ജെൻ സി അത്ര ഹാപ്പിയല്ല; വെളിപ്പെടുത്തലുമായി പഠനം

കഴിഞ്ഞ ദശകം മുതൽ യുവാക്കൾക്കിടയിലെ ജീവിത സംതൃപ്തിയും സന്തോഷവും ക്രമാനുഗതമായി കുറഞ്ഞുവരികയാണെന്ന് സമീപകാല ഗവേഷണങ്ങൾ വ്യക്തമാക്കുന്നുണ്ട്

Update: 2025-05-03 06:34 GMT
Editor : സനു ഹദീബ | By : Web Desk

വാഷിങ്ടൺ: ജെൻസി അത്ര ഹാപ്പിയല്ലെന്ന് പഠനം. 18 നും 29 നും ഇടയിൽ പ്രായമുള്ള യുവതീ-യുവാക്കൾ അസന്തുഷ്ടരാണെന്നാണ് ഗ്ലോബൽ ഫ്ലൂറിഷിംഗ് സ്റ്റഡിയിൽ വ്യക്തമാകുന്നത്. ഇവരുടെ സന്തോഷ രേഖ താഴ്ന്ന നിലയിലാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

22 രാജ്യങ്ങളിലായി 200,000-ത്തിലധികം ആളുകളിൽ നിന്ന് ഗാലപ്പ് ശേഖരിച്ച ഡാറ്റ വിശകലനം ചെയ്ത ഹാർവാർഡ്, ബെയ്‌ലർ സർവകലാശാലയിലെ ഗവേഷകർ സംയുക്തമായി നടത്തിയ പഠനമാണ് ഗ്ലോബൽ ഫ്ലൂറിഷിംഗ്. മോശം മാനസിക-ശാരീരിക ആരോഗ്യം, അസന്തുഷ്ടി, സ്വന്തത്തെ ക്കുറിച്ചുള്ള നെഗറ്റീവ് ചിന്തകൾ, ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്തൽ, സാമ്പത്തിക സുരക്ഷാ, ബന്ധങ്ങളുടെ ഗുണനിലവാരം എന്നീ പ്രശ്‍നങ്ങളുമായി പുതു തലമുറ നിരന്തരം മല്ലിടുകയാണെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്.

Advertising
Advertising

വളരെക്കാലമായി സന്തോഷ രേഖ ഇംഗ്ലീഷ് അക്ഷരമായ യു ആകൃതിയിലാണ് നിലനിൽക്കുന്നതെന്ന് പഠനങ്ങൾ കണ്ടെത്തിയിരുന്നു. ചെറുപ്രായത്തിലാണ് നിങ്ങൾ ഏറ്റവും കൂടുതൽ സന്തോഷത്തിൽ ജീവിക്കുന്നത്. പിന്നീട് മധ്യവയസ്സ് ആകുമ്പോൾ സന്തോഷം കുറയുകയും രേഖ താഴ്ന്ന നിലയിൽ എത്തുകയും ചെയ്യുന്നു. വാർദ്ധക്യത്തിൽ സന്തോഷം വീണ്ടും ഉയരുന്നു. എന്നാൽ പുതു തലമുറയിലെ സന്തോഷം മുമ്പത്തേക്കാൾ നേരത്തെ കുറയുകയാണെന്ന് വിദഗ്ദർ പറയുന്നു. അതിനാൽ സന്തോഷരേഖയുടെ ആകൃതി യു രേഖയിൽ നിന്ന് മാറുകയാണ്.

അത്തരത്തിൽ നോക്കുമ്പോൾ സന്തോഷ രേഖ ഏകദേശം 50 വയസുവരെ പരന്നു കിടക്കുകയാണെന്നും അത് ഉന്നതിയിൽ എത്തുന്നില്ലെന്നും ഗവേഷകർ പറയുന്നു. യുകെ, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇത് ബാധകമാണെങ്കിലും അപകടകരമായ രീതിയിൽ ഈ പ്രവണത കാണുന്നത് യുഎസിലാണ്. "ഇത് വളരെ വ്യക്തമായ ഒരു ചിത്രമാണ്. യുവജനങ്ങളുടെ ക്ഷേമത്തിൽ നമ്മൾ വേണ്ടത്ര നിക്ഷേപം നടത്തുന്നുണ്ടോ?" പഠനത്തിന്റെ മുഖ്യ രചയിതാവും ഹാർവാർഡ് ഹ്യൂമൻ ഫ്ലൂറിഷിംഗ് പ്രോഗ്രാമിന്റെ ഡയറക്ടറുമായ ടൈലർ ജെ. വാൻഡർവീൽ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.

കഴിഞ്ഞ ദശകം മുതൽ യുവാക്കൾക്കിടയിലെ ജീവിത സംതൃപ്തിയും സന്തോഷവും ക്രമാനുഗതമായി കുറഞ്ഞുവരികയാണെന്ന് സമീപകാല ഗവേഷണങ്ങൾ വ്യക്തമാക്കുന്നുണ്ട്. യുഎസിലെ യൂത്ത് റിസ്ക് ബിഹേവിയർ സർവേ (YRBSS), ജെൻ സി കുട്ടികൾക്കിടയിൽ ഉത്കണ്ഠയും വിഷാദവും ഗണ്യമായി വർദ്ധിച്ചതായി വ്യക്തമാക്കുന്നു. പ്രത്യേകിച്ചും പെൺകുട്ടികളിൽ. ഹൈസ്‌കൂൾ വിദ്യാർത്ഥിനികളിൽ 53% പേർ ദുഃഖമോ നിരാശയോ അനുഭവിക്കുന്നതായി റിപ്പോർട്ട് പറയുന്നു. ആൺകുട്ടികളിൽ ഇത് 28% ആണ്. ഈ പ്രായത്തിലുള്ള കുട്ടികളിൽ മനസികാരോഗ്യവുമായി ബന്ധപ്പെട്ട ആശങ്ക വളർന്നു വരികയാണെന്നും പഠനത്തിന്റെ രചയിതാക്കൾ പറയുന്നു. ഇതിന് പിന്നിലുള്ള കാരണങ്ങൾ പലതാണ്.

ജീവിതത്തിന്റെ അർത്ഥമോ ദിശയോ കണ്ടെത്താൻ സാധിക്കാതെ വരിക, സാമ്പത്തിക ആശങ്കകൾ, നേട്ടങ്ങൾ കൈവരിക്കാനുള്ള സമ്മർദ്ദം, തങ്ങൾ തകർച്ചയിലാണെന്ന പൊതുവെയുള്ള തോന്നൽ, ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും, സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾ എന്നിവ ഈ മനസികാരോഗ്യപ്രശ്നങ്ങളെ സ്വാധീനിക്കുന്നുണ്ട്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News