നിത്യനിദ്രയിൽ ഫ്രാൻസിസ് മാർപാപ്പ; അന്ത്യവിശ്രമം സെന്റ് മേരി മേജർ ബസിലിക്കയിൽ

സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 യോടെയാണ് സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചത്

Update: 2025-04-26 13:02 GMT
Editor : സനു ഹദീബ | By : Web Desk

വത്തിക്കാന്‍ സിറ്റി: നിത്യനിദ്രയിൽ ഫ്രാൻസിസ് മാർപാപ്പ. മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ അടക്കം ചെയ്തു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 യോടെയാണ് സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചത്. സംസ്കാരച്ചടങ്ങിൽ ലോകനേതാക്കളും പതിനായിരക്കണക്കിന് വിശ്വാസികളും പങ്കെടുത്തു.

കര്‍ദിനാള്‍ കോളേജിന്റെ ഡീൻ കർദ്ദിനാൾ ജിയോവന്നി ബാറ്റിസ്റ്റ റീ യാണ് ദിവ്യബലിക്ക് നേതൃത്വം നൽകിയത്. സംസ്കാര ചടങ്ങുകൾക്ക് ശേഷം, മാർപാപ്പയുടെ മൃതദേഹമുള്ള പെട്ടി സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കും തുടർന്ന് സെന്റ് മേരി മേജർ ബസിലിക്കയിലേക്കും കൊണ്ടുപോയി. വിവിധങ്ങളായ അപ്പസ്തോലിക യാത്രയുടെ മുന്‍പും ശേഷവും ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കുന്ന കേന്ദ്രമായിരുന്നു മേരി മേജർ ബസിലിക്ക. വിശുദ്ധ പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യ വിശ്രമം കൊള്ളുന്നത്. എന്നാൽ തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്ന് മാർപാപ്പ മരണപത്രത്തിൽ പറഞ്ഞിരുന്നു.

Advertising
Advertising

റോമിലെ മേരി മേജർ ബസിലിക്കയിലെ പൗളിൻ ചാപ്പലിനും ഫോർസ് ചാപ്പലിനും നടുവിലായിട്ടാകണം തനിക്ക് ശവകുടീരമൊരുക്കേണ്ടതെന്ന് പാപ്പ നേരത്തെ എഴുതിയിരുന്നു. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മാർപാപ്പയുടെ മരണപത്രത്തിൽ പറഞ്ഞിരുന്നു.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News