു​ര​ക്ഷ​ക്കും സ്ഥി​ര​ത​ക്കും ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​താ​ണ് ഇ​സ്രാ​യേ​ലി​ന്റെ ന​ട​പ​ടി​യെ​ന്ന് ഫൂ കോങ് കുറ്റപ്പെടുത്തി.

ഇസ്രായേൽ ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നത് ആശങ്കയുളവാക്കുന്നുണ്ട്, അതിര് കടന്ന പ്രവർത്തിയാണ് ഇസ്രോയേൽ തുടരുന്നതെന്നും ഫൂ കോങ് പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ ചൈന ഒറ്റക്കെട്ടായി എതിർക്കുന്നുവെന്നും ഇസ്രായേൽ നടപടികളുടെ അനന്തരഫലങ്ങളെക്കുറിച്ച് അവർക്ക് വളരെയധികം ആശങ്കയുണ്ടെന്നും ഫു കോങ് പറഞ്ഞു.

Advertising
Advertising

കഴിഞ്ഞ ദിവസം, പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സൈനിക നടപടികളെ അപലപിച്ച് യുഎനും അറബ് പാർലമെന്റും രം​ഗത്തെത്തിയിരുന്നു.

ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള യുഎൻ സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പുറത്തുവിട്ട പ്രസ്താവനയിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തന്റെ നിലപാട് വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് ഇറാനും അമേരിക്കയും തമ്മിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ, ഇറാനിലെ ആണവ സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ ഇസ്രായേലിന്റെ ആക്രമണങ്ങളിൽ അദ്ദേഹം പ്രത്യേകം ആശങ്കയും രേഖപ്പെടുത്തി.

ഈ നടപടി രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് അറബ് പാർലമെന്റും കുറ്റപ്പെടുത്തി.

വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ഇറാൻ ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തിയത്. തെൽഅവീവ് അടക്കമുള്ള നഗരങ്ങളിലേക്ക് നിരവധി ബാലിസ്റ്റിസ് മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്. ഇറാൻ ആക്രമണം തുടങ്ങിയതോടെ ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ഇസ്രായേൽ നിർദേശം നൽകിയിരുന്നു.

ഇറാൻ ആക്രമണത്തിൽ തെൽഅവീവിലെ ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് വൻ സ്‌ഫോടനം നടന്നതായും തീപിടിത്തത്തിൽ കെട്ടിടത്തിന് കനത്ത നാശനഷ്ടം ഉണ്ടായതായും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് പുലർച്ചെയോടെ ഇസ്രായേൽ ഇറാനിൽ വീണ്ടും ആക്രമണം നടത്തി. തെഹ്‌റാനിലെ വിവിധ മേഖലകളിലും ഇസ്ഫഹാൻ ആണവ കേന്ദ്രത്തിലും ഇസ്രായേൽ ആക്രമണം നടത്തി. ഇറാനെതിരായ ആക്രമണം തുടരുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അടക്കം വ്യക്തമാക്കിയത്. തങ്ങൾക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നും അത് നിറവേറ്റുന്നത് വരെ ആക്രമണം തുടരുമെന്നും ഇസ്രായേൽ പറയുന്നു. അതേസമയം ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേലിന് പിന്തുണ നൽകുന്ന അമേരിക്കക്ക് എതിരെയും ആക്രമണം ഉണ്ടാവുമെന്ന സൂചന ഇറാൻ നൽകിയിരുന്നു.

Tags:    

Writer - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News