ഗസ്സയ്‌ക്കൊപ്പം നിന്ന മാർപാപ്പയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാതെ ഇസ്രായേലിന്റെ ഉന്നതനേതൃത്വം
ഫ്രാൻസിസ് മാർപാപ്പ അവസാനം ശബ്ദിച്ചതും ഗസ്സക്കു വേണ്ടിയായിരുന്നു
വത്തിക്കാൻസിറ്റി: ആഗോള കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങുകളിൽ നിന്ന് ഇസ്രായേലിന്റെ 'ഉന്നത നേതൃത്വം' വിട്ടുനിന്നത് എന്തുകൊണ്ടാവും? ഫലസ്തീൻ ഉൾപ്പെടെയുള്ള മറ്റുരാജ്യങ്ങളുടെ തലവന്മാരാണ് സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തതെങ്കിൽ ഇസ്രായേൽ വത്തിക്കാനിലേക്ക് പറഞ്ഞയച്ചത് താരതമ്യേനെ ചെറിയൊരു പ്രതിനിധിയെ.
അവരുടെ വത്തിക്കാൻ അംബാസിഡർ ആരോൺ സൈഡ്മാനാണ് ഇസ്രായേലിനെ പ്രതിനിധീകരിച്ച് ചടങ്ങിനെത്തിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉൾപ്പെടെയുള്ള ലോക നേതാക്കൾ പങ്കെടുക്കുന്നൊരു ചടങ്ങിൽ എന്തുകൊണ്ടാവും അംബാസിഡറെ മാത്രം ഇസ്രായേൽ പറഞ്ഞയച്ചത്. സമൂഹമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച ചർച്ചകളും നിറയുന്നുണ്ട്.
മാർപാപ്പ മരിച്ചതിന് പിന്നാലെ നാല് ദിവസത്തെ ദുഃഖാചരണം ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. അവരുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിൽ മാർപാപ്പയെ അനുസ്മരിക്കുകയും ചെയ്തിരുന്നു. സ്വന്തം നിലക്കും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെ മാർപാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് ഇസ്രായേലിന്റെ ഔദ്യോഗിക പേജില്‍ വന്നൊരു കുറിപ്പ് പെട്ടെന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു. സാങ്കേതിക തകരാര്‍ എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്.
എന്തായിരിക്കും കാരണം?
എന്തായിരിക്കും കാരണം എന്നത് സംബന്ധിച്ചൊരു ഔദ്യോഗിക വിശദീകരണം ഇസ്രായേൽ നൽകുന്നില്ലെങ്കിലും മാർപാപ്പയുടെ ഗസ്സ അനുകൂല നിലപാടാണ് ഇസ്രായേലിനെ പിന്തിരിപ്പിച്ചത് എന്നാണ് പറയപ്പെടുന്നത്. പലപ്പോഴും ഇസ്രായേലിന്റെ പ്രവൃത്തികളെ കുറ്റപ്പെടുത്തുകയും ഗസ്സയോടൊപ്പമാണ് താനെന്ന് മാർപാപ്പ പ്രഖ്യാപിക്കുകയും ചെയ്തിരിന്നു.
ഗസ്സയിലെ ഇസ്രായേലിന്റെ സൈനിക നടപടികളെ ഫ്രാൻസിസ് മാർപാപ്പ എപ്പോഴും വിമർശിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ നടപടികളെ വംശഹത്യയായാണ് അദ്ദേഹം കണക്കാക്കിയിരുന്നത്. ഇതില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഗസ്സയിലെ മാനുഷിക സാഹചര്യം അതീവ ഗുരുതരാവസ്ഥയിലാണെന്നും ആ ജനതയോട് പലപ്പോഴും സഹതാപം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഫ്രാൻസിസ് മാർപ്പാപ്പ അവസാനം ശബ്ദിച്ചതും ഗസ്സക്ക് വേണ്ടിയായിരുന്നു. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നായിരുന്നു മാർപാപ്പയുടെ നിർദേശം.
ഇക്കഴിഞ്ഞ ഈസ്റ്റർ സന്ദേശത്തിലാണ് അദ്ദേഹം വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിരുന്നത്. ഫലസ്തീനിലും ഇസ്രായേലിലും ദുരിതങ്ങളും കഷ്ടപ്പാടുകളും അനുഭവിക്കുന്നവർക്കൊപ്പമാണ് തന്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ജനതയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു- ഇതെല്ലാം ആകാം ഇസ്രായേലിനെ പിന്തിരിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.
അതേസമയം ഉന്നത നേതൃത്വത്തെ തന്നെ ശവസംസ്കാര ചടങ്ങിനെത്തിച്ച് ഫലസ്തീൻ അതോറിറ്റി പോപ്പിനോട് വലിയ ബഹുമാനം പ്രകടിപ്പിക്കുകയും ചെയ്തു. ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫയാണ് ചടങ്ങിനെത്തിയത്.