'ഈ ജോലി അത്ര എളുപ്പമുള്ളതല്ല'; മാര്‍പാപ്പയായതിന്‍റെ പത്താം വാര്‍ഷികത്തിൽ പോപ്പ് പറഞ്ഞു
ദൈവഹിതം ശ്രദ്ധിക്കുകയും അതു നടപ്പില്‍ വരുത്തുകയും ചെയ്യുക എന്നതും എളുപ്പമല്ലെന്നു പാപ്പാ പറഞ്ഞു
വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവനായിരിക്കുക അത്ര എളുപ്പമുള്ള ജോലിയല്ലെന്നായിരുന്നു ഫ്രാൻസിസ് മാര്‍പാപ്പയുടെ പക്ഷം. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ പത്താം വാര്‍ഷികത്തിൽ അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തിരുന്നു. ചെയ്യുന്നതിനു മുമ്പ് അതു പഠിക്കാനുള്ള അവസരം ആര്‍ക്കുമില്ലെന്നും ഒരു ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിൽ പാപ്പ പറയുകയുണ്ടായി.
ക്രിസ്തുവിനെ തള്ളിപ്പറയുകയെന്ന വീഴ്ച പത്രോസിനുണ്ടായി. എന്നിട്ടും ഉത്ഥാനത്തിനു ശേഷം പത്രോസിനെയാണ് ഈശോ തെരഞ്ഞെടുത്തത്. അതാണു കര്‍ത്താവ് നമ്മോടു കാണിക്കുന്ന കരുണ. പാപ്പയോടും ആ കരുണ അവിടുന്ന് കാണിക്കുന്നു. ഞാന്‍ പ്രയോജനശൂന്യനായ ഒരു ദാസന്‍ എന്നാണ് പോള്‍ ആറാമന്‍ മാര്‍പാപ്പ തന്‍റെ 'മരണചിന്തകളില്‍' എഴുതിയത്. - മാര്‍പാപ്പ വിശദീകരിച്ചു.
ദൈവഹിതം ശ്രദ്ധിക്കുകയും അതു നടപ്പില്‍ വരുത്തുകയും ചെയ്യുക എന്നതും എളുപ്പമല്ലെന്നു പാപ്പാ പറഞ്ഞു. ലോകത്തോടല്ല, കര്‍ത്താവിനോട് അനുരൂപരായിരിക്കുക എന്നതു പ്രധാനമാണ്. തന്നെ തെരഞ്ഞെടുത്ത കാര്‍ഡില്‍ സംഘത്തിന്‍റെ യോഗത്തിലുയര്‍ന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കുക എന്നതായിരുന്നു തന്റെ ഭരണപരിപാടി. സഭ ഒരു വ്യാപാരസ്ഥാപനമോ സന്നദ്ധസംഘടനയോ അല്ല, പാപ്പ ഒരു ഭരണാധികാരിയും അല്ല. കര്‍ത്താവ് എന്നെ വിധിക്കുക ഈശോ പഠിപ്പിച്ചതു പ്രകാരമുള്ള കാരുണ്യപ്രവൃത്തികള്‍ ചെയ്തുവോ എന്നതിനെ ആധാരമാക്കിയായിരിക്കും.- മാര്‍പാപ്പ പറയുന്നു.
ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്ന ഒരു സഭയും സമാധാനം നിറഞ്ഞ ഒരു ലോകവുമാണു താന്‍ സ്വപ്നം കാണുന്നതെന്നും പാപ്പാ പറഞ്ഞു. പുരോഹിതാധിപത്യമാണ് ഒരു സഭയ്ക്കു സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യം. പുരോഹിതാധിപത്യത്തിലൂടെ രോഗാതുരനാകുന്ന ഒരു വൈദികന്‍, മെത്രാന്‍ അഥവാ കാര്‍ഡിനല്‍ സഭക്കു വലിയ നാശമുണ്ടാക്കുന്നു. അതൊരു പകര്‍ച്ചവ്യാധിയാണ്. പൗരോഹിത്യവത്കരിക്കപ്പെടുന്ന അത്മായര്‍ അതിനേക്കാള്‍ ദുരന്തമാണ്. അവര്‍ സഭയ്ക്കു ശല്യമാണ്. അത്മായര്‍ എപ്പോഴും അത്മായരായിരിക്കണം. -പാപ്പാ പറഞ്ഞിരുന്നു.
തന്‍റെ ഭരണകാലത്ത് താന്‍ ഏറ്റവുമധികം സഹനമനുഭവിച്ച വിഷയം അഴിമതിയാണെന്നും പാപ്പ പറഞ്ഞു. സാമ്പത്തിക അഴിമതി മാത്രമല്ല ഇത്. ഹൃദയത്തിന്റെ അഴിമതി. അഴിമതി വലിയ ഉതപ്പാണ്...പാപ്പ അഭിമുഖത്തിൽ വ്യക്തമാക്കി.