'ഗസ്സയിൽ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിൽ റോയിട്ടേഴ്സും ഉത്തരവാദി'; കനേഡിയൻ ഫോട്ടോജേര്‍ണലിസ്റ്റ് രാജിവെച്ചു

കഴിഞ്ഞ എട്ട് വർഷമായി റോയിട്ടേഴ്‌സിന്‍റെ ഭാഗമായതിനെ ഞാൻ വിലമതിക്കുന്നു

Update: 2025-08-26 08:56 GMT
Editor : Jaisy Thomas | By : Web Desk

കാനഡ: ഗസ്സയിൽ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടക്കൊലയിൽ വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സിനും പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയൻ വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റ് രാജിവെച്ചു. ഏജൻസിയിൽ എട്ട് വര്‍ഷമായി സ്ട്രിംഗറായി ജോലി ചെയ്തിരുന്ന വലേരി സിങ്കാണ് ജോലി അവസാനിപ്പിച്ചത്. ഇസ്രായേൽ ഗസ്സയിൽ മാധ്യമപ്രവർത്തകരെ ആസൂത്രിതമായി കൊലപ്പെടുത്തിയതിനെ ന്യായീകരിക്കുന്ന ഒരു സ്ഥാപനത്തിൽ ഇനി ജോലി ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സ്ട്രിംഗര്‍ സേവനം നിര്‍ത്തിയത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് വലേരി ഇക്കാര്യം അറിയിച്ചത്.

Advertising
Advertising

"കഴിഞ്ഞ എട്ട് വർഷമായി റോയിട്ടേഴ്‌സിന്‍റെ ഭാഗമായതിനെ ഞാൻ വിലമതിക്കുന്നു. പക്ഷേ ഈ സമയം ഈ പ്രസ് കാര്‍ഡ് ധരിക്കുന്നത് അഗാധമായ നാണക്കേടും അവമതിപ്പുമുണ്ടാക്കുന്നു," സിങ്ക് പറയുന്നു. "ഫലസ്തീനിലെ എന്‍റെ സഹപ്രവർത്തകരോട് ഞാൻ ഇത്രയെങ്കിലും കടപ്പെട്ടിരിക്കുന്നു, അതിലുപരി വളരെയധികം" അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗസ്റ്റ് 10 ന് ഗസ്സയിൽ അനസ് അൽ-ഷെരീഫും അൽ-ജസീറ സംഘവും കൊല്ലപ്പെട്ടതിനെത്തുടർന്ന് റോയിട്ടേഴ്‌സ് നടത്തിയ റിപ്പോർട്ടിംഗിനെ സിങ്ക് അപലപിച്ചു. "അൽ-ഷെരീഫ് ഒരു ഹമാസ് പ്രവർത്തകനാണെന്ന ഇസ്രായേലിന്‍റെ അടിസ്ഥാനരഹിതമായ അവകാശവാദം ഏജൻസി പ്രസിദ്ധീകരിച്ചു. റോയിട്ടേഴ്‌സ് പോലുള്ള മാധ്യമങ്ങൾ ഉത്തരവാദിത്തോടെയും മാന്യമായും ആവർത്തിച്ച എണ്ണമറ്റ നുണകളിൽ ഒന്നാണിത്" വലേരി കുറിച്ചു.

കഴിഞ്ഞ ദിവസം  നസർ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ നാല് മാധ്യമപ്രവർത്തകരടക്കം 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. അൽ ജസീറ ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് സലാമ,റോയിട്ടേഴ്സിന്റെ ഫോട്ടോ ജേണലിസ്റ്റായ ഹൊസ്സാം അൽ മസ്രി, അസോസിയേറ്റഡ് പ്രസിന്റേയും ദ ഇൻഡിപ്പെൻഡന്റ് അറബിക്കിന്റെയും പ്രതിനിധിയായ മറിയം അബു ദഖ, എൻബി.സി നെറ്റ് വർക്കിന്റെ ജേർണലിസ്റ്റ് മൊഅസ് അബു ദഹ എന്നിവരാണ് കൊല്ലപ്പെട്ടത്. നസർ ആശുപത്രിയിലെ റിപ്പോർട്ടിങ്ങിനിടയുണ്ടായ ബോംബാക്രമണത്തിലാണ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്. ഇതുവരെ ഇസ്രായേൽ ആക്രമണത്തിൽ 245 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News