യൂറോപ്പിനെ ഇരുട്ടിലാക്കി വൻ വൈദ്യുതി മുടക്കം
വിമാന, ട്രെയിൻ ഗതാഗതം, മൊബൈൽ ഫോൺ സേവനങ്ങൾ, ട്രാഫിക് സിഗ്നലുകൾ, എടിഎം കൗണ്ടറുകൾ, ഇന്ററർനെറ്റ് സംവിധാനം തുടങ്ങി അവശ്യസർവീസുകളിൽ മിക്കതിനെയും ബാധിച്ചു
മാഡ്രിഡ്: യൂറോപ്പിലെ പ്രമുഖ രാജ്യങ്ങളെ ഇരുട്ടിലാക്കി വൻവൈദ്യതി മുടക്കം. പോർച്ചുഗൽ, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ഇരുട്ടിലായത്. യൂറോപ്യന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യുതി മുടക്കമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാജ്യങ്ങളിലെ വിമാന സർവീസുകൾ, ട്രെയിൻ സർവീസുകൾ, മെട്രോ ശൃംഖലകൾ, മൊബൈൽ ഫോൺ ലൈനുകൾ, ട്രാഫിക് സിഗ്നലുകൾ, എടിഎം കൗണ്ടറുകൾ, ഇന്ററർനെറ്റ് സംവിധാനം തുടങ്ങി അവശ്യസർവീസുകളടക്കം മുടങ്ങി. പോർച്ചുഗലിലെ മഡ്രിഡിലെ ബരാജാസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണമായും സ്തംഭിച്ചു. ഇതോടെ വിമാനസർവീസുകൾ മുടങ്ങി. ആളുകൾ ഓഫീസുകളും വീടുകളും വിട്ട് പൊതുയിടങ്ങിൽ കൂടിനിൽക്കുന്ന ചിത്രങ്ങളും വിഡിയോകളും എക്സിൽ പ്രചരിക്കുന്നുണ്ട്.
പോർച്ചുഗലിലും സ്പെയിനിലും നൂറ്കണക്കിന് ആളുകൾ മെട്രോ ട്രെയിനുകൾക്കുള്ളിൽ കുടുങ്ങി.പലയിടങ്ങളിലും പത്ത് മണിക്കൂർ കഴിഞ്ഞിട്ടും വൈദ്യുതിതകരാർ പരിഹരിക്കാനായിട്ടില്ല. യൂറോപ്യൻ ഗ്രിഡിലുണ്ടായ തകരാറാണ് വൈദ്യൂതി മുടക്കത്തിന് കാരണമെന്നാണ് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൈബറാക്രമണമല്ലെന്നാണ് പ്രാഥമികമായി വിലയിരുത്തപ്പെടുന്നത്. പ്രതിസന്ധി ചർച്ച ചെയ്യാൻ രാജ്യങ്ങൾ അടിയന്തര യോഗം ചേർന്നു.വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളിലെ ഭരണകൂടങ്ങളുമായി ബന്ധപ്പെട്ടു വരികയാണെന്ന് യൂറോപ്യൻ കമീഷൻ വ്യക്തമാക്കി.